കൊച്ചി മെട്രോ ഉദ്ഘാടനദിനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മെട്രോയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണമില്ലാതെ കയറിയത് വിവാദമായിരുന്നു. രാഷ്ട്രീയ വിവാദത്തിന് അപ്പുറത്ത് വീണുകിട്ടിയ ഒരു അവസരം അല്ലെങ്കില്‍ അനുഗ്രഹം ആയിട്ടാണ് ട്രോളന്മാര്‍ ഇതിനെ കണക്കാക്കിയത്. പിന്നാലെ ‘കുമ്മനടി’ എന്നൊരു പദപ്രയോഗം തന്നെ നിലവില്‍വന്നു.
‘വലിഞ്ഞുകയറി ചെല്ലുന്നവരെ’ സൂചിപ്പിക്കാനാണ് കുമ്മനടി എന്ന വാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. ട്രോളന്മാര്‍ ആദ്യം ഉപയോഗിച്ച ഈ വാക്ക് പിന്നീട് വ്യാപകമായ രീതിയില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇതിന് പിന്നാലെയാണ് ‘അമിട്ടടി’ എന്ന വാക്കും പ്രയോഗത്തില്‍ വരുന്നത്.

‘ആരും അറിയാതെ മുങ്ങുന്നവന്‍’ എന്ന അര്‍ത്ഥത്തിലാണ് ഇപ്പോള്‍ ‘അമിട്ടടി’ ഉപയോഗിക്കുന്നത്. ജനരക്ഷായാത്രയില്‍നിന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്‍മാറിയതിന് പിന്നാലെയാണ് ഈ വാക്ക് ട്രോളന്മാര്‍ ഉപയോഗിച്ചത്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ ആശങ്കയിലാക്കി പിണറായിയിലൂടെ നടത്തേണ്ടിയിരുന്ന പദയാത്രയില്‍നിന്നാണ് അമിത് ഷാ പിന്‍മാറിയത്. തുടര്‍ന്നാണ് നിരവധി ട്രോളുകളിലൂടെ ‘അമിട്ടടി’ ട്രെന്‍ഡായി മാറിയത്.

രാവിലെ മമ്പ്രത്ത് നിന്ന് തുടങ്ങുന്ന ജാഥയില്‍ അമിത് ഷാ പങ്കെടുക്കേണ്ടതായിരുന്നു. രാവിലെ എട്ടിന് കോഴിക്കോട് എത്തുന്ന വിമാനത്തില്‍ വരുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അതില്‍ വന്നില്ല. പിന്നീട് ഉച്ചക്ക് 2ന് എത്തേണ്ട ചാര്‍ട്ടേഡ് വിമാനത്തിലും അമിത് ഷാ ഇല്ലെന്ന് ഉറപ്പായതോടെ ജാഥാംഗങ്ങളായ നേതാക്കള്‍ എന്തുചെയ്യണമെന്നറിയാത്ത നിലയിലായി. പിന്നീട് അമിത് ഷാ എത്തുകയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ അറിയിക്കുകയായിരുന്നു.

പ്രധാനമന്ത്രിയായി അടിയന്തരമായി ചര്‍ച്ച നടത്തേണ്ടതിനാലാണ് വരാത്തതെന്നാണ് കുമ്മനത്തിന്റെ വിശദീകരണം.അതേസമയം യാത്ര നിരാശാജനകമായതിനാല്‍ പിണറായിയിലെ പദയാത്രയിലടക്കം പങ്കെടുക്കേണ്ടതില്ലെന്ന് ഷാ തീരുമാനിക്കുകയായിരുന്നുവെന്ന് പറയുന്നു. സുരക്ഷ അടക്കമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ഘട്ടത്തിലാണ് യാത്ര റദ്ദാക്കുന്നത്.പയ്യന്നൂരില്‍ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്ത ശേഷം ഡല്‍ഹിയിലേക്ക് പോയതാണ് ഷാ .

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ