മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് തവൗവിലേക്കുള്ള എയർഏഷ്യ വിമാനത്തിൽ യാത്രക്കാർക്കൊപ്പം അപ്രതീക്ഷിത അതിഥിയായി പാമ്പ്. പാമ്പിനെ കണ്ടതിനെ തുടർന്ന് വിമാനം കുച്ചിംഗിലേക്ക് തിരിച്ചിറക്കി. വിമാനത്തിന്റെ ലൈറ്റ് ബോക്സിന് ഉള്ളിലാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
ഇത് പലപ്പോഴും സംഭവിക്കുന്ന കാര്യമാണെന്ന് എയർ ഏഷ്യയുടെ ചീഫ് സേഫ്റ്റി ഓഫീസർ ക്യാപ്റ്റൻ ലിയോങ് ടിയാൻ ലിംഗ് പറഞ്ഞതായി ദി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
“വ്യാഴാഴ്ച ക്വാലാലംപൂരിൽ നിന്ന് തവാവിലേക്കുള്ള വിമാനത്തിൽ നടന്ന സംഭവത്തെക്കുറിച്ച് എയർഏഷ്യയ്ക്ക് അറിയാം. ക്യാപ്റ്റനെ അറിയിച്ചയുടൻ, അണുവിമുക്തമാക്കാൻ വിമാനം കുച്ചിംഗിലേക്ക് തിരിച്ചിറക്കി, ”അദ്ദേഹത്തെ ഉദ്ധരിച്ച് എൻപിആർ റിപ്പോർട്ട് ചെയ്തു.
പാമ്പ് എങ്ങനെയാണ് വിമാനത്തിനുള്ളിൽ കയറിയതെന്ന് വ്യക്തമല്ലെന്നും ഇത് യാത്രക്കാരുടേതാണോ എന്നതിനെ കുറിച്ച് വിവരമില്ലെന്നും ക്യാപ്റ്റൻ ദി സ്റ്റാറിനോട് പറഞ്ഞു. യാത്രക്കാർ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിനുള്ളിൽ പാമ്പ് ഇഴയുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പൈലറ്റായ ഹന മൊഹ്സിൻ ഖാൻ ഷെയർ ചെയ്ത വീഡിയോയിൽ വിമാനത്തിന്റെ പ്രകാശമുള്ള ഭാഗത്ത് പാമ്പ് ചരിഞ്ഞുകിടക്കുന്നതായി കാണാനാകും.
Also Read: ‘നേപ്പാളിലേക്ക് വരൂ, നമുക്ക് ഇനി എവറസ്റ്റ് കീഴടക്കാം’; ബാബുവിനെ ബോബി ക്ഷണിക്കുന്നു