ശ്രീനിവാസന്‍ വടക്കുനോക്കിയത്തില്‍ പറഞ്ഞ ‘ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്റെ’ തമാശ ഇന്നും മലയാളികളുടെ നാവില്‍നിന്നു പോയിട്ടില്ല. എന്നാല്‍ ഹോട്ടലാണെന്നു കരുതി പൊലീസുകാരനെ ഫോണില്‍ വിളിച്ചാല്‍ എന്തായിരിക്കും സ്ഥിതി? അതും ഒരു അസിസ്റ്റന്റ് പൊലീസ് കമ്മിഷണറെ. വിളിച്ചതു കീഴുദ്യോഗസ്ഥനാണെങ്കില്‍ അദ്ദേഹത്തിന്റെ കാര്യം പോക്കായിരിക്കും എന്നാണു പൊതുവെ ചിന്തിക്കുക.
എന്നാല്‍ ഇവിടെ അങ്ങനെയല്ല സംഭവിച്ചതെന്നു മാത്രമല്ല ആ ഫോണ്‍ വിളി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഫോണ്‍ സംഭാഷണം കേട്ടവരൊക്കെ ചിരിച്ചുപോയെന്നു മാത്രമല്ല എ സി പിയെ അഭിനന്ദിക്കുകയുമാണ്.
കോഴിക്കോട് ഫറോക്ക് കോഴിക്കോട് ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എം എം സിദ്ധിഖും കണ്‍ട്രോള്‍ റൂം എ എസ് ഐ ബാല്‍രാജുമാണു കഥയിലെ താരങ്ങള്‍. ഷവായും കുബ്ബൂസൂം ആവശ്യപ്പെട്ട് ഹോട്ടലാണെന്നു കരുതിയാണു എ സി പിയ്ക്ക് എ എസ് ഐയുടെ കോള്‍ എത്തിയത്. ചിരിയോടെ ‘നടക്കില്ല’ എന്ന് എ സി പി മറുപടി നല്‍കിയപ്പോള്‍ അതെന്താ എന്ന ചോദ്യത്തിനു താന്‍ എ സി പിയാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതോടെയാണ് എ എസ് ഐക്ക് അബദ്ധം ബോധ്യമായത്.
ഇരവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഇങ്ങനെ:
എ സി പി: ഏത് സ്‌റ്റേഷനിലാണുള്ളത്?
എ എസ് ഐ: കണ്‍ട്രോള്‍ റൂമിലാണ്
എ സി പി: എന്താണ് വേണ്ടത്?
എ എസ് ഐ: ഹാഫ് ഷവായും മൂന്നും കുബ്ബൂസൂം വേണം, ഒന്ന് പെട്ടെ് റെഡിയാക്കി വയ്‌ക്കോ?
എ സി പി: ഒരു രക്ഷയുമില്ല, ഞാന്‍ ഫറോക്ക് എ സി പിയാ (ചിരിയോടെ)
എ എസ് ഐ: സോറി സര്‍, അയ്യോ. നമസ്‌കാരം സര്‍, സോറി സര്‍, ഞാന്‍ ഹോട്ടലിലേക്കു വിളിച്ചതായിരുന്നു.
എ സി പി: കോമഡിയായി കണ്ടാല്‍ മതി, നോ പ്രോബ്ലം
എ എസ് ഐ: സോറി സര്‍
എ സി പി: കുഴപ്പമില്ല ചങ്ങാതി, അബദ്ധം ആര്‍ക്കും പറ്റില്ലേ?
ഇന്നലെ നടന്ന ഫോണ്‍ സംഭാഷണം പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
”ഇതൊക്കെ ഒരു അബദ്ധമല്ലേ. നാളെ എനിക്കും പറ്റാമല്ലോ? ആ രീതിയിലേ എടുക്കാവൂ. ഞാന്‍ വേറെയെന്തെങ്കിലും പറഞ്ഞിരുന്നെങ്കിലുള്ള മാനസികാവസ്ഥയും ഇങ്ങനെ പറഞ്ഞതുമൂലമുള്ള മാനസികാവസ്ഥയും ഒന്നാലോചിച്ച് നോക്കൂ,” എന്നാണു വൈറലായ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് എ സി പി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പ്രതികരിച്ചത്.
”ചാലിയത്ത് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍നിന്ന് സ്‌പെഷല്‍ ഡ്യൂട്ടിക്കു വന്ന 20 അംഗ സംഘത്തിന്റെ ലീഡറായിരുന്നു അദ്ദേഹം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിക്കോട്ടെയെന്നു ചോദിച്ച് അദ്ദേഹം എന്നെ വിളിച്ചിരുന്നു. മടങ്ങിക്കോളാനും പറഞ്ഞു. അതിനുശേഷമാണ് ഈ വിളി വന്നത്. ഫോണിലെ കോള്‍ ലിസ്റ്റില്‍നിന്ന് അവസാനം ഡയല്‍ ചെയ്ത നമ്പറിലേക്കു ഹോട്ടലാണെന്നു കരുതി വിളിച്ചതാവാനാണു സാധ്യത,” എ സി പി പറഞ്ഞു.
ചലച്ചിത്ര സംവിധായകന്‍ കൂടിയാണു വൈറലായ ഫോണ്‍ സംഭാഷണത്തിലെ നായകനായ അസിസ്റ്റന്റ് കമ്മിഷണര്‍ എം എം സിദ്ധിഖ്. ശ്രീനാഥ് ഭാസി, അനൂപ് മേനോന്‍, ശ്രീജിത്ത് രവി, കോട്ടയം നസീര്‍ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ഫാമലി ത്രില്ലര്‍ ചിത്രമായ ‘എല്‍ എല്‍ ബി’ ചിത്രീകരണം പൂര്‍ത്തിയായി. ഒക്‌ടോബര്‍ അവസാനം തിയറ്റര്‍ റിലീസിനാണു ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരക്കേറിയ സര്‍വിസ് ജീവിതത്തിനിടെ, അഞ്ചുവര്‍ഷമെടുത്താണ് ചിത്രത്തിന്റെ രചന പൂര്‍ത്തിയാക്കിയത്. ഡ്യൂട്ടിക്കുശേഷം രാത്രി മുതല്‍ പുലര്‍ച്ചെ വരെയായിരുന്നു എഴുത്ത്. ചിത്രീകരണത്തിനായി ഒന്നര മാസം അവധിയിലായിരുന്ന സിദ്ധിഖ് അടുത്തിടെയാണു സര്‍വിസില്‍ തിരികെയെത്തിയത്. മമ്മൂട്ടിയെ നായകനായി മറ്റൊരു ചിത്രത്തിന്റെ എഴുത്തിലേക്കു കടക്കുകയാണു അദ്ദേഹം.
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ സിദ്ധിഖ് ഒന്നര വര്‍ഷം മുന്‍പാണു ഫറോക്ക് എ സി പിയായെത്തിയത്. അതിനു മുന്‍പ് പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ സി ഐയായിരുന്നു.
Also Read: ഒലെഗിന്റെ മായാജാലം; ചിത്രത്തില്‍ എത്ര സ്തീകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കണ്ടെത്താമോ?