വാഹനങ്ങള്‍ തമ്മില്‍ തട്ടുന്നതും തുടര്‍ന്ന് ഉടമകള്‍ വാക്കേറ്റത്തിലേക്ക് എത്തുന്നതുമെല്ലാം റോഡിലെ പതിവ് കാഴ്ചകളാണ്. ഇത്തരത്തിലുള്ള പല തര്‍ക്കങ്ങളും വലിയ പ്രശ്നങ്ങളിലേക്കെത്തുന്നതും നാം കണ്ടിട്ടുണ്ട്. വാഹനത്തിലേല്‍ക്കുന്ന ചെറിയ പോറലുകള്‍ വകവയ്ക്കാതെ പോകുന്നവരുമുണ്ട്. ഇതിന് വിപരീതമായൊരു കാഴ്ചയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
സംഭവം ഭോപ്പാലിലാണ്. ഉന്തുവണ്ടിയില്‍ വില്ക്കാന് കൊണ്ടുപോകുന്ന പഴങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുന്ന സ്ത്രീയേയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. കച്ചവടക്കാരന്റെ ഉന്തുവണ്ടി തന്റെ കാറില്‍ തട്ടുകയും കാറിന് പോറലേറ്റതുമാണ് ഇത്തരമൊരു കൃത്യം ചെയ്യാന്‍ സത്രീയെ പ്രേരിപ്പിച്ചതെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.
ഉന്തുവണ്ടിയിലുള്ള ഓരോ പഴങ്ങളെടുത്ത് റോഡിലേക്ക് വലിച്ചെറിയുകയും മറ്റ് വാഹനങ്ങള്‍ പോകുന്നതിന് ഇവര്‍ തടസം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാറ് നന്നാക്കാന്‍ വേണ്ടത് ചെയ്യാമെന്നും പഴങ്ങള്‍ നശിപ്പിക്കരുതെന്നും കച്ചവടക്കാരന് പറഞ്ഞതിന് ശേഷവും ഇവര്‍ പ്രവര്‍ത്തി തുടര്‍ന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
അരമണിക്കൂറോളം ഇവര്‍ പഴങ്ങള്‍ വലിച്ചെറയുന്നത് തുടര്‍ന്നതായും പിന്നീട് നാട്ടുകാരെത്തിയാണ് സ്ഥിതി ശാന്തമാക്കിയതെന്നുമാണ് വിവരം. വീഡിയോ വൈറലായതോടെയാണ് ഇവര്‍ ആരാണെന്നുള്ളത് സംബന്ധിച്ച് അന്വേഷണമുണ്ടായതും ഭോപ്പാലിലെ ഒരു സ്വകാര്യ സര്‍വകലാശാലയിലെ പ്രൊഫസറാണെന്ന് തിരിച്ചറിഞ്ഞതും.
Also Read: കനാലില്‍നിന്ന് പുറത്തുകടക്കാനാവാതെ ആനക്കൂട്ടം; രക്ഷകരായി വനപാലകര്‍