Aliyans serial, Aliyan Vs Aliyan: ലോക്ക്ഡൗൺകാലത്ത് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആവുകയും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത സീരിയലുകളിൽ ഒന്നാണ് കൗമുദി ടിവിയിൽ സംപ്രേക്ഷണ ചെയ്തുവരുന്ന ‘അളിയൻസ്’. എന്നാൽ ‘അളിയൻസ്’ പ്രേക്ഷകരെ വിഷമത്തിലാക്കുന്ന ഒരു വാർത്തയാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഞ്ജു പത്രോസ്, അനീഷ് രവി റിയാസ് നർമകല എന്നിവർ പങ്കുവയ്ക്കുന്നത്.
ഏതാനും ദിവസം ‘അളിയൻസ്’ പരമ്പര പ്രേക്ഷകർക്ക് മുന്നിലെത്തില്ലെന്നും ചെറിയ ഇടവേള എടുക്കുകയാണെന്നും അളിയൻസിലെ അഭിനേതാക്കൾ പറഞ്ഞു. സീരിയലിന്റെ സാങ്കേതിക പ്രവർത്തകരിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ ഇടവേളയെന്നും കൗമുദി ടെലിവിഷൻ യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ അവർ പറഞ്ഞു. സംവിധായകൻ അടക്കമുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉടനെ തന്നെ തങ്ങൾ മടങ്ങിയെത്തുമെന്നും അളിയൻസ് ടീം അംഗങ്ങൾ പറയുന്നു.
രണ്ടു അളിയൻമാർ തമ്മിലുള്ള തീരാവഴക്കുകളുടെയും നർമ്മമുഹൂർത്തങ്ങളുടെയും കഥപറയുന്ന ‘അളിയൻസി’ന് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുണ്ട്. 2020 ഫെബ്രുവരി 24 നാണ് ‘അളിയൻസ്’ സംപ്രേക്ഷണം ആരംഭിച്ചത്. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 7 മണിക്കാണ് സംപ്രേഷണം. പുനഃസംപ്രേഷണം രാത്രി 10 മണിക്ക്.
Read More: Chakkappazham: ആശയെ ജോലിയ്ക്ക് വിടാതിരിക്കാൻ ഉത്തമന്റെ വീരകൃത്യങ്ങൾ; വീഡിയോ
അമൃത ടിവിയിൽ 2017 ഫെബ്രുവരി 17 മുതൽ 2019 ഏപ്രിൽ 25 വരെ സംപ്രേക്ഷണം ചെയ്ത ‘അളിയൻസ് Vs അളിയൻസ്’ എന്ന പരിപാടിയുടെ സ്വീകൽ ആണ് ‘അളിയൻസ്’. രാജേഷ് തളച്ചിറ സംവിധാനം ചെയ്യുന്ന അളിയൻസ് കനകൻ, ക്ലീറ്റസ് എന്നീ കഥാപാത്രങ്ങളുടെ കുടുംബക്കാഴ്ചകളിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്. അനീഷ് രവി, റിയാസ് നർമകല, മഞ്ജു പത്രോസ്, സൗമ്യ ഭാഗ്യനാഥൻ, സേതുലക്ഷ്മി, അക്ഷയ എന്നിവരാണ് യഥാക്രമം കനകൻ, ക്ലീറ്റസ്, തങ്കം, ലില്ലിക്കുട്ടി, രത്നമ്മ, മുത്ത് തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് ‘അളിയൻസി’നെ ശ്രദ്ധേയമാക്കുന്നത്. പ്രത്യേകിച്ചും അളിയന്മാരായെത്തുന്ന കനകൻ- ക്ലീറ്റസ് ടീമിന്റെ പ്രകടനം. കോമ്പിനേഷൻ . പരദൂഷണം, കുശുമ്പ് , അസൂയ, വൈരാഗ്യം, മൃഗീയ ചിന്തകൾ, പ്രവർത്തികൾ ഒന്നും പ്രചരിപ്പിക്കാത്ത മാന്യമായ സീരിയലുകളിലൊന്ന് എന്നാണ് ‘അളിയൻസ്’ ഫാൻസായ പ്രേക്ഷകരുടെ പ്രതികരണം.
Read more: അഭിനയം, എഴുത്ത്, വായന, സാരി; ഇഷ്ടങ്ങള് പറഞ്ഞ് കവിത