കുട്ടികളുടെ വ്യക്തിത്വ വികാസത്തിനു മാതാപിതാക്കൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രോത്സാഹനം നൽകുന്ന വാക്കുകൾക്കൊപ്പം ഇടയ്ക്ക് അവർക്കു ആത്മവിശ്വാസവും സന്തോഷവും നൽകുന്ന രീതിയിലുള്ള പ്രവർത്തികളും ഗുണം ചെയ്യും. മാംഗ്ലൂറിലെ തെരുവിൽ നിന്ന് ഡാൻസ് റീൽ റെക്കോർഡ് ചെയ്യുന്ന രണ്ടും ചെറുപ്പക്കാർകിടയിലേക്ക് ഒരു പിതാവ് നടന്നു വന്നു. എന്റെ മകളെയും നിങ്ങൾക്കൊപ്പം നൃത്തം ചെയ്യാൻ കൂട്ടുമോ എന്നാണ് ആ പിതാവ് അവരോട് ചോദിച്ചത്.
മകളെ നൃത്തം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
നർത്തകിയായ സാദനയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മംഗ്ലൂരിലാണ് സാദന പ്രധാനമായും തന്റെ പെർഫോമൻസുകൾ ചെയ്യാറുള്ളത്. കുട്ടിയുടെ അച്ഛൻ സാദനയോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. എന്റെ മകളെയും നൃത്തം ചെയ്യാൻ നിങ്ങൾക്കൊപ്പം കൂട്ടുമോ എന്നാണ് പിതാവ് ചോദിക്കുന്നത്. കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും, തെറ്റുകൾ വന്നാലും പ്രശ്നമില്ലെന്നും അദ്ദേഹം പറയുകയാണ്. “നിനക്ക് അറിയാവുന്നത് ചെയ്താൽ മതി. ബെസ്റ്റ് എന്നത് ഒന്നില്ല. ഒരുമിച്ച് ചെയ്ത് നോക്കൂ” പിതാവിന്റെ വാക്കുകളിങ്ങനെ.
പെൺകുട്ടി നൃത്തം ചെയ്യാനെത്തുമ്പോൾ ഡാൻസേഴ്സ് കുറച്ച് സ്റ്റെപ്പ് കാണിച്ചു കൊടുക്കുന്നുണ്ട്. “അവൾക്ക് നൃത്തം ചെയ്യണമെന്ന് ആഗ്രഹമുണ്ട് പക്ഷെ നാണമാണ്.ഞങ്ങൾ ആർക്കും സമ്മാനമൊന്നും നൽകാൻ പോകുന്നില്ല, ആസ്വദിച്ച് നൃത്തം ചെയ്തോളൂ” എന്ന് പിതാവ് പറയുന്നതു കേൾക്കാം.
മകളുടെ നൃത്തം കണ്ട് ആർത്തുവിളിക്കുകയാണ് പിതാവ്. അതിനു ശേഷം കുട്ടിയുടെ സഹോദരനും നൃത്തം ചെയ്യാനെത്തുന്നുണ്ട്.
“ഒരു കുട്ടിയുടെ ജീവിതത്തിൽ അച്ഛന്റെ സാന്നിധ്യം എന്നത് വളരെ വലുതാണ്. കുട്ടികൾ വളരുമ്പോൾ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ അവർ മറന്നേക്കാം, പക്ഷെ നിങ്ങൾ അവർക്ക് നൽകിയ അനുഭവങ്ങൾ എന്നും ഓർത്തുവയ്ക്കപ്പെടും എന്ന വാക്കുകളാണ് മനസ്സിലേക്ക് വരുന്നത്. ” സാദന വീഡിയോയ്ക്ക് താഴെ കുറിച്ചു.
വളരെ മനോഹരമായ ഈ വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു. അച്ഛൻ എന്നത് ഒരു അനുഗ്രഹമാണ്, ഇന്നു കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ, ഇതു കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞ് പോയി തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.