സമകാലിക വിഷയങ്ങളില്‍ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയുള്ള പരസ്യങ്ങള്‍ ചെയ്യുന്നതില്‍ അമൂലിനെ കഴിഞ്ഞെ മറ്റാരുമുളളു. ഓരോ അവസരങ്ങളിലും കുറിക്ക് കൊളളുന്ന പരസ്യങ്ങളും പരസ്യവാചകങ്ങളുമായി അമൂല്‍ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

ഗുജറാത്ത് സഹകരണ ക്ഷീര വിപണന ഫെഡറേഷന് (ജി.സി.എം.എം.എഫ്.) കീഴിലെ അമുലിന്‍റെ (ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ്) പാല്‍ ഉല്‍പ്പന്ന ബ്രാന്‍ഡ് അമുലിന്‍റെ കാര്‍ട്ടൂണ്‍ പരസ്യ ക്യാമ്പയിനിലെ ‘മാസ്‌കോട്ട്’ (കാര്‍ട്ടൂണ്‍ രൂപമാണ്) അമുല്‍ ഗേള്‍. 1966 ല്‍ സില്‍വെസ്റ്റര്‍ ഡാ കുന്‍ഹയുടെ ഉടമസ്ഥതയിലുള്ള അഡ്വര്‍ടൈസിങ് ഏജന്‍സിക്ക് അമുലിന്‍റെ പരസ്യക്കരാര്‍ ലഭിച്ചതോടെയാണ് അമുല്‍ ബേബി പിറന്നത്.

പോള്‍ക്ക കുത്തുകളുള്ള ഉടുപ്പ് അണിഞ്ഞ് ആ പെണ്‍കുട്ടി, ‘അട്ടേര്‍ലി ബട്ടര്‍ലി ഡെലീഷ്യസ് അമൂല്‍’ എന്ന ടാഗ് ലൈനില്‍ ഔട്ട്‌ഡോര്‍ പ്രചാരണങ്ങളുടെ ഭാഗമായുള്ള ഹോര്‍ഡിങ്ങുകളില്‍ ഇടംപിടിച്ചു. ആദ്യ കാലത്ത് വെണ്ണ വില്‍ക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമേ പരസ്യങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. പിന്നീട് പ്രധാനപ്പെട്ട ഓരോ സംഭവ വികാസങ്ങള്‍ക്കൊപ്പം പരസ്യത്തിന്‍റെ രൂപം മാറ്റുകയായിരുന്നു.

സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ ഒട്ടേറെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള അമുല്‍ പെണ്‍കുട്ടിയുടെ പരസ്യങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റി. അടിയന്തരാവസ്ഥക്കാലത്ത് പോലും അമുല്‍ ബേബി നാവടക്കിയിട്ടില്ല. പല ക്യാമ്പയിനുകളും വിവാദത്തില്‍ കലാശിച്ചെങ്കിലും എല്ലാത്തിനെയും അതിജീവിച്ച അമുല്‍ ബേബി യാത്ര തുടരുകയാണ്. കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചാണ് അമൂല്‍ പുതിയ പരസ്യം തയ്യാറാക്കിയത്.

‘സറ ആങ്കോം മേം ബര്‍ലോ പാനി’ (ഒരല്‍പം കണ്ണീരൊഴുക്കു) എന്ന വാചകത്തോടെ അമൂല്‍ ബേബി കരയുന്ന ചിത്രത്തോടെയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ലതാ മങ്കേഷ്കര്‍ പാടിയ ‘ഏ മെരെ വതന്‍ കെ ലോഗോം’ എന്ന ഗാനത്തിലെ വരികളാണിത്. സ്ത്രീകള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നിരവധി പരസ്യങ്ങളും അമൂല്‍ തയ്യാറാക്കിയിട്ടുണ്ട്. കമ്പനിയുടെ പരസ്യത്തെ പിന്തുണച്ചും അഭിനന്ദിച്ചും സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ