വ്യത്യസ്ത ആലാപനത്തിലൂടെ സമൂഹമാധ്യമങ്ങളിൽ താരമായ ഗായികയാണ് ആര്യ ദയാൽ. കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയുള്ള ആര്യയുടെ വ്യത്യസ്തമായ ആലാപനത്തിന് സാക്ഷാൽ ബിഗ് ബി അമിതാഭ് ബച്ചൻവരെ കയ്യടിച്ചിരുന്നു. ഇപ്പോഴിതാ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ ആര്യയുടെ പുതിയ കവർ വെർഷൻ കേട്ട് തലയിൽ കൈ വയ്ക്കുകയാണ് പലരും.
സൂര്യ നായകനായ ‘വാരണം ആയിരം’ സിനിമയിലെ ഹാരിസ് ജയരാജ് ഈണമിട്ട് ക്രിഷ്, ബെന്നി ദയാൽ, ശ്രുതി ഹാസൻ എന്നിവർ ചേർന്ന് പാടിയ ‘അടിയേ കൊല്ലുതേ’ എന്ന ഗാനത്തിനാണ് ആര്യ ദയാൽ കവർ വെർഷൻ ഒരുക്കിയത്. തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഗാനം കയ്യടിയെക്കാൾ വിമർശനമാണ് ഏറ്റുവാങ്ങുന്നത്.
ലൈക്കിനെക്കാൾ ഡിസ്ലൈക്കുകളാണ് പാട്ടിനേറെയും. പാട്ടിനെ ഇങ്ങനെ കൊല്ലല്ലേ എന്നു പറഞ്ഞ് നിരവധി പേരാണ് കമന്റ് ഇട്ടിരിക്കുന്നത്. ചില രസകരമായ കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ആര്യയുടെ പുതിയ പാട്ടിനെക്കുറിച്ചുളള ട്രോളുകളും നിരവധിയാണ്.
വിമർശനങ്ങൾ കൂടിയതോടെ താന്‍ പാടിയത് ഒരു കവര്‍ വെര്ഷന് ആയിരുന്നില്ലെന്നും മറിച്ച് സുഹൃത്ത് സാജന് കമലുമൊത്ത് നടത്തിയ ഒരു ലൈവ് ജാമിംഗ് സെഷന് ആയിരുന്നുവെന്നും ആര്യ വീഡിയോയ്ക്ക് താഴെയായി എഴുതി. ഈ രണ്ട് ആലാപനശൈലികള്‍ തമ്മിലുള്ള വ്യത്യാസം ദയവായി മനസിലാക്കൂ എന്നും ആര്യ കുറിച്ചു. പക്ഷേ ഈ വിശദീകരണമൊന്നും കേൾക്കാൻ ആസ്വാദകർ തയ്യാറല്ല. കമന്റുകളും ഡിസ്ലൈക്കുകളും തുടരുകയാണ്.