“എന്റെ നെഞ്ചാകെ നീയല്ലേ.. എന്റെ ഉന്മാദം നീയല്ലേ..” കഴിഞ്ഞ കുറേ നാളുകളായി മലയാളികളുടെ ചുണ്ടിലുണ്ട് ഈ വരികൾ. സൗബിന്‍ ഷാഹിറും പുതുമുഖമായ തന്‍വി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച, ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അമ്പിളി’യിലെ ‘ആരാധികേ’ എന്ന പാട്ടിന് വലിയ സ്വീകരണമാണ് ലഭിച്ചത്. പലരും ഈ ഗാനത്തിന്റെ കവർ വേർഷൻ ഇറക്കി. എന്നാലിതാ സോഷ്യൽ മീഡിയയിൽ ഈ ഗാനം ആലപിച്ച് കൈയ്യടി നേടുകയാണ് ഒരമ്മ.

കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ആരാധികേ എന്ന ഗാനം ആലപിക്കുന്ന അമ്മയുടെ ശബ്ദമാധുര്യത്തെ കേട്ടവരെല്ലാം പുകഴ്ത്തുകയാണ്. ‘അമ്പിളി’യുടെ ഫെയ്സ്ബുക്ക് പേജിലാണ് ഇത് പങ്കുവച്ചിരിക്കുന്നത്. എന്നാൽ ആരാണ് ഈ ഗായികയെന്ന് ആർക്കും അറിയില്ല.

‘ആരാധികേ..’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും മധുവന്തി നാരായണനും ചേർന്നാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ഗപ്പി ടീം വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് അമ്പിളി. ഗപ്പിയിലെ തനിയേ മിഴികൾ എന്ന ഗാനത്തിന്റെ സംഗീതവും വിഷ്ണു വിജയ് തന്നെ ആയിരുന്നു. ആലപിച്ചത് സൂരജും മധുവന്തിയും. വിഷ്ണുവും മധുവന്തിയും ഭാര്യാഭർത്താക്കന്മാർ കൂടിയാണ്. കൂടാതെ പ്രശസ്ത സംഗീതജ്ഞൻ രമേശ് നാരായണന്റെ മകളാണ് മധുവന്തി.

സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് ‘അമ്പിളി’. നാഷണല്‍ സൈക്കിളിങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രമായി നസ്രിയയുടെ സഹോദരൻ നവീന്‍ നസീമും ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More: ‘എന്റെ നെഞ്ചാകെ നീയല്ലേ..’ വീണ്ടും സൗബിന്‍ മാജിക്കുമായി ‘അമ്പിളി’യിലെ പുതിയ ഗാനം

നാഷണല്‍ സൈക്കിളിങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നും ആരംഭിക്കുന്ന സിനിമ ഒരുപാട് നർമ മുഹൂര്‍ത്തങ്ങളിലൂടെയാണ് വികസിക്കുന്നത്. യാത്രക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളും പ്രധാന ലൊക്കേഷനുകളാണ്.

ഇ4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, അവ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ് ‘അമ്പിളി’യുടെ ചിത്രസംയോജനം നിർവ്വഹിക്കുന്നത്. ശങ്കര്‍ മഹാദേവന്‍, ആന്‍റണി ദാസന്‍, ബെന്നി ദയാല്‍, സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ എന്നിവര്‍ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook