ലാസ്‌വെഗാസ്: കഴിഞ്ഞ ഞായറാഴ്ച ലാസ്‌വെഗാസില്‍ 58 പേരുടെ മരണത്തിന് ഇടയായ വെടിവയ്പ് നടക്കുമ്പോള്‍ പെട്ടെന്നായിരുന്നു ഒരാള്‍ അവിടെ കിടന്ന ആരുടേതെന്നറിയാത്ത ഒരു ട്രെക്കും ഓടിച്ചെത്തിയത്. അതു പക്ഷേ മോഷണമായിരുന്നില്ല. അപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കാനാണ് അയാള്‍ മോഷ്ടാവായത്. ടെയ്‌ലര്‍ വിന്‍സ്റ്റണ്‍ എന്ന മുന്‍ പട്ടാളക്കാരന്റെ സാഹസിക കഥയാണിത്.

സുഹൃത്തുക്കള്‍ക്കൊപ്പം സംഗീത പരിപാടിക്കെത്തിയതായിരുന്നു വിന്‍സ്റ്റണ്‍. പെട്ടെന്നായിരുന്നു വെടിവയ്പ്. ആദ്യം കരുതിയത് വെടിക്കെട്ടോ മറ്റോ ആയിരിക്കുമെന്നാണ്. എന്നാല്‍ പെട്ടെന്നായിരുന്നു മനുഷ്യ ശരീരങ്ങള്‍ നിലത്തേക്കു വീഴുന്നതു കണ്ടത്. പിന്നീടൊന്നും നോക്കിയില്ല, ഓടി രക്ഷപ്പെടാന്‍ തീരുമാനിച്ചു. എന്നാല്‍ മനഃസാക്ഷി അനുവദിച്ചില്ല. തൊട്ടടുത്തു കിടക്കുന്ന ആളൊഴിഞ്ഞ ട്രക്കെടുത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. 24ഓളം ആളുകളെ രണ്ടു തവണയായി ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞെന്നു വിന്‍സ്റ്റണ്‍ പറയുന്നു.

ഒടുവില്‍ ടെയ്‌ലര്‍ വിന്‍സ്റ്റണിന്റെ നന്മയെ അംഗീകരിക്കാന്‍ മറ്റൊരാളെത്തി, വളരെ വിശേഷപ്പെട്ടൊരു സമ്മാനവുമായി. അതും അരിസോണയില്‍ നിന്ന്. ബി5 മോട്ടോഴ്‌സ് ഡീലറായ ഷെയ്ന്‍ ബിയസ് വിന്‍സ്റ്റണ്‍ന്റെ നന്മയുടെ കഥ കേട്ട് വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹത്തെ കണ്ടെത്തിയത്. നിരവധി പേര്‍ അപകടസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടപ്പോള്‍ തന്റെ ജീവനെക്കാള്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കണം എന്ന ബോധത്തോടെ പ്രവര്‍ത്തിച്ച വിന്‍സ്റ്റണ്‍ തന്റെ ഹൃദയം കവര്‍ന്നുവെന്നാണ് ബിയസ് പറയുന്നത്. അതിനാല്‍ വിന്‍സ്റ്റണ് പുതിയൊരു ട്രക്കാണ് ഇദ്ദേഹം സമ്മാനമായി നല്‍കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ