/indian-express-malayalam/media/media_files/uploads/2019/01/arnab-cats-001.jpg)
ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിയുടെ പിന്തുണയോടെ യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് ലോക മാധ്യമങ്ങളിലും വലിയ വാർത്തയായിരുന്നു. റോയിട്ടറും ബി.ബി.സിയും ചരിത്ര പ്രാധാന്യത്തോടെയാണ് യുവതികളുടെ ശബരിമല പ്രവേശനത്തെ വിശേഷിപ്പിച്ചത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിലക്ക് സ്ത്രീകൾ മറികടന്നുവെന്നാണ് പ്രമുഖ വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ടു ചെയ്തത്. പല തവണ യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ നടത്തിയ ശ്രമങ്ങൾ യാഥാസ്ഥിതിക വിഭാഗങ്ങൾ തടയുകയായിരുന്നുവെന്നും റോയിട്ടർ റിപ്പോർട്ടിൽ പറയുന്നു.
ഉത്തരേന്ത്യൻ മാധ്യമങ്ങളും വലിയ പ്രാധന്യത്തോടെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ‘ശബരിമല വിജയം’ (Sabarimala Victory) എന്ന തലക്കെട്ടാണ് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി നൽകിയിരുന്നത്. ഇതിന് പിന്നാലെ ബിജെപി അടക്കമുളള സംഘനടകള്‍ നടത്തിയ ഹര്‍ത്താലില്‍ നടന്ന അക്രമസംഭവങ്ങളേയും റിപബ്ലിക് ടി.വി വിമര്‍ശിച്ചിരുന്നു. റിപബ്ലിക് ടിവി നിലവില്‍ വന്നത് മുതല്‍ ബിജെപിയുടെ കുഴലൂത്തുകാരാണെന്ന ആക്ഷേപം നേരിടുന്നവരാണ്. ബിജെപിയുടെ രാജ്യസഭാ എം.പിയായ രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്ന് കൊണ്ടാണ് ചാനല്‍ അവതരിപ്പിച്ചതെന്നതും മറ്റൊരു വസ്തുത. ചാനലിന്റെ ലോഞ്ച് മുതല്‍ എല്ലാ സംഭവങ്ങളിലും ബിജെപിയെ പിന്തുണച്ച് രംഗത്തെത്തുന്ന അര്‍ണബ് ഗോസ്വാമി എന്നാല്‍ വീണ്ടും ബിജെപിക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തി.
ഞായറാഴ്ച്ച രാത്രിയിലെ ചര്‍ച്ചയിലാണ് ഏവരേയും അത്ഭുതപ്പെടുത്തിയ അര്‍ണബിന്റെ നിലപാട് മാറ്റം. 'നുണയുടെ രാഷ്ട്രീയമാണ് ബിജെപി പ്രോത്സാഹിപ്പിക്കുന്നത്' എന്നായിരുന്നു അര്‍ണബിന്റെ ആരോപണം. ബിജെപിയുടെ ദേശീയ വക്താവായ സുദാന്‍ഷു ത്രിവേദിക്ക് എതിരെ ആയിരുന്നു അര്‍ണബിന്റെ ആക്രമണം. 'കളളപ്രമാണം ഉണ്ടാക്കലാണ് ഏറ്റവും വലിയ കളളം. ഇതിലും വലിയ കളളം നമുക്ക് ആലോചിക്കാന്‍ കഴിയില്ല. നിങ്ങളുടെ നേതാവ് വസുന്ധര രാജെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റു. ലളിത് ഗേറ്റ് അഴിമതിയില്‍ അവരുടെ ഒപ്പിനെ കുറിച്ച് പറഞ്ഞ് നിങ്ങള്‍ കബളിപ്പിച്ചു,' അര്‍ണബ് പറഞ്ഞു. 2015ല്‍ ലളിത് മോദിയെ സുഷമ സ്വരാജ് വഴിവിട്ട് സഹായിച്ചു എന്ന് ആരോപിച്ച് ടൈംസ് നൗ ലളിത് ഗേറ്റ് എന്ന പേരില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
രാജസ്ഥാന്‍ മുഖ്യമന്ത്രി ആയിരുന്ന വസുന്ധര രാജെ സിന്ധ്യയും ലളിത് മോദി വിവാദത്തില്‍ പ്രതിരോധത്തിലായിരുന്നു. ഈ വിവാദം കൂടാതെ ബിജെപിയുടെ മറ്റ് കളളങ്ങളും ത്രിവേദിയെ സാക്ഷിയാക്കി അര്‍ണബ് ഉറക്കെ വായിച്ച് കേള്‍പ്പിച്ചു. ത്രിവേദിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കൊണ്ടായിരുന്നു അര്‍ണബിന്റെ ഈ നീക്കം. ഉത്തര്‍പ്രദേശിലെ അരക്ഷിതാവസ്ഥയെ കുറിച്ചും ബിജെപി ദേശീയ വക്താവിന്റെ മുമ്പില്‍ വെച്ച് അര്‍ണബ് ചോദ്യം ചെയ്തു.
#JhootPolitics | In Bulandshahr violence, our government had promised the attacker will be caught, and so it happened: Dr Sudhanshu Trivedi, National spokesperson, BJP pic.twitter.com/bRUQ5sNONi
— Republic (@republic) January 6, 2019
'ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയെ കുറിച്ച് നിങ്ങള്‍ ദിനംപ്രതി കളളം പറയുകയാണ്. കസ്റ്റഡി മരണങ്ങളുടെ കാര്യത്തില്‍ യു.പിയാണ് മുമ്പില്‍. ജയിലില്‍ പോകുന്ന ആളുകള്‍ അവിടെ വെച്ച് തന്നെ കൊല്ലപ്പെടുന്നു. ഇതാണ് അവിടത്തെ ഇപ്പോഴത്തെ അവസ്ഥ,' ഗോസ്വാമി പറഞ്ഞു.
ബിജെപിയെ 'മാസ്റ്റര്‍ ലെയര്‍' (നുണകളുടെ തലവന്‍) എന്ന് വിളിച്ച അര്‍ണബ് രാമക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ചും ചോദ്യം ഉന്നയിച്ചു. '1996ലെ പ്രകടനപത്രികയില്‍ നിങ്ങള്‍ പറഞ്ഞത് രാമക്ഷേത്രം ഭാരതമാതയ്ക്കുളള വലിയ ആദരവ് ആയിരിക്കുമെന്നാണ്. അന്ന് ലോക്സഭയില്‍ 160 സീറ്റുകളില്‍ നിങ്ങള്‍ വിജയിച്ചു. എന്നാല്‍ നിങ്ങള്‍ അന്നൊന്നും ചെയ്തില്ല. 22 വര്‍ഷത്തിന് ഇപ്പുറവും ഈ നുണയും പിടിച്ചാണ് നിങ്ങള്‍ മുന്നോട്ട് പോവുന്നത്,' അര്‍ണബ് പറഞ്ഞു.
ഇവിടം കൊണ്ടൊന്നും വിമര്‍ശനം നിര്‍ത്താത്ത അര്‍ണബ് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപി വ്യാജ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയാണെന്നും ആരോപിച്ചു. 'പശ്ചിമ ബംഗാളില്‍ ഒരു സ്ത്രീയെ വിവസ്ത്രയാക്കുന്നെന്ന വ്യാജ പ്രചാരണം ബിജെപി നടത്തി. അവിടെ ഹിന്ദുക്കളുടെ അവസ്ഥ പരിതാപകരമാണെന്ന് പറഞ്ഞ് ഹരിയാന ബിജെപി നേതാവ് വിജേത മാലിക് ആ ചിത്രം പ്രചരിപ്പിച്ചു. ആ ചിത്രം ഒരു ബോജ്പുരി സിനിമയില്‍ നിന്നും എടുത്തതാണെന്ന് പിന്നീടാണ് തെളിഞ്ഞത്. നിങ്ങള്‍ പ്രചരിപ്പിക്കുന്ന കളളങ്ങളെ കുറിച്ച് ബോധവാന്മാരാകണം. നിങ്ങളുടെ നുണകള്‍ കാരണം വര്‍ഗീയ ലഹളകള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കുമോ? നുണകള്‍ പ്രചരിപ്പിക്കുന്നത് നിങ്ങള്‍ ആഘോഷിക്കുകയാണ്,' അര്‍ണബ് പറഞ്ഞു. നുണകള്‍ പ്രചരിപ്പിക്കാന്‍ ബിജെപിയുടെ ഐടി സെല്‍ നേതൃത്വം നല്‍കുകയാണെന്നും അര്‌ണബ് ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തനെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നെന്ന് പറഞ്ഞ് കുമ്മനം രാജശേഖരന്‍ പ്രചരിപ്പിച്ച കളളവും അര്‍ണബ് ചൂണ്ടിക്കാട്ടി.
'നുണകളുടെ രാഷ്ട്രീയത്തെ' കുറിച്ച് അര്‍ണാബിന്റെ വിമര്‍ശനമുലള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിഞ്ഞത് മനസ്സിലാക്കിയ അര്‍ണാബ് മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്ന് ചാടാന്‍ ശ്രമിക്കുകയാണെന്ന് പലരും അഭിപ്രായപ്പെട്ടു.
'അര്‍ണബ് കപ്പലില്‍ നിന്നും ചാടുകയാണ്. ഇതിന്റെ അവസാനം അടുത്തിരിക്കുന്നു,' സാമൂഹ്യ പ്രവര്‍ത്തക ഷെഹല റാഷിദ് ട്വീറ്റ് ചെയ്തു. അര്‍ണബിന്റെ നടപടിയില്‍ അത്ഭുതം രേഖപ്പെടുത്തി പലരും സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ കുഴലൂത്തുകാരെന്ന് പേര് കേട്ട 'സീ' ചാനല്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ചാനലിന് കോണ്‍ഗ്രസ് പാര്‍ട്ടി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണം എന്നാവശ്യപ്പെട്ടായിരുന്നു 'സീ' ചാനല്‍ കത്ത് അയച്ചത്. രണ്ട് ചാനലുകളുടേയും നിലപാട് മാറ്റ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ തിരിച്ചടിക്ക് ശേഷമാണെന്നത് ശ്രദ്ധേയമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.