ഖത്തര്‍ : വാര്‍ത്തകളോടൊപ്പം തന്നെ പ്രതികരണങ്ങളും വരുന്നുവെന്നതും ഏറ്റവും എളുപ്പത്തില്‍ വായനക്കാരോടും കാഴ്ച്ചകാരോടും സംവദിക്കാന്‍ സാധിക്കും എന്നതുമാണ് ഇന്റര്‍നെറ്റ് കാലഘട്ടത്തിലെ മാധ്യമപ്രവര്‍ത്തനത്തെ മറ്റു സംവേദനസംവിധാനങ്ങളില്‍ നിന്നും വിഭിന്നമാകുന്ന ഒരു പ്രധാനഘടകം. ഇന്റര്‍നെറ്റിന്‍റെ ഈ പ്രതികരണ സ്വഭാവത്തെ മാധ്യമങ്ങളുടെ ജനാധിപത്യവത്കരണമായി വിലയിരുത്തുന്ന മാധ്യമനിരീക്ഷണങ്ങളും ധാരാളമുണ്ട്. എന്നാല്‍ കമന്റുകളിലൂടെയും മറ്റും വരുന്ന പ്രതികരണങ്ങള്‍ എക്കാലത്തും പോസിറ്റീവ് അല്ല എന്നാണ് ഖത്തറില്‍ നിന്നുമുള്ള മാധ്യമസ്ഥാപനമായ അല്‍ജസീറയ്ക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നത്. അതിനാല്‍ തന്നെ തങ്ങളുടെ വാര്‍ത്താ സൈറ്റിന്‍റെ കമന്റ് സെഷന്‍ പൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ പ്രമുഖ മാധ്യമം. മീഡിയം എന്ന ബ്ലോഗിങ് സൈറ്റില്‍ പങ്കുവെച്ച കുറിപ്പിലാണ് അല്‍ ജസീറ ഈ പുതിയ തീരുമാനം വെളിപ്പെടുത്തിയിരിക്കുന്നത്.
വ്യാജനാമങ്ങളില്‍ ഒളിച്ചു നിന്നുകൊണ്ട് പലരും കമന്റ് സെഷന്‍ കൈയ്യേറുന്നു എന്നാണ് അല്‍ജസീറ പറയുന്നത്. പലപ്പോഴും തീവ്രവിമര്‍ശനങ്ങള്‍ക്കും വെറുപ്പിനും വിദ്വേഷങ്ങള്‍ക്കും വര്‍ഗീയതയ്ക്കും വിഭാഗീയചിന്തകള്‍ക്കും വാസ്തവവിരുദ്ധതയ്ക്കും വഴിവെക്കുന്നതാണ് അത്തരം കമന്റുകള്‍ എന്ന് പറയുന്ന അല്‍ജസീറ. ഫലത്തില്‍ ഇന്റര്‍നെറ്റില്‍ ആശയപരമായ ചര്‍ച്ചകളെ അസാധ്യമാണെന്ന് അനുഭവങ്ങള്‍ കാണിച്ചുകൊടുത്തതായും പറയുന്നു.
വായനക്കാരോട് ഇടപെടുക എന്നത് പുതിയ മാധ്യമപരിതസ്ഥിതിയില്‍ ഒരു വിപണന തന്ത്രമായി കൂടി കണക്കാക്കുന്ന കാലത്താണ് എന്നും നിലപാടുകളിലൂടെ ശ്രദ്ദേയരായ അല്‍ജസീറ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. അതിനും അല്‍ ജസീറ ഒരു വിശദീകരണം നല്‍കുന്നുണ്ട്. ഒരു മാധ്യമ സ്ഥാപനമെന്ന നിലയില്‍ നടത്തിയ വിലയിരുത്തലുകളില്‍ വാര്‍ത്താവതരണങ്ങളുടെ ശൈലിയില്‍ കൊണ്ടുവരുന്ന പരീക്ഷണങ്ങള്‍ കൊണ്ടും മാറ്റങ്ങള്‍ കൊണ്ടും വായനക്കാരോട് കൂടുതല്‍ ഇടപെടലുകള്‍ നടത്തുക എന്നതാണ് തങ്ങളുടെ ലക്‌ഷ്യം എന്നാണ് അല്‍ജസീറ പറയുന്നത്.
എന്നാല്‍ വരും കാലത്തെങ്കിലും തങ്ങളുടെ വെബ്സൈറ്റിലേക്ക് ആരോഗ്യകരമായ ചര്‍ച്ചകള്‍ കൊണ്ടുവരാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുവരുന്നതായും അല്‍ജസീറ അറിയിക്കുന്നു. മൊത്തമായി വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഇല്ലാതാക്കുന്നതല്ല ഈ നടപടി പറയുന്ന അല്‍ജസീറ. തങ്ങളുടെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ചര്‍ച്ചകള്‍ തുടരുമെന്നും പ്രേക്ഷകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ക്കൂടി ഇത്തരം ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും അല്‍ജസീറ പറയുന്നു.