മലയാള ഡിജിറ്റല്‍ രംഗത്തെ താരങ്ങളാണ് കേരള പോലീസ്. ജനങ്ങള്‍ക്കുള്ള സന്ദേശങ്ങളും ബോധവല്‍ക്കരണവും എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ രസകരമായി സമന്വയിപ്പിച്ച് ഏവരുടെയും ഹൃദയം കവര്‍ന്ന കേരളാ പോലീസ് ടിക്ടോക്കിലും എത്തിയിട്ടുണ്ട്. ടിക് ടോക്കില്‍ ചേര്‍ന്ന് രണ്ടു ദിവസം കൊണ്ട് തന്നെ ഒന്നരലക്ഷത്തോളം പേരാണ് കേരളാ പോലീസിന്റെ അക്കൗണ്ട്‌ ഫോളോ ചെയ്തിരിക്കുന്നത്.

 

ആകെ മൂന്ന് വീഡിയോകളാണ് ഇത് വരെ പോസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ ഒന്ന് കേരളാ പോലീസിനെ അഭിനന്ദനം അറിയിച്ചു കൊണ്ടും ടിക് ടോക്കിലേക്ക് സ്വാഗതം ചെയ്തു കൊണ്ടും ഉള്ള നടന്‍ സൈജു കുറുപ്പിന്റെ വീഡിയോ ആണ്. മറ്റു രണ്ടും പോലീസിന്റെ പ്രവര്‍ത്തനങ്ങളെയും ഡിജിറ്റല്‍ ലോകത്തെ സാന്നിധ്യത്തേയും കാണിച്ചു കൊണ്ടുള്ളതാണ്. എല്ലാ പോസ്റ്റിനു താഴെയും രസകരമായ കമന്റുകളുമായി കേരളാ പോലീസ് ഫാന്‍സും എത്തുന്നുണ്ട്.

‘ഓ മൈ ഗോഡ്, സി ഐ ഡികള്‍ ഇവിടെയും എത്തിയോ,’ ‘ലൈക്‌ കിട്ടില്ലേല്‍ മാമനോട് പറഞ്ഞാ മതിയോ,’ ‘ഫുക്രു എന്ന വന്മരം വീണു, ഇനിയാര്, കേരള പോലീസ്,’ ‘ടിക്ടോക്കിലും ഇങ്ങള് പൊളിക്കുവാണല്ലോ കേരളാ പോലീസേ,’ ‘ഒന്നും നോക്കിയില്ല, ജീപ്പുമെടുത്തു ഇങ്ങു പോന്നു,’ ‘ഓ നോ, പെരേര, കേരളാ പോലീസ്, എസ്കേപ്’ ഇങ്ങനെ പോകുന്നു കമന്റുകള്‍.

ടിക്ടോക്കിന്റെ പോപുലരാറ്റിയും റീച്ചുമാണ് കേരള പോലീസിനെ ഇവിടേയ്ക്ക് എത്താന്‍ പ്രേരിപ്പിച്ചത് എന്ന് കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന ഓഫീസര്‍ ‘ദി ഹിന്ദു’വിനോട് വെളിപ്പെടുത്തി. കൂടാതെ ടിക്ടോക് വീഡിയോകള്‍ ഫേസ്ബുക്ക്‌ പോലെയുള്ള മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് ഷെയര്‍ ചെയ്യാനും സാധിക്കും എന്നത് കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായും ഇനി ടിക്ടോക്കില്‍ കേരളാ പോലീസിന്റെ നാളുകളാണ് എന്നതില്‍ സംശയമില്ല. കേരളാ പോലീസിന്റെ ഫേസ്ബുക്ക്‌ പേജിന്റെ അനുഭവം വച്ച് നോക്കിയാല്‍, ടിക്ടോക്കിലും അവര്‍ താരങ്ങളാകും എന്നതില്‍ സംശയമില്ല.

 

ടിക്ടോക് ഇന്ത്യയും ഔദ്യോഗികമായി കേരളാ പോലീസിനെ സ്വാഗതം ചെയ്തു കൊണ്ടെത്തി.  ടിക്ടോക്കിലെ കേരളാ പോലീസിന്റെ സാന്നിദ്ധ്യം ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമാകും എന്ന് അവര്‍ ട്വിറ്റെറില്‍ കുറിച്ചു.

Read More: മടങ്ങി വരവിലും ഒന്നാമനായി ടിക് ടോക്; പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നമ്പർ വൺ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook