ക്രിക്കറ്റിനെ അതിരുകവിഞ്ഞ് സ്നേഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് താരങ്ങളോടും വലിയ ആരാധനയാണുള്ളത്. തങ്ങളുടെ പ്രിയ താരങ്ങളുടെ ചിത്രങ്ങള്‍ വരച്ചും അത് സമ്മാനമായി നല്‍കിയുമൊക്കെ പലരും സ്നേഹം പ്രകടിപ്പിക്കാറുണ്ട്. മുന്‍നിര താരങ്ങളുടെ എഐ ചിത്രങ്ങളൊരുക്കി ശ്രദ്ധ നേടുകയാണ് യുവാവ്. എസ് കെ എം ഡി അബു സാഹിദ് എന്നാണ് യുവാവിന്റെ പേര്.
ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ വാര്‍ധക്യത്തിലെത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. രവീന്ദ്ര ജഡേജ, എം എസ് ധോണി, വിരാട് കോഹ്ലി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ജസ്പ്രിത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ചേതേശ്വര്‍ പൂജാര എന്നിവരുടെ എഐ ചിത്രമാണ് വൈറലായിരിക്കുന്നത്.
എഐ ആര്‍ട്ട് ടൂളായ മിഡ്ജേണി ഉപയോഗിച്ചാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് കൃത്യതയില്ലെന്നും കൂടുതല്‍ താരങ്ങള്‍ക്കും പല പ്രമുഖരുടേയും രൂപസാദൃശ്യമുണ്ടെന്നും വിമര്‍ശനമുണ്ട്. രവീന്ദ്ര ജഡേജയെ കണ്ടാല്‍ രബീന്ദ്ര നാഥ ടാഗോറിനെ പോലെയാണെന്നും കെ എല്‍ രാഹുല്‍ എസ് എസ് രാജമൗലിയെ പോലെയിരിക്കുന്നു എന്നും കമന്റുകളുണ്ട്.
“വാര്‍ധക്യത്തിലെത്തുന്നതോടെ ഇവര്‍ ദാരിദ്ര്യത്തിലെത്തണമെന്നില്ല, പക്ഷെ തീര്‍ച്ചയായും അവരുടെ മുടിയുടെ കാര്യത്തില്‍ മാറ്റം വന്നിരിക്കും, അങ്ങനെ ചില കാര്യങ്ങള്‍ ചിത്രങ്ങളില്‍ വിട്ടുപോയിട്ടുണ്ട്,” ഒരാള്‍ കുറിച്ചു. കെ ജി എഫിലെ വില്ലന്മാരെ പോലെയുണ്ടെന്നായിരുന്നു മറ്റൊരു അഭിപ്രായം.