പിന്നണി ഗായകനായ അർജിത്ത് സിംഗ് ഒരുപാട് ആരാധകരുണ്ട്. ഗാനങ്ങളിലൂടെ മാത്രമല്ല വിനയവും മൃദുവുമായ അദ്ദേഹത്തിന്റെ സമീപനത്തിലൂടെയും കൂടിയാണ് അർജിത്ത് ആരാധകരെ സ്വന്തമാക്കിയത്. വെസ്റ്റ് ബംഗാളിലെ മുഷിദാബാദിലാണ് അർജിത്ത് താമസമാക്കിയിട്ടുള്ളത്.
സ്ക്കൂട്ടറിൽ പച്ചകറി വാങ്ങാനെത്തിയ അർജിത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ അയൽവാസികളോട് കുശലം പറഞ്ഞും അവരെ നോക്കി പുഞ്ചിരിച്ചും പച്ചകറി കടയിലേക്ക് സഞ്ചിയുമായി നടന്നു പോകുകയാണ് അർജിത്ത്. താൻ സുഖമായിരിക്കുന്നെന്നും ഭാര്യ ബ്ലഡ് ബാങ്കിൽ പോയിരിക്കുകയാണെന്നുമാണ് അർജിത്ത് വീഡിയോയിൽ പറയുന്നത്. ബംഗാളിയിലാണ് സംസാരം. ശേഷം സ്ക്കൂട്ടറെടുത്ത് തിരിച്ചു പോകുകയാണ് താരം.
എന്തൊരു വിനയമാണ് എന്ന് ഒരു ആരാധകൻ കുറിച്ചു. സാധാരണക്കാരനായ മനുഷ്യൻ, ഏറ്റവും കൂടുതൽ വരുമാനുള്ള ഗായകനാണ് അർജിത്ത് എന്നിവയാണ് നെറ്റിസൺസ് വീഡിയോയ്ക്ക് താഴെ കുറിച്ച കമന്റുകൾ.
പഞ്ചാബ് സ്വദേശിയായ കക്കാർ സിങ്ങും ബംഗാളിയായ അതിഥി സിങ്ങുമാണ് അർജിത്തിന്റെ മാതാപിതാക്കൾ. അനവധി റിയാലിറ്റി ഷോകളിൽ അർജിത്ത് പങ്കെടുത്തിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ ആഷിഖി 2 ലെ ഗാനങ്ങളിലൂടെയാണ് അർജിത്ത് ശ്രദ്ധ നേടുന്നത്.