ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ ജോലിക്കെത്തി മണി മണി ആയി മലയാളം പറയുന്ന ആളുകളെ പലപ്പോഴായി നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ നന്നായി മലയാളം പറയുക മാത്രമല്ല, എഴുതുകയും വായിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ഉത്തർപ്രദേശുകാരി അധ്യാപിക എറണാകുളം ജില്ലയിലെ കോതമംഗലത്തുണ്ട്. ആ യുപിക്കാരി അധ്യാപികയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
കോതമംഗലം നെല്ലിക്കുഴി സർക്കാർ സ്കൂളിൽ അന്യസംസ്ഥാന വിദ്യാർത്ഥികളെയാണ് അർഷി സലിം എന്ന ഇരുപത്തൊന്നുകാരി മലയാളം പഠിപ്പിക്കുന്നത്. വർഷങ്ങളായി കുടുംബത്തോടൊപ്പം കേരളത്തിൽ താമസിക്കുന്ന അർഷി സമഗ്രശിക്ഷ കേരളത്തിന്റെ (എസ്.എസ്.കെ) എഡ്യൂക്കേഷൻ വോളന്റിയറാണ് (ഇ.വി). മലയാളത്തിനു പുറമെ കണക്കും സയൻസുമെല്ലാം അർഷി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.
അന്യസംസ്ഥാന കുട്ടികൾക്ക് ഓൺലൈൻ പഠനം ബുദ്ധിമുട്ടായതോടെയാണ് അർഷിയെ ഇ.വി ആയി നിയമിച്ചത്. ഉത്തർപ്രദേശിൽ നിന്നും നാലാം വയസിൽ കേരളത്തിൽ എത്തി മലയാളം മീഡിയത്തിൽ പഠിച്ച് പത്താം ക്ലാസ്സിൽ മലയാളത്തിന് ഉൾപ്പടെ എ പ്ലസ് നേടിയ അർഷിയെ അധ്യാപികയാണ് എഡ്യൂക്കേഷൻ വോളന്റിയർ അവസരം വന്നപ്പോൾ ക്ഷണിച്ചത്.
താൻ ചെറുപ്പത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ അറിയുന്നത് കൊണ്ടു തന്നെ അവസരത്തെ കുറിച്ചു അറിഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ തയ്യാറാവുകയായിരുന്നു എന്ന് അർഷി വീഡിയോയിൽ പറയുന്നുണ്ട്.
12 വർഷം മുൻപ് കോതമംഗലത്ത് ഫർണിച്ചർ കടയിൽ ജോലി ചെയ്യുന്ന വാപ്പയോടൊപ്പം കേരളം കാണാനെത്തിയതാണ് അർഷിയും കുടുംബവും. പിന്നീട് ഇവിടെ താമസം തുടർന്നതോടെ അർഷിയെയും സഹോദരങ്ങളെയും സർക്കാർ സ്കൂളിൽ ചേർത്തു. പിന്നീട് പതിയെ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് അർഷി മലയാളം പഠിച്ചത്.
Also Read: ‘ടിപ്പു ഒഴിച്ച് എല്ലാവരും ആ സിംഹാസനത്തിൽ ഇരുന്നിട്ടുണ്ടെന്ന കേട്ടത്’; മോൺസനെ ട്രോളി സോഷ്യൽ മീഡിയ
നിരവധി പേരാണ് അർഷിയെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിക്കുന്നത്. “ഹിന്ദിക്കാരി ആണെന്ന് തോന്നുന്നില്ല.. തനി മലയാളി തന്നെ” എന്നാണ് പലരുടെയും കമന്റ്.