യാഥാർത്ഥ്യം എന്ന് തോന്നിപ്പിക്കുന്ന എഐ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വേഗമാണ് വൈറലാകാറുള്ളത്. മനുഷ്യമനസ്സുകൾക്ക് സങ്കൽപ്പിക്കാൻ മാത്രം സാധിക്കുന്ന ചില ചിത്രങ്ങളും എഐ നിർമിക്കാറുണ്ട്. വൃദ്ധജനങ്ങളുടെ വ്യത്യസ്തമായ ചിത്രങ്ങളാണ് നെറ്റിസൺസിനിടയിൽ കൗതുകം ഉണർത്തുന്നത്. അവർ ഫാഷൻ ഷോകളിലും സ്കേറ്റിങ്ങിലുമൊക്കെ തിളങ്ങുന്ന ചിത്രങ്ങളാണ് ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ഉപയോഗിച്ച് നിർമിച്ചിരിക്കുന്നത്.
മിഡ്ജേണി ഉപയോഗിച്ച് നിർമിച്ച എഐ ചിത്രങ്ങളിലാണ് ബീച്ച് ഡേ ആഘോഷിക്കുന്ന വൃദ്ധരായ വനിതകളെ കാണുന്നത്. ഇന്ത്യൻ പരമ്പരാഗത വസ്ത്രമായ സാരിയും ബ്ലൗസുമാണ് ഇവർ അണിഞ്ഞത്. കൂട്ടുകാർക്കൊപ്പം ബീച്ചിൽ കളിക്കുകയാണിവർ. സർഫ്ബോർഡും കൈയ്യിൽ പിടിച്ച് കടൽ തീരത്തു കൂടി നടന്നു നീങ്ങുകയാണ് രണ്ടു വനിതകൾ. മൂന്നു പേർ ഒരുമിച്ച് നിന്ന് ചിൽ ചെയ്യുന്ന ചിത്രത്തിനൊപ്പം തിരകൾ നോക്കി ആനന്ദം പങ്കിടുന്നവരുടെ ചിത്രങ്ങളുമുണ്ട്. നര കയറിയ മുടിയുമായി സ്റ്റൈലിഷ് ലുക്കിൽ സെൽഫി ചിത്രത്തിനായി പോസ് ചെയ്യുകയാണ് മറ്റു മൂന്നു വനിതകൾ. അതിൽ രണ്ടു പേർ സൺഗ്ലാസ്സും ധരിച്ചിട്ടുണ്ട്.
‘നാനീസ് അറ്റ് ദി ബീച്ച്’ എന്നാണ് ചിത്രങ്ങളുടെ അടികുറിപ്പ്. ഏപ്രിൽ 23ന് ആഷിഷ് ജോസ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ ലൊക്കേഷനായി ടാക് ചെയ്തിരിക്കുന്നത് ഗോവ എന്നാണ്.
വളരെയധികം എനർജി നിറഞ്ഞ അമ്മൂമ്മമാരെ കാണാനായതിന്റെ കൗതുകത്തിലാണ് സോഷ്യൽ മീഡിയ. ‘ഇത് ശരിക്കും നടന്ന കാര്യമാണെന്നാണ് ഞാൻ കരുതിയത്’ എന്നൊരാൾ കമന്റു ചെയ്തു. ‘ഇതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു’ എന്നാണ് മറ്റൊരു കമന്റ്.