scorecardresearch
Latest News

തോല്‍ക്കാന്‍ മനസില്ല; വെള്ളപ്പൊക്കത്തില്‍ ഇങ്ങനെയുമൊരു അതിജീവനം

വാഴത്തട കൊണ്ടുള്ള ഒഴുകുന്ന കടയൊരുക്കി അതിജീവനത്തിനൊപ്പം സേവന സന്നദ്ധതയുടെയും മറ്റൊരു പാത സൃഷ്ടിച്ചിരിക്കുകയാണ് ഈ യുവാവ്

തോല്‍ക്കാന്‍ മനസില്ല; വെള്ളപ്പൊക്കത്തില്‍ ഇങ്ങനെയുമൊരു അതിജീവനം
Source: Tora Agarwala

ജീവിതം നിശ്ചലമാക്കിയ കനത്ത വെള്ളപ്പൊക്കത്തില്‍നിന്നു അതിജീവനത്തിനത്തിന്റെ കരയിലേക്കു ‘നീന്തുക’യാണ് അസം ജനത. തോറ്റ് പിന്മാറാതെ ജീവിതം തിരികെപ്പിടിക്കാന്‍ പലരും പല മാര്‍ഗങ്ങളും തേടുമ്പോള്‍ അവരില്‍നിന്ന് അല്‍പ്പം വ്യത്യസ്തനാണ് ഈ യുവാവ്.

വെള്ളപ്പൊക്കത്തിനിയിലും ഒഴുകുന്ന കടയൊരുക്കി അതിജീവനത്തിനൊപ്പം സേവന സന്നദ്ധതയുടെയും മറ്റൊരു പാത സൃഷ്ടിച്ചിരിക്കുകയാണ് ഗുവാഹതി സ്വദേശിയായ ധനേശ്വര്‍ ദാസ്. വാഴത്തട കൊണ്ട് ചങ്ങാടം നിര്‍മിച്ചാണ് ഈ യുവാവ് കട ഒരുക്കിയിരിക്കുന്നത്.

ചങ്ങാടത്തിനു മുകളിലൊരു ചെറിയ മേശയും വലിയ കുടയും സ്ഥാപിച്ചതോടെ ധനേശ്വറിന്റെ കട തയാര്‍. വീടുകളില്‍ ഒറ്റപ്പെട്ടവരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് യുവാവ് ഇങ്ങനെയൊരു ആശയത്തിലേക്ക് എത്തിയത്. ചങ്ങാടം മുളകൊണ്ടുള്ള കോല്‍ കൊണ്ട് തുഴഞ്ഞ് ഗുവാഹതി നഗരത്തിലെ വെള്ളം നിറഞ്ഞ തെരുവുകളില്‍ സഞ്ചരിക്കുകയാണു യുവാവ്.

ബോട്ടില്‍ കുടിവെള്ളം, മെഴുകുതിരി, വെറ്റില മുറുക്കാന്‍ എന്നീ അവശ്യവസ്തുക്കള്‍ മാത്രമാണു രുക്മിണി ഗാവിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെ ഒഴുകുന്ന ധനേശ്വറിന്റെ കടയിലുള്ളത്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഇങ്ങനൊയൊന്ന് ചെയ്‌തേ നിവൃത്തിയുള്ളുവായിരുന്നുവെന്ന് ധനേശ്വര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇത്തരമൊരു സംവിധാനത്തെക്കുറിച്ച്് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എന്താണെന്നുള്ള ചോദ്യത്തിന്, ‘ആവശ്യമാണ് കണ്ടുപിടുത്തത്തിന്റെ മാതാവ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഒരാഴ്ചയായുള്ള കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ഗുവാഹത്തിയുടെ ചില ഭാഗങ്ങളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. രുക്മിണി ഗാവ് അത്തരത്തിലുള്ള ഒരു പ്രദേശമാണ്.

എല്ലാ വര്‍ഷവും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടപോലെ സംഭവിക്കുന്ന ഒന്നാണ് അസമില്‍ വെള്ളപ്പൊക്കം. നാശനഷ്ടവും വളരെക്കൂടുതലാണ്. നിലവില്‍ 33 ജില്ലകളിലായി ഏകദേശം 45 ലക്ഷം ആളുകളെയാ വെള്ളപ്പൊക്കക്കെടുതി ബാധിച്ചിരിക്കുകയാണ്. ബ്രഹ്‌മപുത്രയും പോഷകനദികളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അപകടനിലയ്ക്കു മുകളിലായാണ് ഒഴുകുന്നത്.

Also Read: ഇതാണ് റോൾ മോഡൽ, വിധിയെ പൊരുതി തോൽപ്പിച്ച് മരിയ

അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എഎസ്ഡിഎംഎ) ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഒമ്പത് മരണങ്ങള്‍ കൂടി സ്ഥികരിച്ചു. ഇതോടെ ഈ വര്‍ഷത്തെ മൊത്തം മരണസംഖ്യ 71 ആയി.

ഗുവാഹതിയിലെ മേഖലാതല കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച്, ജൂണ്‍ ഒന്നിനും പതിനഞ്ചിനുമിടയില്‍ അസമില്‍ 47 ശതമാനം അധിക മഴ ലഭിച്ചു. ഈ രണ്ടാഴ്ചക്കുള്ളില്‍ സാധാരണ 193.9 മില്ലി ലിറ്റര്‍ മഴയാണു ലഭിക്കേണ്ടതെങ്കില്‍ പെയ്തതു 284.1 മില്ലിമീറ്ററാണ്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Assam man builds mobile shop on banana plant raft to earn a living in floods