കൊമ്പിന് വേണ്ടി ആയെ വെട്ടിനുറുക്കി ഉപേക്ഷിച്ചതിന്റെ ചിത്രം സോഷ്യൽ മീഡിയയില്‍ കണ്ണീരു പടര്‍ത്തി. ആഫ്രിക്കന്‍ രാജ്യമായ ബോറ്റ്സ്വാനയില്‍ നിന്നുളള ഡ്രോണ്‍ ചിത്രമാണ് വൈറലായി മാറിയത്. ആനയുടെ തുമ്പിക്കൈ അറുത്തു മാറ്റിയാണ് കൊമ്പ് എടുത്തിട്ടുളളത്. കൂടാതെ വാലും അറുത്ത് മാറ്റിയിട്ടുണ്ട്.

അറുത്ത് മാറ്റിയ കൊമ്പ് ആനയുടെ മുമ്പില്‍ തന്നെ വച്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം. മൃഗങ്ങളെ വേട്ടയാടുന്നതിന് നിരോധനമുണ്ടായിരുന്ന ബോറ്റ്സ്വാനയില്‍ ഈയടുത്താണ് ഈ നിരോധനം എടുത്ത് കളഞ്ഞത്.

ചെയിന്‍സോ ഉപയോഗിച്ചാണ് വേട്ടക്കാര്‍ ആനയുടെ തുമ്പിക്കൈയും കൊമ്പും മുറിച്ചത്. 2014ലും 2018നും ഇടയില്‍ ആയിരക്കണക്കിന് മൃഗങ്ങളുടെ ജഡങ്ങളാണ് ബോറ്റ്സ്വാനയില്‍ കണ്ടെടുക്കപ്പെട്ടത്. ഡോക്യുമെന്ററി ഫിലിം മേക്കറായ ജസ്റ്റിന്‍ സുളളിവാനാണ് ഈ ഡ്രോണ്‍ ചിത്രം പകര്‍ത്തിയത്.

Viral Photo, വൈറല്‍ ചിത്രം, Elephant, ആന, hunting, വേട്ട, poachers, വേട്ടക്കാര്‍, africa, ആഫ്രിക്ക

‘ഒരു ആനയുടെ ജഡം കിടക്കുന്നുണ്ടെന്ന് കേട്ടറിഞ്ഞാണ് ഞാന്‍ ചെന്നത്. ഒരു ഡ്രോണ്‍ ഉപയോഗിച്ചാണ് ഞാൻ ചിത്രം പകര്‍ത്തിയത്. ഡിസ്കണക്ഷന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് അല്ലാതെ ആ ചിത്രത്തിന്റെ ഭീകരത അറിയാന്‍ കഴിയില്ല. ഈ ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് വളരെ ആശ്വാസ്യകരമായ കാര്യമാണ്. പ്രത്യേകിച്ച് ബോറ്റ്സ്വാനയില്‍ വേട്ട നിരോധനം എടുത്ത് കളഞ്ഞ ഈ സാഹചര്യത്തില്‍,’ ജസ്റ്റിന്‍ പ്രതികരിച്ചു. കഴിഞ്ഞ മാസമാണ് പ്രസിഡന്റ് മോഗ്വീറ്റ്സി മസീസി വേട്ട നിരോധനം എടുത്ത് കളഞ്ഞത്. മൃഗങ്ങള്‍ പെരുകുന്നത് കാര്‍ഷികവിളകള്‍ക്ക് നാശം വരുത്തുന്നുണ്ടെന്ന വാദത്തോടെയായിരുന്നു ഈ തീരുമാനം.

ആന്‍ഡ്രേ സ്റ്റെനിന്‍ രാജ്യാന്തര പ്രസ് ഫോട്ടോ മത്സരത്തിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ‘ഡിസ്കണക്ഷന്‍’ എന്നാണ് ജസ്റ്റിന്‍ ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രദേശത്ത് നിന്നും ആനയുടെ മറ്റ് ചില ചിത്രങ്ങളും പകര്‍ത്തിയിട്ടുണ്ട്. നിഷ്ഠൂരത വെളിവാക്കുന്ന ആ ചിത്രങ്ങള്‍ ഇവിടെ മനഃപൂര്‍വ്വം ഒഴിവാക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook