എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മനുഷ്യന്റെ ചിന്താശേഷിക്ക് അപ്പുറമുള്ള ഒരു പക്ഷെ സ്വപ്നത്തിൽ മാത്രം കണ്ട ചില ചിത്രങ്ങൾ എ ഐ രൂപത്തിൽ കണ്ടപ്പോൾ അത്ഭുതപ്പെട്ടവരാണ് നമ്മളിൽ പലരും.
ഇന്ത്യയിലെ സൂപ്പർ താരങ്ങൾക്കു പ്രായമായാൽ കാണാൻ എങ്ങനെയായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? എ ഐ വിദ്യ ഉപയോഗിച്ച് താരങ്ങളുടെ രൂപം സൃഷ്ടിച്ചിരിക്കുകയാണ് സാഹിദ്. എ ഐ ചിത്രങ്ങൾ കൂടുതലായും നിർമിക്കുന്ന മിഡ് ജേർണി എന്ന ടൂൾ ഉപയോഗിച്ചാണ് സാഹിദ് ഈ കൗതുകം ഉണർത്തുന്ന രൂപങ്ങൾ ഒരുക്കിയത്. രൺബീർ കപൂർ, ഷാരൂഖ് ഖാൻ, ഹൃതിക്ക് റോഷൻ, അല്ലു അർജുൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, മഹേഷ് ബാബു, പ്രഭാസ്, അക്ഷയ് കുമാർ, ഷാഹിദ് കപൂർ എന്നിവർ വൃദ്ധരായാലുള്ള ലുക്ക് നിർമിക്കുകയാണ് സാഹിദ്. “നടന്മാരെ വൃദ്ധരായി എ ഐ സങ്കൽപ്പിച്ചപ്പോൾ” എന്നാണ് അദ്ദേഹം പോസ്റ്റിനു താഴെ കുറിച്ചത്.
‘ഹൃതിക്ക് റോഷനെ കാണാൻ രൺബീർ കപൂറിനെ പോലെയുണ്ട്’ എന്നാണ് ഒരാൾ പോസ്റ്റിനു കമന്റു ചെയ്തത്. ഇമ്രാൻ ഹാഷ്മിയുമായി സാമ്യതയുണ്ട് ഷാഹിദ് കപൂറിന്, എന്തുകൊണ്ടാണ് എല്ലാവർക്കും താടിയുള്ളത്, മീശയും താടിയുമൊന്നുമില്ലാതെ പ്രായമാകാൻ സാധിക്കില്ലേ, ഇതിൽ സൽമാൻ ഖാൻ, പ്രഭാസ്, അക്ഷയ് കുമാർ എന്നിവരെ മാത്രമെ കണ്ടിട്ട് മനസ്സിലാകുന്നുള്ളൂ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരങ്ങളുടെ ഇത്തരത്തിലുള്ള ചിത്രങ്ങൾ വൈറലായത്. സാഹിദ് തന്നെയാണ് ആ എ ഐ രൂപങ്ങൾക്കും ജന്മമേകിയത്. രവീന്ദ്ര ജഡേജ, എം എസ് ധോണി, വിരാട് കോഹ്ലി, സച്ചിൻ ടെണ്ടുൽക്കർ, കെ എൽ രാഹുൽ, രോഹിത് ശർമ്മ തുടങ്ങിയവരുടെ ചിത്രങ്ങളാണ് സാഹിദ് ഒരുക്കിയത്,