കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ടതിനെത്തുടർന്ന് ജയിലിൽ കഴിയുന്ന അലനെ സിപിഎം തള്ളിപ്പറഞ്ഞിട്ടും പാർട്ടിക്കൂറ് ഉപേക്ഷിക്കാതെ പിതാവ് ഷുഹെെബ്. കോഴിക്കോട് കടപ്പുറത്ത് നടന്ന ഇന്നലെ നടന്ന ഭരണഘടനാ സംരക്ഷണ മഹാറാലിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കേൾക്കാൻ ഷുഹൈബ് എത്തി.

ഇതിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മാധ്യമപ്രവർത്തകൻ ഷഫീഖ് താമരശേരി ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേത്തിന്റെ പ്രസംഗം കേൾക്കാൻ ഷുഹെെബ് എത്തിയത്.

ഷഫീഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കോഴിക്കോട് കടപ്പുറത്ത് നടന്ന ഭരണഘടന സംരക്ഷണ മഹാറാലിയിൽ, മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം കേൾക്കാനായി പോയിരുന്നു. സംഘപരിവാർ ഈ രാജ്യത്ത് നിന്നും ആട്ടിയോടിക്കാൻ ശ്രമിക്കുന്ന മുസ്ലിങ്ങളുടെ സംരക്ഷകരായി ഈ നാടും ഇവിടുത്തെ സർക്കാറും എക്കാലവും ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, കടപ്പുറത്ത് തടിച്ചുകൂടിയവർക്കിടയിൽ വലിയ ആവേശം ഉണ്ടാക്കിയിരുന്നു.

ഹർഷാരവങ്ങൾ മുഴക്കി പിണറായിയെ അഭിവാദ്യം ചെയ്തവർക്കിടയിൽ നിശബ്ദനായി നിന്ന് സൂക്ഷമതയോടെ വേദിയിലേക്ക് നോക്കി നിൽക്കുന്ന ഒരാളെ കണ്ടു. പേര് ഷുഹൈബ്. സി.പി.ഐ.എം അനുഭാവിയായ കമ്മ്യൂണിസ്റ്റുകാരൻ. അദ്ദേഹത്തിന്റെ മകനെയും മകന്റെ കൂട്ടുകാരനെയും രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചതിനും മാർക്സിസ്റ്റ് സാഹിത്യമടക്കമുള്ള, അച്ചടിച്ച കടലാസുകളും പുസ്തകങ്ങളും കൈവശം വെക്കുകയും ചെയ്തതിന് ഇതേ മുഖ്യമന്ത്രിയുടെ സർക്കാർ ഈ രാജ്യത്ത് നിലവിലുള്ള ഏറ്റവും ഭീകരമായ നിയമം ചുമത്തി തടവിലിട്ടിരിക്കുകയാണ്. പോരാത്തതിന് അവർക്ക് മേലുള്ള കേസ് എൻ.ഐ.എ യ്ക്ക് കൈമാറുകയും ചെയ്തിരിക്കുന്നു.

എൻ.ആർ.സി യും, സി.എ.എ യും ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന തിരിച്ചറിവിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നവർ അത്രതന്നെ ഭാരണഘടനാ വിരുദ്ധമായ യു.എ.പി.എ യുടെ നടത്തിപ്പുകാരാകുന്നത് എത്രമാത്രം പരിതാപകരമാണ്…

വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയെന്ന് പറയണമെന്നാണ് നിങ്ങളെല്ലാവരും ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അങ്ങനെ പറയാന്‍ തയാറല്ലെന്നുമാണു മുഖ്യമന്ത്രി അടുത്തിടെ പത്രസമ്മേളനത്തിൽ പറഞ്ഞത്. ഇതിനെതിരെ അലന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

അവരെന്തോ പരിശുദ്ധരാണ്, ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന ധാരണ വേണ്ട. അവര്‍ ചെയ്ത കുറ്റത്തെക്കുറിച്ച് സമയമാകുമ്പോള്‍ വിശദമായി പറയാം. യുഎപിഎക്ക് സര്‍ക്കാര്‍ എതിരാണ്. എന്നാല്‍ മുന്‍പും സംസ്ഥാനത്ത് യുഎപിഎ കേസുകള്‍ ഉണ്ടായിട്ടുണ്ട്. കേസില്‍ പുനപ്പരിശോധന ആവശ്യമാകുന്ന ഘട്ടത്തില്‍ അതു ചെയ്യും. പുനപ്പരിശോധനാ നടപടി ഘട്ടത്തിനു മുന്‍പാണ്, യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ച് എന്‍ഐഎ കേസ് ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു..

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook