യഥാര്‍ത്ഥ സ്നേഹം എല്ലാ തടസങ്ങളെയും മറികടക്കുന്നതാണ്. അതിനു ഭാഷയോ രാജ്യങ്ങളുടെ അതിര്‍ത്തികളോ ബാഹ്യസൗന്ദര്യമോ മറ്റു തടസങ്ങളോ പ്രശ്നമല്ലെന്ന് കൂടെക്കൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെയാണു ചില വിവാഹ സമ്മാനങ്ങളും.
ചില അപ്രതീക്ഷിത വിവാഹ സമ്മാനങ്ങള്‍ ഒരു കാലത്തും മറക്കാനാവാത്തതായി മാറും. ഇവിടെ, വധുവിന്റെ മാതൃഭാഷയായ മലയാളത്തില്‍ വിവാഹ പ്രതിജ്ഞ ചൊല്ലി ലോകമെങ്ങുമുള്ള ആളുകളുടെ ഹൃദയം കവരുകയാണ് ഈ ആഫ്രിക്കന്‍ അമേരിക്കന്‍ വരന്, വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
അമേരിക്കയിലെ ന്യൂജേഴ്സിയില്‍ അടുത്തിടെ നടന്ന മനോഹരമായ വിവാഹച്ചടങ്ങാണ് ഭാര്യയെക്കുറിച്ചുള്ള വരന്റെ മലയാളം വാക്കുകള്‍ കൊണ്ട് ശ്രദ്ധേയമായത്. മലയാളിയായ വധു ജെനോവ ജൂലിയന്‍ പ്രയറിന് അവിസ്മരണീയമായ മുഹൂര്‍ത്തം നല്‍കാനായിരുന്നു വരന് ഡാന്സലിന്റെ ശ്രമം. അതില്‍ ഡാന്‍സല്‍ വിജയിച്ചുവെന്നാണു പിന്നീടുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
മനോഹരമായ വിവാഹ വസ്ത്രത്തിലെത്തിയ ദമ്പതികള്‍ അള്‍ത്താരയില്‍ അനുഗ്രഹം തേടുന്നതിനിടെ ജെനോവയെ വികാരഭരിതയാക്കിയ ഒരു മധുര നിമിഷമായിരുന്നു അത്. വിവാഹ പ്രതിജ്ഞ ഇംഗ്ലീഷില്‍ വായിക്കാന്‍ തുടങ്ങിയ ഡാന്‍സല്‍, പൊടുന്നനെ വാക്കുകള്‍ മലയാളത്തിലേക്കു മാറ്റുകയായിരുന്നു. ജെനോവയുടെ പൈതൃകത്തോടുള്ള ആദരസൂചകമായിട്ടായിരുന്നു മലയാളത്തിലുള്ള ഡാന്സലിന്റെ വാക്കുകള്‍.
ഡാന്‍സല്‍ തന്റെ ഫോണില്‍ നോക്കി മലയാളത്തിലുള്ള വാക്കുകള്‍ വായിക്കുന്ന വീഡിയോ ജെനോവ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഭാഷ മനസിലാകാത്തവര്‍ക്കായി മലയാളം വാക്കുകളുടെ പരിഭാഷയും നല്‍കിയിട്ടുണ്ട്.
ജെനോവയുടെ കണ്ണില്‍ നോക്കി പ്രണയാതുരമായി തന്റെ സ്നേഹം പതിഞ്ഞ ഭാഷയില്‍ പറഞ്ഞപ്പോള്‍ അതിഥികള്‍ പ്രോത്സാഹിപ്പിക്കുന്നു. ഡാന്സലിന്റെ മലയാളം വാക്കുകള്‍ കേട്ടതോടെ ജനോവ തൂവാലകൊണ്ട് സന്തോഷാശ്രു ഒപ്പുന്നതും വീഡിയോയില്‍ കാണാം.
”ഞാന്‍ എന്റെ ഭാര്യയെ കണ്ടുപിടിച്ചു. എന്റെ നിധി കണ്ടുപിടിച്ചു,” എന്നാണ് ഡാന്‍സല്‍ സൂക്ഷ്മതയോടെ പറയുന്നത് കേള്‍ക്കുന്നു. തുടര്‍ന്ന്, മലയാളം മനസിലാകാത്ത മറ്റ് അതിഥികള്‍ക്കായി വാക്കുകളുടെ അര്‍ത്ഥം ഇംഗ്ലിഷില്‍ പറയുകയും ചെയ്തു.
”എന്റെ ഭര്‍ത്താവ് വിവാഹ പ്രതിജ്ഞയുടെ ഒരു ഭാഗം എന്റെ മാതൃഭാഷയായ മലയാളത്തില്‍ പഠിച്ച് പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല,”ജെനോവ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വീഡിയോ വൈറലായതോടെ ഡാന്സലിന്റെ ചിന്തയെ അഭിനന്ദിച്ച സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അദ്ദേഹത്തിന്റെ മലയാളം ഉച്ചാരണത്തെ അഭിനന്ദിക്കുകയും ചെയ്തു. തങ്ങളുടെ പ്രത്യേക ദിനം അവിസ്മരണീയമാക്കാന്‍ ഡാന്‍സല്‍ എത്ര ഉയരത്തില്‍ ചിന്തിച്ചുവെന്നത് അതിശയകരമാണെന്ന് പലരും പറഞ്ഞു.
ആലപ്പുഴക്കാരിയായ ജനോവ കുടുംബസമേതം ഇപ്പോള്‍ അമേരിക്കയിലാണ് കഴിയുന്നത്. ഇന്‍സ്റ്റഗ്രാമിലെ വിവാഹ വീഡിയോയ്ക്ക് ആശംസ അറിയിച്ച തൃശൂര്‍ സ്വദേശിയുടെ ‘നാട്ടിലെവിടെയാ?’ എന്ന ചോദ്യത്തിനു മറുപടിയായാണു ജെനോവ ഇക്കാര്യം പറഞ്ഞത്.
Also Read: ചിത്രത്തിലെ രണ്ടാമത്തെ മൃഗത്തെ കണ്ടെത്താമൊ? വിജയിച്ചത് ഒരു ശതമാനം പേര് മാത്രം