നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’യ്ക്ക് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നിന് കാസര്‍ഗോഡ് കുമ്പളയിലാണ് ‘ഐശ്വര്യ കേരളയാത്ര’ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത്. എന്നാൽ, ചെന്നിത്തലയുടെ യാത്ര ആരംഭിക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപേ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് യുഡിഎഫും കോൺഗ്രസും. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ നൽകിയ പരസ്യമാണ് അതിനു കാരണം.
‘ഐശ്വര്യ കേരളയാത്ര’യുടെ മുഴുവന്‍ പേജ് പരസ്യം ഇന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്നിട്ടുണ്ട്. എന്നാൽ, ഈ പരസ്യം കോൺഗ്രസിനു തന്നെ പാരയായി. പരസ്യത്തിനു അഭിവാദ്യങ്ങൾ അർപ്പിക്കേണ്ടതിനു പകരം ആദരാഞ്ജലികൾ അർപ്പിച്ചതോടെയാണ് ‘ഐശ്വര്യ കേരളയാത്ര’ ട്രോളുകളിൽ ഇടംപിടിച്ചത്.
Read Also: ‘മിന്ത്ര’യുടെ ലോഗോ മാറ്റാൻ കാരണമെന്ത് ?
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളെല്ലാം പരസ്യത്തിന്റെ ആദ്യ പകുതിയിലുണ്ട്. ബാക്കി പകുതിയില്‍ പരസ്യമാണ്. ഇതിനു രണ്ടിനും ഇടയില്‍ യാത്രയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഭാഗത്താണ് പണി പാളിയത്. ഈ ഭാഗത്ത് ‘ആദരാഞ്ജലികളോടെ’ എന്നാണ് അച്ചടിച്ചിരിക്കുന്നത്. ആശംസകൾ, അഭിവാദ്യങ്ങൾ എന്നിവയ്ക്ക് പകരം ‘ആദരാഞ്ജലികൾ’ എന്നു അച്ചടിച്ചുവന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായി.
‘ആദരാഞ്ജലികളോടെ’ എന്നതിന് ആദരവോടെയുള്ള കൂപ്പുകൈ എന്നാണ് വാച്യാര്‍ഥമെങ്കിലും സാധാരണ ഗതിയില്‍ മരണവുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളിലാണ് ഈ പ്രയോഗം നടത്താറുള്ളത്. ആദരാഞ്ജലികൾ എന്ന് പ്രയോഗിച്ചത് തെറ്റല്ലെന്ന വാദം വീക്ഷണം മാനേജ്മെന്റും ഉയർത്തുന്നു. ദുരുദ്ദേശത്തോടെ ഒരു ഡിടിപി ഓപ്പറേറ്റർ വീഴ്ച വരുത്തിയതാണെന്നും അയാൾക്കെതിരെ നടപടി സ്വീകരിച്ചെന്നും വീക്ഷണം മാനേജ്മെന്റ് വിശദീകരിക്കുന്നു. അതേസമയം, ‘ആദരാഞ്ജലികളോടെ’ ബഹുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഏതാനും ഭാഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.