ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വ്യത്യസ്തമായ ജന്മദിനാശംസകള്‍ നേര്‍ന്ന് അമൂല്‍. അമൂലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് രാഹുലിന് ജന്മദിനാശംസകള്‍ നേര്‍ന്നുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്കകം വീഡിയോ വൈറലായി. HappyBirthdayRahulGandhi എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വയനാട് എംപിയായ രാഹുല്‍ ഗാന്ധിയെ കുറിച്ചും വീഡിയോയുടെ തുടക്കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. രാഹുലിനെ ഒരു കുട്ടിയോട് ഉപമിക്കുന്ന തരത്തിലാണ് വീഡിയോ. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, നരേന്ദ്ര മോദി തുടങ്ങിയവരും വീഡിയോയില്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്.

Read Also: ജന്മദിനത്തില്‍ രാഹുല്‍ ഗാന്ധിക്ക് ദീര്‍ഘായുസ് നേര്‍ന്ന് നരേന്ദ്ര മോദി

നേരത്തെ പ്രതിപക്ഷത്തുള്ളവരും മറ്റ് ട്രോള്‍ ഗ്രൂപ്പുകളും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് അമൂല്‍ ബേബി എന്ന പരാമര്‍ശം പലതവണ നടത്തിയിട്ടുണ്ട്. രാഹുല്‍ രാഷ്ട്രീയത്തില്‍ പക്വത കൈവരിക്കാത്ത നേതാവാണ് എന്ന തരത്തില്‍ അമൂലുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ‘അമൂല്‍’ ജന്മദിനാശംകള്‍ നേര്‍ന്നുള്ള വീഡിയോ പങ്കുവച്ചതെന്നും ആക്ഷേപമുണ്ട്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

rahul gandhi, ie malayalam

പിറന്നാൾദിനത്തിൽ രാഹുൽ ഗാന്ധി മധുരം വിതരണം ചെയ്യുന്നു. ഫോട്ടോ: പ്രേം നാഥ് പാണ്ഡ്യ

രാഹുല്‍ ഗാന്ധി തന്റെ 49-ാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. നിരവധി രാഷ്ട്രീയ നേതാക്കൾ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുലിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തി.

‘ശ്രീ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. ആരോഗ്യവും ദീര്‍ഘായുസും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.’ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷന് ആശംസകള്‍ അറിയിച്ചത്.  ഇന്ത്യന്‍ ജനതയെ രാഹുല്‍ ആവേശം കൊള്ളിച്ച അഞ്ച് അവസരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ വീഡിയോ പങ്കുവച്ചാണ് കോണ്‍ഗ്രസ് രാഹുലിന് ആശംസകള്‍ അറിയിച്ചത്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. പ്രചാരണ സമയത്ത് രാഹുലും നരേന്ദ്ര മോദിയും തമ്മില്‍ നിരവധി തവണ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിര ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന് രാഹുല്‍ ഉയര്‍ത്തിയ വാക്കുകളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇതിന് മോദി മറുപടി നല്‍കിയത്.

തിരഞ്ഞെടുപ്പില്‍ വളരെ ദയനീയമായ പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. എന്‍ഡിഎ 353 സീറ്റുകള്‍ നേടിയപ്പോള്‍ വെറും 52 സീറ്റാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. തന്റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനിയുമായി മത്സരിച്ച രാഹുല്‍ ഗാന്ധിയും പരാജയമേറ്റുവാങ്ങി. അതേസമയം, വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ വിജയിച്ചത്.

രണ്ടാം തവണയും കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ അധ്യക്ഷ പദവിയില്‍ നിന്നും രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. പദവിയിലേക്ക് ഉചിതനായ ഒരാളെ പാര്‍ട്ടി കണ്ടെത്തുന്നതു വരെയേ താന്‍ തുടരുകയുള്ളൂ എന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.  കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ രാഹുലിനെ തീരുമാനത്തില്‍ നിന്നും പിന്മാറ്റാന്‍ സാധിച്ചിട്ടില്ല എന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook