ചിന്നകനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ നാടുകടത്തിയ വാർത്തയ്ക്ക് ചിലർ അനുകൂലമായി പ്രതികരിച്ചപ്പോൾ മറ്റു ചിലർ അതിനെ എതിർത്തു. അവൻ ജനിച്ചു വളർന്ന് മണ്ണിൽ ജീവിക്കാനുള്ള അവകാശം അരിക്കെമ്പനുണ്ടെന്നായിരുന്നു അവരുടെ അഭിപ്രായം. കാടു വിറപ്പിച്ച കൊമ്പനെ നാടു കടത്താനും ഉദ്യോഗസ്ഥർ നല്ലവണ്ണം പാടുപ്പെട്ടു. മയക്കു വെടിവച്ചിട്ടും അവൻ കുലുങ്ങിയില്ല, ഒടുവിൽ തന്ത്രങ്ങൾ മെനഞ്ഞ് കുങ്കിയാനകളുടെ സഹായത്തോടെ അവനെ ലോറിയിൽ കയറ്റിയപ്പോഴും അരിക്കൊപ്പൻ എതിർത്തു കൊണ്ടേയിരുന്നു. പെരിയാർ റിസർവിലേക്കുള്ള യാത്രയ്ക്കിടയിലും അവൻ തന്റെ അതൃപ്തി അറിയിച്ചു കൊണ്ടേയിരുന്നു.
അരിക്കൊമ്പന്റെ ജീവിതവും അവൻ കാടു വീട്ടു പോകുന്ന കാഴ്ച്ചകളെല്ലാം ആ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. നല്ല ബിജിഎം നൽകി അരിക്കൊമ്പനെ ചിലർ ഹീറോയായി വാഴ്ത്തി. അവൻ തന്റെ കാട്ടിലേക്ക് തിരിച്ചു വരുമെന്നും അവർ പറഞ്ഞു. അങ്ങനെ അരിക്കൊമ്പൻ സോഷ്യൽ മീഡിയയിലെ താരമായി മാറി. അവനു വേണ്ടി തകർപ്പൻ റീൽ വീഡിയോയകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഇതാ ഇപ്പോൾ അരിക്കൊമ്പനോടുള്ള ഇഷ്ടം കൂടി കയ്യിൽ ടാറ്റൂ പോലും കുത്തിയിരിക്കുകയാണ് ഒരു യുവാവ്.
തലത്തെറിച്ചവൻ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. “അരിക്കൊമ്പനെ ഇതാ വീണ്ടും തിരിച്ചു കൊണ്ടു വന്നിരിക്കുകയാണ്. കൈ നല്ല വേദയുണ്ട് ഗയ്സ്” എന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്. അരിക്കൊമ്പന്റെ ചിത്രം ഇടതു കയ്യിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് യുവാവ്.
പെരിയാർ റിസർവിന്റെ ഉൾക്കാട്ടിൽ ഇറക്കിവിട്ട അരിക്കൊമ്പൻ തമിഴ്നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ചിന്നക്കനാലിലേക്ക് തന്നെ അരിക്കൊമ്പൻ തിരിച്ചെത്തുമോ എന്നാണിപ്പോൾ ഉദ്യോഗസ്ഥരുടെ സംശയം.
അരിക്കൊമ്പനു ഹീറോ പരിവേഷം ലഭിക്കുമ്പോൾ തന്നെ കൊമ്പന്റെ കഥ സിനിമയാവുകയാണ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്.