ആര്യയുടെ ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന റിയാലിറ്റി ഷോ അവസാനിച്ചിരിക്കുകയാണ്. ‘ആര്യയ്ക്ക് പരിണയം’ എന്ന പേരില്‍ മലയാളത്തിലും പരിപാടി മൊഴിമാറ്റി എത്തിയിരുന്നു. ആര്യയ്ക്ക് യോജിച്ച വധുവിനെ കണ്ടെത്താന്‍ വേണ്ടിയാണെന്ന് പ്രേക്ഷകരെ ധരിപ്പിച്ചായിരുന്നു പരിപാടി ആരംഭിച്ചത്. പരിപാടിയുടെ ഫൈനല്‍ ദിവസം മൂന്ന് മത്സരാര്‍ത്ഥികളാണ് ആര്യയ്ക്ക് മുമ്പില്‍ തിരഞ്ഞെടുക്കാന്‍ ഉണ്ടായിരുന്നത്.

16 പേരുമായി തുടങ്ങിയ പരിപാടിയില്‍ അസാനഘട്ടത്തില്‍ എത്തിയത് സൂസന്ന, അഗത, സീതാലക്ഷ്മി എന്നിവരായിരുന്നു. ആര്യയുടെ അടുത്ത സുഹൃത്തും അവതാരകയുമായ സംഗീതയാണ് പരിപാടിക്ക് തുടക്കമിട്ടത്. എന്നാല്‍ പരിപാടിയില്‍ മൂന്ന് പേരേയും ആര്യ സ്വീകരിച്ചില്ല. പല കാരണങ്ങളാണ് ഇതിനായി ആര്യ പറഞ്ഞത്. ഒരാളെ തിരഞ്ഞെടുത്ത് മറ്റ് രണ്ട് പേരെ വിഷമിപ്പിക്കാന്‍ താന്‍ ഒരുക്കമല്ലെന്നാണ് നടന്‍ പറഞ്ഞത്.

‘ഇതില്‍ ഒരാളെ തിരഞ്ഞെടുത്ത് മറ്റ് രണ്ട് പെണ്‍കുട്ടികളെ വിഷമിപ്പിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ അയാള്‍ക്ക് ഇന്ന് സന്തോഷകരമായ ദിനം ആകുമ്പോള്‍ മറ്റ് രണ്ട് പേര്‍ക്കും മോശം ദിനമായി മാറും. ഇത് പോലൊരു വേദിയില്‍ അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ ഞാന്‍ തയ്യാറല്ല. ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റ് രണ്ടു പേരുടെ മാതാപിതാക്കള്‍ക്കും അത് വിഷമമാകും’, ആര്യ പറഞ്ഞു.
‘മൂന്ന് പേരുടേയും വീടുകളും സന്ദര്‍ശിച്ച് അവരുടെ രക്ഷിതാക്കളോടും ഞാന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ മൂന്നു പേരോടുമൊത്ത് ഇനിയും സമയം ചെലവഴിച്ച് കുറച്ചു കൂടി വ്യക്തിപരമായ തലത്തിലേക്ക് നീങ്ങണമെന്നാണ് എനിക്ക് തോന്നുന്നത്. അത്കൊണ്ട് അങ്ങനെ കൂടുതല്‍ സമയം എടുത്ത് ഒരു തീരുമാനം എടുക്കും’, ആര്യ പറഞ്ഞു.

എന്നാല്‍ ആര്യയുടെ ഈ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത് മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും ഒന്നടങ്കം വിഡ്ഢികളാക്കുകയാണ് ചാനലും ആര്യയും ചെയ്തതെന്ന് വിമര്‍ശനം ഉയര്‍ന്നു. കൂടാതെ പരിപാടി ലൈവായി നടക്കുമ്പോള്‍ ഒരു തമിഴ് പ്രേക്ഷക തന്നെ ആര്യയ്ക്കെതിരെ രംഗത്ത് വന്നു. മൂന്ന് പേരില്‍ രണ്ട് പേരെ വിഷമിപ്പിക്കാനാണ് ഈ തീരുമാനമെങ്കില്‍ പുറത്തുപോയ ബാക്കി 13 പേരെ താങ്കള്‍ നേരത്തേ വിഷമിപ്പിച്ചില്ലേ എന്ന് പെണ്‍കുട്ടി ചോദിച്ചു. പ്രേക്ഷകരായ തങ്ങളാണ് ശരിക്കും വഞ്ചിക്കപ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു. നിറഞ്ഞ കൈയടിയാണ് ഇവരുടെ വാക്കുകള്‍ക്ക് കിട്ടിയത്. ഒന്നും മിണ്ടാന്‍ കഴിയാതെ വേദിയില്‍ നില്‍ക്കുകയാണ് ആര്യ ചെയ്തത്. എന്തായാലും ചാനലിനും നടനും സോഷ്യല്‍മീഡിയയില്‍ പൊങ്കാല തുടങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ