ആഡംബര വസ്തുക്കളും അല്ലാത്തവയും വില കുറഞ്ഞും കൂടിയുമൊക്കെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിലൂടെ ലഭ്യമാണ്. ചില ഉത്പന്നങ്ങളുടെ വില നമ്മെ വല്ലാതെ ഞെട്ടിക്കാറുമുണ്ട്. അങ്ങനെ ഉപയോക്താക്കളെ അമ്പരപ്പിച്ച ഒരു ബക്കറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം.
വിശ്വസിച്ചാലും ഇല്ലെങ്കിലും, ഓണ്‍ലൈന്‍ സൈറ്റില്‍ ഒരു ബക്കറ്റിന്റെ യഥാര്‍ത്ഥ വിലയായി നല്‍കിയിരുന്നത് 35,900 രൂപയാണ്. വില്പ്പനക്കാരാന്റെ കനിവില്‍ ബക്കറ്റിന് 28 ശതമാനം ഓഫര്‍ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ ബക്കറ്റിന്റെ വില 25,999 രൂപയാണ്. ബക്കറ്റിന് ഇഎംഐ ഓപ്ഷനുമുള്ളത് ഭാഗ്യമായെന്നാണ് പലരുടേയും അഭിപ്രായം.
ട്വിറ്ററില്‍ വിവേക് രാജു എന്ന അക്കൗണ്ടിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇപ്പോഴാണ് ഇത് ആമസോണില്‍ കണ്ടത്, എന്ത് ചെയ്യണമെന്ന് അറിയില്ല, എന്ന ക്യാപ്ഷനോടെയാണ് വിവേക് ചിത്രം പങ്കു വച്ചിരിക്കുന്നത്. ബക്കറ്റിന്റേയും ഓണ്‍ലൈന്‍ വ്യാപാര സൈറ്റിന്റെ വിവരങ്ങളുമടങ്ങിയ സ്ക്രീന്‍ഷോട്ടാണ് വിവേക് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവം വൈറലായതോടെ വ്യത്യസ്തമായ മറുപടികളും ചിത്രത്തിന് താഴെ ലഭിച്ചു. വളരെ വിരളമായി മാത്രം ലഭിക്കുന്ന ബക്കറ്റിന് 99,000 രൂപ വിലയിടാമെന്നായിരുന്നു ഒരാളുടെ കമന്റ്. ചിലര്‍ ഇത്രയം പണം മുടക്കുന്നതിനാല്‍ ബക്കറ്റിന് വെള്ളം വൈനാക്കാനുള്ള കഴിവുമുണ്ടാകണമെന്നും അഭിപ്രായപ്പെട്ടു.
Also Read: സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂട്ടില്‍ കയ്യിട്ടു; വിരല്‍ കടിച്ചെടുത്ത് സിംഹം; വീഡിയോ