മെയ് 18 നാണ് കാൻ ചലച്ചിത്ര മേളയുടെ റെഡ് കാർപ്പറ്റിൽ ഐശ്വര്യ റായ് ബച്ചനെത്തിയത്. സോഫി കൗച്ചർ ലേബൽ ഒരുക്കിയ മിന്നി തിളങ്ങുന്ന സിൽവർ ഗൗണാണ് താരം ധരിച്ചത്. താരത്തിന്റെ തല മൂടും വിധത്തിൽ വലിയൊരു ആവരണം ഡ്രെസ്സിന്റെ മുകൾ ഭാഗത്തുണ്ട്. അതു കൂടാതെ ഇതിനെയെല്ലാം കൂട്ടിച്ചേർക്കുന്ന ഓവർസൈസ്ഡ് ബ്ലാക്ക് ബോ വസ്ത്രത്തിനു കൂടുതൽ ഭംഗിയേകുന്നു. കാൻ കാപ്സ്യൂൾ കളക്ഷനിൽ ഉൾപ്പെടുന്ന കളക്ഷനാണ് ഐശ്വര്യയുടേതെന്ന് വസ്ത്രം ഒരുക്കിയ ലേബലും സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഐശ്വര്യയുടെ ലുക്കിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഗിഫ്റ്റ് പൊതിഞ്ഞതു പോലെയുണ്ടെന്ന് ഒരാൾ ലുക്കിനെ വിശേഷിപ്പിച്ചപ്പോൾ സിൽവർ ഫോയിലിൽ ഒട്ടിപിടിച്ചിരിക്കുന്ന പൊറോട്ടയായാണ് മറ്റൊരാൾ പറഞ്ഞത്.കാർട്ടൂൺ കഥാപാത്രത്തെ പോലുണ്ടെന്ന കമന്റുകളും ചിത്രങ്ങൾക്കു താഴെ നിറഞ്ഞിരുന്നു.
മേളയ്ക്കു വേണ്ടിയുള്ള ഐശ്വര്യയുടെ ആദ്യ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷിമ്മറിങ്ങുള്ള ഗ്രീൻ കേപ്പ് ഡ്രെസ്സാണ് മേളയുടെ ആദ്യ പകുതിയിൽ താരം അണിഞ്ഞത്. വസ്ത്രത്തിനൊപ്പം പിവിസി ഹൈ ഹീൽസാണ് സ്റ്റൈൽ ചെയ്തത്.
മകൾ ആരാധ്യ ബച്ചനും ഐശ്വയ്ക്കൊപ്പം കാൻ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് റിവേറയിലെത്തിയ ഇരുവരുടെയും ചിത്രങ്ങൾ ഫാൻ പേജുകളിൽ നിറഞ്ഞിരുന്നു.