കൊച്ചി: കുഞ്ഞിന്റെ കാൻസർ ചികിത്സയ്ക്കായി സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണെന്ന് കുടുംബം. അടൂര്‍ സ്വദേശി അനസാണ് സാമ്പത്തിക ബുദ്ധിമുട്ടിലായിട്ടും പ്രളയബാധിതരെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിരവധി പേരാണ് അനസിന്റെ നല്ല മനസിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച മകനെ വീണ്ടും ആർ‌സിസിയിൽ അഡ്മിറ്റാക്കണം. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. പക്ഷെ, മഹാ പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ എന്ന് അനസ് ചോദിക്കുന്നു. ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി രണ്ട് പേർ സഹായിച്ചതും ഉൾപ്പെടെ ചേർത്ത് ചൊവ്വാഴ്ച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ താനും കുടുംബവും തീരുമാനിച്ചിരിക്കുകയാണെന്ന് അനസ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, കുഞ്ഞിന്റെ ചികിത്സയാണ് ആദ്യം നടക്കേണ്ടതെന്നും നിങ്ങളുടെ നല്ല മനസിനെ ദെെവം കാണുമെന്നും നിരവധി പേർ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അനസിന്റെ നല്ല മനസിനെ പ്രകീർത്തിക്കുന്നതിനൊപ്പം കുഞ്ഞിന്റെ ചികിത്സ കൃത്യമായി നടത്തണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook