ദാസനും വിജയനും ഇന്നും ആനിമേഷൻ പ്രേമികളുടെ ഇഷ്ട കഥാപാത്രങ്ങളാണ്. ഇരുവരുടെയും പുതിയൊരു ആനിമേഷൻ വീഡിയോയാണ് യൂട്യൂബിൽ ട്രൈൻഡാവുന്നത്. വിജയ്യുടെ പുറത്തിറങ്ങാനിരിക്കുന്ന ‘ബീസ്റ്റ്’ സിനിമയിലെ ‘അറബിക് കുത്ത്’ പാട്ടിന് ദാസനും വിജയനും ചേർന്ന് ഡാൻസ് കളിക്കുന്ന വീഡിയോയാണിത്.
ദാസന്റെയും വിജയന്റെയും അറബിക് കുത്ത് ഡാൻസ് കാണാൻ സൂപ്പറാണ്. വളരെ മനോഹരമായിട്ടാണ് നിദീപ് വർഗീസ് ആനിമേഷൻ ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽനിന്നുള്ള നമ്മുടെ സിഐഡികളെക്കാൾ മറ്റാർക്കാണ് ഇതിലും നന്നായിട്ട് അറബിക് കുത്ത് ഡാൻസ് ചെയ്യാനാവുകയെന്നാണ് നിദീപ് വീഡിയോയുടെ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. വീഡിയോ വളരെ നന്നായിട്ടുണ്ടെന്നും പറയാൻ വാക്കുകളില്ലെന്നുമാണ് പലരുടെയും കമന്റ്.
വാലന്റൈൻസ് ഡേയിലാണ് ബീസ്റ്റിന്റെ അണിയറപ്രവർത്തകർ സിനിമയിലെ ആദ്യ ഗാനമായ അറബിക് കുത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തത്. അനിരുദ്ധ് രവിചന്ദർ ആണ് ബീസ്റ്റിന്റെ സംഗീത സംവിധായകൻ. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയ്യും പൂജ ഹെഗ്ഡെയുമാണ് പ്രധാന വേഷം ചെയ്യുന്നത്.
Read More: നിസാരം! പറക്കുന്ന ഹെലിക്കോപ്റ്ററില്‍ തൂങ്ങി പുള്‍ അപ്; ലോക റെക്കോര്‍ഡ്