സമൂഹമാധ്യമങ്ങളിൽ അനുപം ഖേർ വളരെ സജീവമാണ്. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. കഠ്മണ്ഡു യാത്രയിൽ തനിക്കരികെ ഭിക്ഷയാചിച്ച് എത്തിയ പെൺകുട്ടിയുടെ വീഡിയോയാണ് അനുപം ഖേർ പങ്കുവെച്ചിരിക്കുന്നത്.
കഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിനു മുന്നിൽ വെച്ചാണ് പെൺകുട്ടി അനുപം ഖേറിനു മുന്നിലെത്തിയത്. ഇംഗ്ലീഷിലാണ് പെൺകുട്ടി താരത്തോട് ഭിക്ഷ യാചിച്ചത്. പണം ആവശ്യപ്പെട്ട പെൺകുട്ടി കൂടെ ഒരു സെൽഫി എടുക്കാനും താരത്തോട് ആവശ്യപ്പെട്ടു. ഒഴുക്കുള്ള ഇംഗ്ലീഷിൽ സംസാരിക്കുന്ന പെൺകുട്ടിയുടെ ആവശ്യം കേട്ടതോടെ അനുപം ഖേർ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു.
താൻ സ്കൂളിൽ പോകുന്നില്ലെന്നും ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും പറയുമ്പോൾ ഇംഗ്ലീഷ് എങ്ങനെയാണ് പഠിച്ചതെന്ന് താരം ചോദിക്കുന്നുണ്ട്. ഭിക്ഷയാചിക്കാനായി കുറച്ചു കുറച്ചു പഠിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. എന്തിനാണ് ഭിക്ഷയെടുക്കുന്നത് എന്ന് അനുപം ഖേർ ചോദിച്ചപ്പോൾ പാവപ്പെട്ട കുടുംബത്തിൽ നിന്നുമാണ് പഠിക്കാൻ പോകാൻ നിർവാഹമില്ലെന്നുമായിരുന്നു മറുപടി.
എങ്കിൽ ജോലിക്ക് ശ്രമിച്ചൂടെ എന്ന് താരം ചോദിച്ചപ്പോൾ ആരും ജോലി തരുന്നില്ലെന്നും ഇന്ത്യയിൽ ഇതേ അവസ്ഥ ആയതുകൊണ്ടാണ് ഇവിടെ എത്തിയതെന്നും ഇവിടെ ആളുകൾ അല്പം കൂടി സഹായിക്കുമെന്നും രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടി പറഞ്ഞു.
അതുകഴിഞ്ഞ്, സ്കൂളിൽ പോയാൽ എന്റെ ജീവിതം രക്ഷപ്പെടും എന്നെ സ്കൂളിൽ അയക്കമോ എന്നുമായിരുന്നു കുട്ടിയുടെ ചോദ്യം. തുടർന്ന് സ്കൂളിൽ അയക്കാമെന്ന് അനുപം ഖേർ ഉറപ്പ് നൽകുകയും കുട്ടിയുടെ മൊബൈൽ നമ്പർ വാങ്ങുന്നതും വീഡിയോയിൽ കാണാം.
അനുപം ഖേർ ഫൗണ്ടേഷനാണ് കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കുക. നിരവധിപേരാണ് താരത്തെ അഭിനന്ദിച്ചു രംഗത്ത് എത്തുന്നത്. ഇതിനോടകം തന്നെ ഏഴ് ലക്ഷത്തിലധികം ആളുകളാണ് ഇൻസ്റ്റഗ്രമിൽ മാത്രം വീഡിയോ കണ്ടിരിക്കുന്നത്.
Also Read: അന്നേ ക്യാമറ ഒരു വീക്ക്നെസ്സാണ്; ഈ സോഷ്യൽ മീഡിയ താരത്തെ മനസ്സിലായോ?