അമേരിക്കൻ റിയാലിറ്റി ഷോ അമേരിക്കാസ് ഗോട്ട് ടാലന്റിൽ ദമ്പതികൾ നടത്തിയ പ്രകടനത്തിനിടെ അപകടം. ടെയ്സ് നീൽസെനും ഭാര്യ വോൾഫി നീൽസെനും ചേർന്ന് ഏവരെയും അദ്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളാണ് സ്റ്റേജിൽ നടത്തിയത്. എന്നാൽ ഇതിനിടെയുണ്ടായ അപകടത്തിൽ ടെയ്സിൽസിന്റെ ഭാര്യ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കെട്ടിത്തൂക്കിയ കമ്പിക്കു മുകളിൽ തലകീഴായി തൂങ്ങിക്കിടന്നായിരുന്നു ദമ്പതികൾ അഭ്യാസപ്രകടനം കാട്ടിയത്. താഴെ തീനാളങ്ങൾ കത്തി ഉയരുന്നുണ്ടായിരുന്നു. അഭ്യാസപ്രകടനത്തിനിടെ ഭർത്താവിന്റെ കൈയ്യിൽനിന്നും പിടിവിട്ട് ഭാര്യ താഴെ വീണു. മൽസരം കാണാനെത്തിയവരും ജഡ്ജസും ഒരു നിമിഷം പകച്ചുപോയി. കാണികളുടെ ഇടയിൽനിന്നും അലറുന്ന ശബ്ദവും ഉയർന്നുപൊങ്ങി.

എന്നാൽ ടെയ്സിന്റെ ഭാര്യയ്ക്ക് പരുക്കുകളൊന്നും ഉണ്ടായില്ല. വീണെങ്കിലും അവർ ചിരിച്ചുകൊണ്ടു എഴുന്നേറ്റുനിന്നു. താഴെ ഇറങ്ങിയ ടെയ്ൽസ് ഭാര്യയ്ക്ക് ചുംബനം നൽകിയാണ് ആശ്വാസം പ്രകടിപ്പിച്ചത്.

തങ്ങളുടെ പ്രകടനം ഒരിക്കൽക്കൂടി കാണിക്കാമെന്ന് ടെയ്സിൽസിന്റെ ഭാര്യ പറഞ്ഞെങ്കിലും ജഡ്ജസ് അതിനു തയ്യാറാവാതെ ഇരുവരും അടുത്ത റൗണ്ടിലേക്ക് വിജയിച്ചതായി പ്രഖ്യാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook