കൊച്ചി: ദാഹിച്ചുവലഞ്ഞെത്തുമ്പോള് തുള്ളിവെളളം കുടിക്കാനില്ലെന്നു കണ്ടാല്‍ ആര്‍ക്കായാലും ദേഷ്യം വരും, വെള്ളം കുടിക്കാന്‍ വാട്ടര്‍ ടാങ്കില്‍ തുമ്പിക്കൈ ഇട്ട കാട്ടാനയും അതുതന്നെയാണ് ചെയ്തത്. മൂന്നാര്‍ കണ്ണന് ദേവന് കമ്പനിയുടെ ഗൂഡാര്‍വിള എസ്റ്റേറ്റിലെ അസിസ്റ്റന്റ് മാനേജര്‍ ബംഗ്ലാവില്‍ കഴിഞ്ഞദിവസമാണ് സംഭവം. വൈകുന്നേരം അഞ്ചുമണിയോടെ ബംഗ്ലാവിനു മുന്നിലെത്തിയ കൊമ്പന് വെള്ളത്തിനായി വാട്ടര്‍ ടാങ്കിനുള്ളില്‍ തുമ്പിക്കൈ ഇട്ടെങ്കിലും വെള്ളം കിട്ടിയില്ല. വെള്ളം ലഭിക്കാതായതോടെ അരിശംപൂണ്ട കാട്ടാന വാട്ടര്‍ ടാങ്ക് കുത്തിപ്പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് കുറച്ചുനേരം കൂടി പ്രദേശത്ത് ചുറ്റിപ്പറ്റി നിന്നശേഷം സ്ഥലം വിടുകയും ചെയ്തു.
കാട്ടാനകള്‍ നിത്യ സന്ദര്‍ശകരായ മൂന്നാറിനും സമീപ പ്രദേശങ്ങളിലുമുള്ള തേയില എസ്റ്റേറ്റുകളില്‍ ഇവ കൗതുകമാണ് പകരുന്നതെങ്കിലും പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം കാട്ടാനയുടെ സാന്നിധ്യം ഭീതി പകരുന്നതാണ്. രണ്ടാഴ്ച മുമ്പ് മൂന്നാര്‍ -മാട്ടുപ്പെട്ടി റോഡില്‍ മാട്ടുപ്പെട്ടി ഡാമിനു സമീപം റോഡിലിറങ്ങിയ കാട്ടാനക്കുട്ടി രണ്ടു മണിക്കൂററോളമാണ് റോഡു തടഞ്ഞ് ഗതാഗതം നിയന്ത്രിച്ചത്. കഴിഞ്ഞമാസം മൂന്നാറിനു സമീപമുള്ള കന്നിമലയില്‍ കട ആക്രമിച്ച കാട്ടാനകള്‍ കടയ്ക്കുള്ളിലുണ്ടായിരുന്ന ബേക്കറി സാധനങ്ങള്‍ മുഴുവന്‍ അകത്താക്കിയ ശേഷമാണ് മടങ്ങിയത്.
മൂന്നാറിൽ വെളളം കിട്ടാത്തതിന് ആന നടത്തിയ പ്രതികാരം… pic.twitter.com/K6zSVHPtDz
— IE Malayalam (@IeMalayalam) December 30, 2018