മെസി.. മെസി.., സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത് മലയാളി ആരാധകന്റെ ഈ നീട്ടി വിളിയാണ്. ഇഷ്ട താരത്തെ തൊട്ടടുത്ത് കണ്ടപ്പോൾ പുറത്തു വന്ന ആവേശം കേരളക്കര ഏറ്റെടുത്തിരിക്കുകയാണ്.
പാരിസിലെ ഹോട്ടലിൽ മെസിയെ തൊട്ടടുത്ത ഹോട്ടൽ റൂമിന്റെ ബാൽക്കണിയിൽ കണ്ടപ്പോൾ തൃശൂർ സ്വദേശിയായ അനസും സുഹൃത്ത് മലപ്പുറം സ്വദേശി സമീറും ചേർന്ന് മെസി എന്ന് വിളിക്കുന്നതും മെസി കൈകൾ പൊക്കി അഭിവാദ്യം ചെയ്യുന്നതുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ബാഴ്‌സലോണ ക്ലബ് വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയ മെസി കഴിഞ്ഞ ദിവസമാണ് പാരിസിൽ എത്തിയത്. മെസിയുടെ വരവറിഞ്ഞ് ഹോട്ടലിന് താഴെ തടിച്ചു കൂടിയ ആരാധകരെ അഭിവാദ്യം ചെയ്യാൻ ബാൽക്കണിയിൽ ഇറങ്ങിയപ്പോഴാണ് ഇഷ്ട താരത്തെ കാണാനുള്ള സുവർണാവസരം മലയാളികൾക്ക് ലഭിച്ചത്.
മെസി… മെസി എന്ന അനസിന്റെ വിളി മകൻ കേട്ട് മെസിയോട് പറയുന്നതും മെസി കൈകൾ അവർക്ക് നേരെ ഉയർത്തുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. പിന്നീട് അതിന്റെ ആവേശത്തിൽ അനസ് “മക്കളെ കണ്ടോ.. ഫുടബോളിന്റെ” രാജാവ് എന്നും വീഡിയോയിൽ പറയുന്നത് കേൾക്കാം.
വീഡിയോ വൈറലായതിനു പിന്നാലെ മെസിയെ കണ്ട സന്ദർഭം വിവരിച്ച് അനസ് മറ്റൊരു വീഡിയോ കൂടി ചെയ്തിരുന്നു. മെസി വരുന്നുണ്ട് എന്നറിഞ്ഞ് ഹോട്ടലിന് താഴെ കുറേനേരം കാത്തു നിന്നിട്ടും കാണാൻ കഴിയാത്ത വിഷമത്തിൽ തിരിച്ചു റൂമിൽ വന്ന ശേഷമാണു തൊട്ടടുത്തെ ബാൽക്കണിയിൽ താരത്തെ കാണാൻ അവസരം ലഭിച്ചതെന്ന് അനസ് പറഞ്ഞു. അനസും സമീറും ഇറാനിൽ നിന്നുള്ള സുഹൃത്തും പാരിസിൽ അവധി ആഘോഷത്തിനായി എത്തിയതാണ്.
Also read: ഒറ്റപ്പെട്ട സംഭവമല്ല; ഇ ബുൾ ജെറ്റിൽ നിറഞ്ഞ് സോഷ്യൽ മീഡിയ ചർച്ചകൾ