ന്യൂഡല്‍ഹി: വിമാനങ്ങളുടെ വീലുകളില്‍ പിടിച്ച് യാത്ര ചെയ്യുന്നവര്‍, പലായനത്തിനായി ശ്രമിക്കുന്ന പതിനായിരങ്ങള്‍, താലിബാന് സൈന്യത്തില്‍ നിന്ന് ഒളിച്ച് താമസിക്കുന്നവര്‍ അങ്ങനെ ദുരവസ്ഥയുടെ വക്കിലാണ് നിലവില്‍ അഫ്ഗാന് ജനത. കാണികളായി മാത്രം നില്ക്കാന് സാധിക്കുന്ന ലോകജനതയുടെ മുന്നിലേക്കുത്തുന്ന ഓരോ ദൃശ്യങ്ങളും മനസാക്ഷിയെ അലട്ടുന്നവയാണ്.
രക്ഷപ്പെടാനുള്ള ശ്രമത്തിൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അമേരിക്കയുടേയും ബ്രിട്ടണിന്റേയും സൈനികർക്ക് കൈമാറുന്നതിന്റെ വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അമേരിക്കന്‍ സൈന്യം പിന്മാറിയപ്പോള് അഫ്ഗാനിലെ കുട്ടികളുടെ ദുരവസ്ഥയും ദൃശ്യങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ കുറച്ച് ആഴ്ചകളായി നൂറുകണക്കിന് കുട്ടികളാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്.
അഫ്ഗാന് ജനത കാബൂളിലെ വിമാനത്താവളത്തില്‍ ഒത്തുകൂടുകയും രക്ഷപെടാനായി വിമാനങ്ങള്‍ക്കൊപ്പം ഓടുകയും ചെയ്യുന്ന നിസഹായവസ്ഥയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതില്‍ മുള്ളുവേലിക്ക് മുകളിലൂടെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഉയര്‍ത്തി നല്കുന്ന ദൃശ്യമായിരുന്നു ഏറെ പ്രചരിക്കപ്പെട്ടത്. കുടുംബവുമായി കുട്ടി ഒന്നിക്കുകയാണോ അല്ലെങ്കില്‍ വിമാനത്തില്‍ കൊണ്ടുപോകാനായി കൈമാറുകയാണോ എന്ന് വ്യക്തമല്ലന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
“അമ്മമാർ നിരാശരായിരുന്നു, താലിബാൻ അവരെ ഉപദ്രവിക്കുന്നു. എന്റെ കുഞ്ഞിനെ രക്ഷിക്കൂ എന്നാണ് അവര്‍ പറയുന്നത്. കുഞ്ഞുങ്ങളെ ഞങ്ങളുടെ അടുത്തേക്ക് എറിയുന്നവരുണ്ടായിരുന്നു. ചില കുഞ്ഞുങ്ങൾ കമ്പിവേലിയിൽ വീണു. ഭീകരമായ കാഴ്ചയായിരുന്നു. രാത്രിയില്‍ കരയാത്തവരായി ഞങ്ങളുടെ ഇടയില്‍ ആരുമില്ലായിരുന്നു,” ബ്രിട്ടീഷ് സേനയുടെ പാരച്യൂട്ട് റെജിമെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, കാവൂൾ വിമാനത്താവളത്തിൽ മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞ ഒരു ശിശുവിന്റെ ചിത്രം ട്വിറ്ററിൽ വാർത്താ ഏജൻസിയായ അവാക പോസ്റ്റ് ചെയ്തു. ഏജൻസി അനുസരിച്ച് കുട്ടിക്ക് ഏഴ് മാസത്തിൽ കൂടുതൽ പ്രായമില്ല.
Also Read: കാബൂൾ താലിബാൻ പിടിച്ചടക്കിയ ശേഷം 18,000 പേരെ പുറത്തെത്തിച്ചതായി നാറ്റോ ഉദ്യോഗസ്ഥൻ