scorecardresearch
Latest News

ഹൃദയം നിറച്ച് ‘ആകാശമായവളേ’; സോഷ്യൽ മീഡിയ നിറഞ്ഞ് എട്ടാം ക്ലാസുകാരൻ മിലൻ, സിനിമയിൽ പാടാനും അവസരം

”എത്ര ശ്രദ്ധയോടെയാണു കൂട്ടുകാര്‍ മിലനെ കേള്‍ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്..വളരെ, വളരേ സന്തോഷം തോന്നുന്നു… ! കൂടെ, സുഖമുള്ള ഒരു ചെറിയ നോവും കൂടി അനുഭവപ്പെടുന്നുണ്ട് !” ഗായകൻ ഷഹബാസ് അമൻ കുറിച്ചു

Milan, viral song, Akashamayavale

പുറത്തിറങ്ങിയിട്ട് ഒന്നര വര്‍ഷത്തിലേറെയായെങ്കിലും മലയാളികളുടെ നാവിന്‍ തുമ്പത്ത് മായാതെ കിടക്കുകയാണു ‘ആകാശമായവളെ…അകലേപ്പറന്നവളേ… ചിറകായിരുന്നല്ലോ നീ’ എന്ന പാട്ട്. മികച്ച ഈണത്തിനൊപ്പം സുഖമുള്ള നോവ് അനുഭവിപ്പിക്കുന്ന ഗംഭീര വരികളും ശബ്ദഭാവവും ആസ്വാദകരെ കാന്തം പോലെ പിടിച്ചുനിര്‍ത്തുന്നതാണ്.

‘വെള്ളം’ എന്ന സിനിമയിലെ, ഷഹബാസ് അമന്‍ എന്ന വ്യത്യസ്ത ശബ്ദത്തിന്റെ ഉടമ ജനഹൃദയങ്ങളില്‍ ആഴത്തില്‍ പതിപ്പിച്ച പാട്ട് അതേ ഭാവം ഉള്‍ക്കൊണ്ട് പാടിയ പതിമൂന്ന് വയസുകാരന്റെ പുറകെയാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍. വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ഈ ശബ്ദത്തിനുടമയെ ഷഹബാസ് അമനും പാട്ടിനു സംഗീതമൊരുക്കിയ ബിജിബാലും സിനിമയുടെ സംവിധായകൻ പ്രജേഷ് സെന്നുമെല്ലാം സ്‌നേഹം കൊണ്ട് മൂടിക്കഴിഞ്ഞു. ‘ഉള്ളില്‍ തട്ടുന്നു…!’ എന്നാണ് ഷഹബാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

തൃശൂര്‍ കൊടകര മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ മിലനാണു ഈ മാസ്മരി ശബ്ദത്തിന്റെ ഉടമ. അപ്രതീക്ഷിതമായാണു മിലന്റെ പാട്ട് പുറത്തുവന്നത്. ക്ലാസിലെ ഒഴിവ് സമയത്ത് അധ്യാപകന്‍ പ്രവീണ്‍ കുമാര്‍ മിലന്റെ പാട്ട് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു. ആറായിരത്തിലേറെ പേര്‍ ഷെയര്‍ ചെയ്യും പതിനായിരത്തിലേറെ പേര്‍ ലൈക്ക് ചെയ്യുകയും ചെയ്ത വീഡിയോ നാല് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.

വെള്ളിയാഴ്ച സാമൂഹ്യശാസ്ത്ര ക്ലാസ് കഴിഞ്ഞപ്പോള്‍ പിരിയഡ് അവസാനിക്കാന്‍ അധ്യാപകനു മുന്നില്‍ അഞ്ച് മിനുട്ട് ബാക്കിയുണ്ടായിരുന്നു. ‘നമുക്ക് എന്താ ചെയ്യുക, ആരാ ഒരു പാട്ട് പാടുക,” എന്ന അധ്യാപകന്റെ ചോദ്യം കേട്ടപ്പോള്‍ മിലന്‍ പതുക്കെപ്പതുക്കെ കൈ പൊക്കുകയായിരുന്നു.

പാട്ട് തുടങ്ങി അധികം കഴിയും മുന്‍പേ ക്ലാസ് ഒന്നാകെ ലയിച്ചുപോയി. ഇതോടെ ‘മോനെ നിര്‍ത്തിയിട്ട് ഒന്നു കൂടി പാടുമോ? മാഷ് മൊബൈലില്‍ എടുത്തോട്ടെയെന്ന് പ്രവീണ്‍ ചോദിച്ചിടത്തുനിന്നാണ് മിലന്‍ ലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്കു കുടിയേറിയിരിക്കുന്നത്. അപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നിയ നിമിഷത്തില്‍ ഏറെ സന്തോഷിക്കുകയാണു പ്രവീണിപ്പോള്‍.

”ഇന്ന് ക്ലാസില്‍, ആരെങ്കിലും ഒരു പാട്ട് പാടൂന്ന് പറഞ്ഞപ്പോഴേക്കും … അരികില്‍ വന്നുനിന്ന് ‘ ആകാശമായവളെ ‘ ! പാട്ട് പാടിയ മിലന്‍ എന്ന എന്റെ ഈ വിദ്യാര്‍ത്ഥി .. ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷം നല്‍കി …” എന്നാണു വീഡിയോ പങ്കുവച്ചുകൊണ്ട് പ്രവീണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മിലന്റെ പാട്ട് കേട്ട് അവനെയും അധ്യാപകനെയും വിളിച്ചു സന്തോഷമറിയിച്ചെന്നും അടുത്ത സിനിമകളിൽ പാടാൻ അവസരം നൽകുമെന്ന് അറിയിച്ചെന്നും പ്രജേഷ് ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. “കഴിഞ്ഞ ദിവസം അതുപോലെ ക്ലാസ് മുറിയിൽ പാട്ട് പാടുന്ന മിലൻ എന്ന കുട്ടിയുടെ വിഡിയോ അധ്യാപകൻ പ്രവീൺ ഷെയർ ചെയ്തത് ശ്രദ്ധയിൽ പെട്ടു . ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട് .ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നതിൽ പരം സന്തോഷമെന്താണ്. നിധീഷിന്റെ വരികളിൽ ബിജിബാൽ ഈണമിട്ട് ആദ്യം പാടി തന്ന ആ നിമിഷത്തിൽ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടതായി ആകാശമായവളേ… മാറിയിരുന്നു. സത്യത്തിൽ കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു. മിലന്റെ അധ്യാപകനെയും മില നെയും വിളിച്ചു. സന്തോഷം അറിയിച്ചു. അടുത്ത സിനിമകളിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചു, മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇനിയും പാടട്ടെ ആഹ്ലാദിച്ചു പഠിച്ച് വളരെട്ടെ നമ്മുടെ കുട്ടികൾ… എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു. മിലന് ആശംസകൾ.” പ്രജേഷ് കുറിച്ചു.

”നന്ദി പ്രവീണ്‍ ജി.. മിലന്‍,എത്ര ഹൃദ്യമായാണു ‘ആകാശമായവളേ..’ പാടുന്നത്? ഉള്ളില്‍ തട്ടുന്നു…! എത്ര ശ്രദ്ധയോടെയാണു കൂട്ടുകാര്‍ മിലനെ കേള്‍ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്..വളരെ, വളരേ സന്തോഷം തോന്നുന്നു… ! കൂടെ, സുഖമുള്ള ഒരു ചെറിയ നോവും കൂടി അനുഭവപ്പെടുന്നുണ്ട് ! ഹൃദയം നിറഞ്ഞ് കവിയുന്നു.. കുട്ടിക്കാലത്ത് ഇത് പോലെ സ്വന്തം മനസ്സില്‍ അറിയാതെ പതിഞ്ഞു പോയ വാക്കുകളാണല്ലൊ പാടിയിരുന്നത് എന്ന ഓര്‍മ്മ അതില്‍ നനഞ്ഞ് കുതിരുന്നു…നന്ദി മിലന്‍..നിറയേ നിറയേ സ്‌നേഹം.. ” ഷഹബാസ് കുറിച്ചു. ബിജിപാലും മിലന്റെ പാട്ടിനു സ്‌നേഹം അറിയിച്ചു.

‘ഹൃദയം തൊടുന്നു’, ‘ആഹാ… എന്നാ ഫീല്‍’, ‘പാട്ടിലത്ര ചേര്‍ന്നലിഞ്ഞാണവന്‍ മുന്നോട്ടു പോവുന്നത്…’, ‘വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു’, ‘മിലന്റെ മാഷ് എന്ന് ലോകം അറിയപ്പെടാന്‍ ഉണ്ടായ നിമിഷങ്ങള്‍ക്ക് നന്ദി’ എന്നു തുടങ്ങി നൂറുകണക്കിനു കമന്റുകളാണു വീഡിയോയ്ക്കു താഴെയുള്ളത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മിലന്‍ പാടുന്ന വീഡിയോ പങ്കുവച്ചു.

പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന ജയസൂര്യ ചിത്രത്തിലേതാണു ‘ആകാശമായവളെ’ എന്നു തുടങ്ങുന്ന ഗാനം. പ്രജേഷിന്റെ സഹപ്രവര്‍ത്തനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ നിധീഷ് നടേരിയുടേതാണു വരികള്‍. കഴിഞ്ഞവര്‍ഷം ജനുവരി ആദ്യമാണു ചിത്രം റിലീസ് ചെയ്തത്. ഷഹബാസ് അമന്‍ ഈ ഗാനം സമര്‍പ്പിച്ചിരിക്കുന്നത് ബിജിപാലിന്റെ ഭാര്യ ശാന്തിക്കാണ്.

ഇതേ ഗാനം കൊച്ചി സ്വദേശിയായ സംഗീതാധ്യാപിക വൈഗ സന്തോഷ് പാടിയതും സമീപകാലത്ത് വൈറലായിരുന്നു. വൈഗയെ അഭിനന്ദനം അറിയിച്ചുകൊണ്ടും പിന്നീട് ഗായികയോട് സംസാരിച്ച കാര്യവും ഷഹബാസ് അമന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Akashamayavale viral song kerala school student milan wins hearts

Best of Express