ചുരുങ്ങിയ കാലം കൊണ്ട് തന്നെ യൂട്യൂബിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിച്ച് താരമായി മാറിയ ആളാണ് അർജുൻ. ടിക്ടോക്കേഴ്സിനെ റോസ്റ്റ് ചെയ്തുകൊണ്ടുള്ള വീഡിയോയിലൂടെ നാല് ദിവസംകൊണ്ട് ഒരു മില്യൺ സബ്സ്ക്രൈബേഴ്സ് എന്ന വലിയ നേട്ടം സ്വന്തമാക്കിയ അർജുൻ ഇപ്പോൾ രണ്ട് മില്യൺ സബ്സ്ക്രൈബേഴ് എന്ന നാഴിക കല്ലും പിന്നിട്ടിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് നടത്തിയ ചോദ്യോത്തര സെക്ഷനിലാണ് അർജുൻ വെളിപ്പെടുത്തൽ നടത്തിയത്.
നിങ്ങളുടെ സബ്സ്ക്രൈബേഴ്സിനോട് എന്താണ് ഏറ്റുപറയാനുള്ളതെന്നായിരുന്നു അർജുനോട് ചോദിച്ച ചോദ്യങ്ങളിലൊന്ന്. ഇതിന് മറുപടിയായാണ് അർജുൻ ചാനൽ അടിച്ച് പോയേക്കാമെന്ന് പറയുന്നത്.
Also Read: വിട്ടുകളയാൻ പറ്റില്ലെന്ന് അമ്പിളി, വിട്ടുകളയണമെന്ന് അർജുൻ; ടിക്ടോക്കറും റോസ്റ്ററും ഒന്നിച്ചപ്പോൾ
“ഇതൊരു സീരിയസ് കാര്യമാണ്. എന്റെ ചാനൽ ഏത് സമയം വേണമെങ്കിലും അടിച്ച് പോകും. എനിക്ക് ഇപ്പോൾ തുറക്കുമ്പോൾ തന്നെ ചാനൽ റിവ്യൂ ചെയ്യാനാണ് ഓപ്ഷൻ വരുന്നത്. എന്താണ് അങ്ങനെയെന്ന് അറിയില്ല,” അർജുൻ പറഞ്ഞു. ഇനി തന്റെ ചാനൽ അപ്രതീക്ഷിതമായി കണ്ടില്ലെങ്കിൽ ഫോളോ ചെയ്യാൻ പുതിയ ചാനലും അർജുൻ പരിചയപ്പെടുത്തുന്നുണ്ട്. അതിന്റെ ലിങ്കും വീഡിയോയ്ക്കൊപ്പം അർജുൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോയിലുടനീളം രസകരമായി യൂട്യൂബിനെയും ട്രോളുന്നുണ്ട് അർജുൻ എന്ന റോസ്റ്റർ. പതിനായിരം സബ്സ്ക്രൈബേഴ്സ് ആകുമ്പോൾ കിട്ടേണ്ട കമ്മ്യൂണിറ്റി ടാബ് ഇതുവരെയും തനിക്ക് ലഭിച്ചില്ലെന്ന് പറഞ്ഞ അർജുൻ അതിന് കാരണം അവർക്ക് തന്നെ ഇഷ്ടമല്ലാത്തതുകൊണ്ടായിരിക്കുമെന്നും പറഞ്ഞു.
എന്തുകൊണ്ട് അർജുന്റെ വീഡിയോ യൂട്യുബിലെ ട്രെൻഡിങ് ലിസ്റ്റിൽ വരുന്നില്ലായെന്ന ചോദ്യത്തിനും യൂട്യൂബ് എന്നെ വെറുക്കുന്നുവെന്ന ഒറ്റ മറുപടിയായിരുന്നു അർജുൻ നൽകിയത്. ഒന്ന് ചിരിച്ച ശേഷം യൂട്യൂബിന്റെ അൽഗോരിതം ആർക്കും പെട്ടെന്ന് ക്രാക്ക് ചെയ്യാൻ പറ്റില്ലെന്നും എന്താണ് കാര്യമെന്ന് തനിക്കും അറിയില്ലെന്നും അർജുൻ പറയുന്നു.