രാജ്യമൊട്ടാകെ ഹോളി ആഘോഷത്തിലാണ്. ഹോളി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുമുണ്ട്. ഇതിനിടയിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹോളി ആഘോഷ ചിത്രം വൈറലായി മാറിയത്. 1986ല്‍ ഐഐടി ഖാരാഗ്പൂരില്‍ പഠിച്ച് കൊണ്ടിരിക്കെ നടത്തിയ ഹോളി ആഘോഷത്തിനിടയിലുളള ചിത്രമാണിത്. അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന രാജീവ് സറഫ് ആണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ആഹ്ളാദഭരിതരായ മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം ചിരിച്ചുകൊണ്ട് നടക്കുന്ന കേജ്രിവാളിന്റെ ചിത്രമാണിത്. എന്നാല്‍ കൂട്ടത്തില്‍ ഏതാണ് കേജ്രിവാളെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ല. പലരും കേജ്രിവാള്‍ ഏതാണെന്ന് ഊഹിച്ച് പറഞ്ഞു. എന്നാല്‍ അവസാനം കേജ്രിവാള്‍ തന്നെ താന്‍ ഏതാണെന്ന് പറഞ്ഞ് രംഗത്തെത്തി.

ചിത്രത്തില്‍ തവിട്ട് നിറത്തിലുളള പാന്റും ഹാഫ് കൈ ഷര്‍ട്ടും ഇട്ട് മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് കേജ്രിവാള്‍. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കേജ്രിവാള്‍ തന്നെ ഉത്തരം നല്‍കി. ചിലര്‍ രസകരമായ കമന്റുകളും ഇട്ടു.

1989ലാണ് ഐഐടിയില്‍ നിന്നും കേജ്രിവാള്‍ ബി ടെക് പഠനം പൂര്‍ത്തിയാക്കിയത്. 1993ല്‍ ഇന്ത്യന്‍ റെവന്യു സര്‍വീസിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇന്‍കം ടാക്സില്‍ ജോയിന്റ് കമ്മീഷണറായിട്ടായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook