ശബരിമല വിവാദവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്ന് നടന്‍ അനൂപ് മേനോന്‍. തനിക്ക് രാഷ്ട്രീയത്തിലോ മതത്തിലോ താത്പര്യമില്ലെന്നും ആ ശബ്ദത്തിന്റെ യഥാര്‍ത്ഥ ഉടമ രംഗത്ത് വന്ന് ഇക്കാര്യത്തില്‍ വാസ്തവം വെളിപ്പെടുത്തണമെന്നും നടന്‍ പറയുന്നു. ഭാഷാരീതിയനുസരിച്ച് അത് കണ്ണൂർ/കോഴിക്കോട് ഭാഗത്ത് നിന്നുള്ള ആരോ ആവാനാണ് സാദ്ധ്യതയെന്നും അനൂപ് വ്യക്തമാക്കുന്നു. ആ പ്രാസംഗികൻ വെളിച്ചത്ത് വന്ന് സ്വന്തം ശബ്ദം ഏറ്റെടുക്കണമെന്നും അനൂപ് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഹിന്ദു ഐക്യവേദി നേതാവും കോഴിക്കോട് കല്ലാച്ചി സ്വദേശിയുമായ രാജേഷ് പെരുമുണ്ടശേരിയുടെ ശബ്ദമാണ് ഇതെന്നാണ് വിവരം.

അനൂപ് മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പ്രിയപ്പെട്ടവരേ,

“അനൂപ് മേനോന്റെ കിടിലം മറുപടി” എന്ന പേരിലൊരു ഓഡിയോ ക്ലിപ്പ് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്. ജാതി-മതസംബന്ധിയായും, വിശിഷ്യാ ശബരിമലവിവാദത്തെ അടിസ്ഥാനപ്പെടുത്തിയുമാണ് പ്രസ്തുത വോയ്സ്നോട്ടിന്റെ ഉള്ളടക്കം. ആ തലക്കെട്ടിലെ കിടിലം എന്ന വാക്ക് എനിക്കിഷ്ടമായെങ്കിലും, ആ ശബ്ദത്തിന്റെ ഉടമ ഞാനല്ല എന്ന് വ്യക്തമാക്കട്ടെ. ആ ശബ്ദത്തിന്റെ ഭാഷാരീതിയനുസരിച്ച് അത് കണ്ണൂർ/കോഴിക്കോട് ഭാഗത്ത് നിന്നുള്ള ആരോ ആവാനാണ് സാദ്ധ്യത. നല്ല ഭാഷാപ്രാവിണ്യവും, ആധികാരികതയുമുള്ള ആരോ ഒരാൾ. ഇവിടെ ഈ സൈബറിടത്തിലും, പുറത്തും പലർക്കുമറിയാവുന്നത് പോലെ മതത്തിലോ, രാഷ്ട്രീയത്തിലോ ഒട്ടും താൽപര്യമില്ലാത്ത ഒരാളാണ് ഞാനെന്ന് ഒന്ന് കൂടി ഓർമ്മിപ്പിക്കട്ടെ. അതുകൊണ്ട് തന്നെ ആ പ്രാസംഗികൻ വെളിച്ചത്ത് വന്ന് സ്വന്തം ശബ്ദം ഏറ്റെടുക്കണം എന്ന് വിനയപൂർവ്വം ഞാനപേക്ഷിക്കുന്നു.

ഇനി പറയാനുള്ളത് മെസേജ് ഫോർവേഡ് ചെയ്യുന്നവരോടാണ്:

നിങ്ങൾ വിശ്വസിക്കുന്ന ഒരു ആശയം പ്രചരിപ്പിക്കാൻ എന്റെ പേരുപയോഗിക്കുന്നതിൽ എന്ത് മാത്രം ധാർമ്മികതയുണ്ടെന്ന് ഒന്നാലോചിക്കുക. ഇത്രയും ഭംഗിയായി സംസാരിക്കുന്ന ഒരാളെ “അത് അനൂപ് മേനോനാണെന്ന്” പറഞ്ഞും, പ്രചരിപ്പിച്ചും അയാളുടെ വ്യക്തിത്വം ഇല്ലാതാക്കാതെ, അയാളുടെ ശബ്ദം അയാൾക്ക് തിരിച്ചുകൊടുക്കുക.

സ്നേഹപൂർവ്വം
അനൂപ് മേനോൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook