പുതുമുഖനടിമാരിൽ ഏറെ പ്രതീക്ഷ നൽകുന്ന അഭിനേത്രിയാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ബേബിമോളായി എത്തിയ മലയാളക്കരയുടെ ഇഷ്ടം കവർന്ന അന്ന, ‘ഹെലൻ’, ‘കപ്പേള’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചത്. അഭിനയിച്ച മൂന്നു ചിത്രങ്ങളിലും മിന്നും പ്രകടനമാണ് അന്ന കാഴ്ച വച്ചത്. ഇപ്പോഴിതാ, അന്നയുടെ ചിത്രങ്ങളിൽ യാദൃശ്ചികമായി വന്നുചേർന്നൊരു സാമ്യം ചൂണ്ടികാണിക്കുകയാണ് ട്രോളന്മാർ.

മൂന്നു ചിത്രങ്ങളിലും മുറിയിൽ പെട്ടുപോവുകയോ/ ബന്ധിക്കപ്പെടുകയോ ചെയ്യുന്നുണ്ട് അന്നയുടെ കഥാപാത്രങ്ങൾ. ആദ്യചിത്രം ‘കുമ്പളങ്ങി നൈറ്റ്സി’ൽ സഹോദരി ഭർത്താവായ സൈക്കോ ഷമ്മിയാണ് അന്നയുടെ കഥാപാത്രത്തെയും ചേച്ചിയേയും അമ്മയേയും കയ്യും കാലും കൂട്ടികെട്ടി മുറിയിൽ പൂട്ടിയിടുന്നത്.

‘ഹെലനി’ൽ സഹപ്രവർത്തകരുടെ അശ്രദ്ധയാൽ അറിയാതെ ഫ്രീസർ റൂമിൽ അകപ്പെട്ടുപോവുകയാണ് അന്നയുടെ കഥാപാത്രം. ആ ഫ്രീസർ റൂമിനകത്ത് നിന്ന് രക്ഷപ്പെടാനും ജീവൻ നിലനിർത്താനുമുള്ള ഹെലൻ എന്ന പെൺകുട്ടിയുടെ ശ്രമങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്.

അന്നയും റോഷനും ശ്രീനാഥ് ഭാസിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘കപ്പേള’യിലും ചതിയനായ കാമുകനാൽ ഒരു ലോഡ്ജ് മുറിയിൽ അകപ്പെട്ടു പോവുന്നുണ്ട് അന്ന. ശ്രീനാഥ് ഭാസിയുടെ കഥാപാത്രമാണ് ആ ചതിയിൽ നിന്നും അന്നയുടെ കഥാപാത്രത്തെ രക്ഷപ്പെടുത്തുന്നത്.

anna ben trolls

മൂന്നുചിത്രങ്ങളിലെയും ഈ സാമ്യത്തെ പ്രതിപാദിക്കുന്ന ട്രോളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളെ ചിരിപ്പിക്കുന്നത്. “ലോക്ക്ഡൗൺ ഒക്കെ ആയതുകൊണ്ട് ഷൂട്ടിങ്ങ് ഒക്കെ മിസ് ചെയ്യുന്നില്ലേ?’ എന്ന ചോദ്യത്തിന് അന്ന നൽകുന്ന മറുപടി എന്ന രീതിയിലാണ് ട്രോൾ പ്രചരിക്കുന്നത്. “വല്ലാണ്ട് മിസ് ചെയ്യുമ്പോൾ ഞാൻ റൂമിൽ കയറി, വാതിൽ ഉള്ളിൽ നിന്നും പൂട്ടും. എന്നിട്ട് താക്കോൽ ജനലിലൂടെ പുറത്തേക്കെറിയും. എന്നിട്ട് കിടന്ന് ബഹളമുണ്ടാക്കും. അപ്പോ ആളുകളെല്ലാം കൂടി വാതിൽ ചവിട്ടി പൊളിച്ച് എന്നെ രക്ഷപ്പെടുത്തും, അപ്പോ ഒരാശ്വാസം കിട്ടും,” എന്നാണ് മെമ്മിലെ വാക്കുകൾ. “മുറിയിൽ കുടുങ്ങിപ്പോവുക, ഇതാണ് സാറേ ഈ കുട്ടീടെ മെയിൻ,” എന്നാണ് മറ്റൊരു ട്രോൾ.

Read more: ഞാൻ ഉണർന്നപ്പോൾ കണ്ട കാഴ്ചയിതാണ്; രസകരമായ കുറിപ്പുമായി അന്ന ബെൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook