വര്‍ഗീയതയും വിദ്വേഷവും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പോസ്റ്റ്‌കാര്‍ഡ് ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജ് എടുത്തുകളഞ്ഞു. ഞായറാഴ്ചയോടെയാണ് ഫെയ്‌സ്ബുക്കിന്റെ നടപടി.

നേരത്തെ കര്‍ണാടകത്തിലെ ജയിന്‍ സന്യാസിയെ മുസ്‌ലിംങ്ങള്‍ ആക്രമിച്ചു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് പോസ്റ്റ്കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ മഹേഷ്‌ വിക്രം ഹെഗ്‌ഡെയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കര്‍ണാടക കേന്ദ്രീകരിച്ചായിരുന്നു പോസ്റ്റ്‌ കാര്‍ഡ് ന്യൂസിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങളും. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ പരേഷ് മെസ്ത എന്ന ഇരുപത്തിമൂന്നുകാരന്റെ മരണം വര്‍ഗീയവത്കരിച്ച് വ്യാജപ്രചരണം നടത്തിയ സംഭവത്തിന്റെ നിജസ്ഥിതി ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ പുസ്തകത്തിലേത് എന്ന പേരില്‍ 2018 ജൂണില്‍ പോസ്റ്റ്‌കാര്‍ഡ് ഇറക്കിയ വാര്‍ത്തയും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. മറ്റൊരു ലേഖനത്തില്‍ ‘സോണിയാ ഗാന്ധി ഹിന്ദുക്കളെ വെറുക്കുന്നു’ എന്ന് പ്രണബ് മുഖര്‍ജി പറഞ്ഞതായും പോസ്റ്റ്‌ കാര്‍ഡ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മഹേഷ്‌ വിക്രം ഹെഗ്ഡെയെ പിന്തുടരുന്നുണ്ട്.

കുട്ടികളെ മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികളിലേക്ക് പോവാനും മതംമാറാനും പ്രോത്സാഹിപ്പിക്കുകയാണ് കര്‍ണാടക സ്കൂളിലെ സാമൂഹ്യ പാഠം ടെസ്റ്റ്‌ പുസ്തകം, എ.ആര്‍.റഹ്മാന്റെയും ഫര്‍ഹാന്‍ അക്തറിന്റെയും പേരില്‍ വ്യാജ പ്രചരണം, മുസ്‌ലിങ്ങള്‍ ബലാത്സംഗം ചെയ്യുന്നതായ പ്രചരണം, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ എന്നൊക്കെയുള്ള പോസ്റ്റ്‌കാര്‍ഡ് ന്യൂസ് വാര്‍ത്തകള്‍ പൊളിഞ്ഞിട്ടുണ്ട്.

മതസ്പർദ്ധ വളര്‍ത്തുക, വിദ്വേഷ പ്രചരണം, വര്‍ഗീയ പ്രചരണം എന്നിവയ്ക്കുള്ള വകുപ്പുകള്‍ ചാർത്തിയാണ് പോസ്റ്റ്‌കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ മഹേഷ്‌ വിക്രം ഹെഗ്ഡെയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്യുന്നത് എന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook