അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതോടെ സ്ത്രീ സ്വാതന്ത്ര്യം സംബന്ധിച്ചു നിരവധി ആശങ്കകളാണ് ഉയരുന്നത്. പെൺകുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തിന് വരെ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് സ്‌കൂളിൽ പോകാനുള്ള തങ്ങളുടെ അവകാശത്തെ കുറിച്ചു ശക്തമായ പ്രസംഗം നടത്തുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നത്.
താലിബാനെ വെല്ലുവിളിച്ചു കൊണ്ടാണ് പെൺകുട്ടി തന്റെ അവകാശത്തിനായി പ്രസംഗിക്കുന്നത്. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ, അല്ലാഹുവിന് മുൻപിൽ സ്ത്രീയും പുരുഷനും ഒന്നാകുമ്പോൾ നിങ്ങൾ ആരാണ് ഞങ്ങളുടെ അവകാശവും അവസരങ്ങളും നിഷേധിക്കാൻ എന്ന് പെൺകുട്ടി ധൈര്യപൂർവ്വം താലിബാൻ നേതാക്കളോട് ചോദിക്കുന്നുണ്ട്.
“ഞാൻ ഒരു പുതിയ തലമുറയിൽ നിന്നാണ്, ഞാൻ ജനിച്ചത് വെറുതെ ഭക്ഷണം കഴിക്കാനും ഉറങ്ങാനും വീട്ടിൽ താമസിക്കാനും മാത്രമല്ല. എനിക്ക് സ്കൂളിൽ പോകണം,” രാജ്യത്തിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കി കൊണ്ട് പെൺകുട്ടി പറഞ്ഞു.
“അഫ്ഗാനിസ്ഥാനിലെ ഒരു പെൺകുട്ടിക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ലെങ്കിൽ, നമ്മുടെ അടുത്ത തലമുറ എങ്ങനെ നന്നായി വരും, ഞങ്ങൾക്ക് വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിൽ ഞങ്ങൾക്ക് ഈ ലോകത്ത് യാതൊരു മൂല്യവും ഉണ്ടാവില്ല.” പെൺകുട്ടി പ്രസംഗത്തിൽ പറഞ്ഞു.
അഫ്ഗാൻ മാധ്യമപ്രവർത്തകനായ ബിലാൽ സർവാരി ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് വൈറലായത്. നിരവധിപേരാണ് പെൺകുട്ടിയുടെ ധൈര്യത്തെ അഭിനന്ദിച്ചു കൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്.
Also read: കുറുപ്പിൽ ആദ്യം അഭിനയിക്കാനിരുന്നത് പൃഥ്വിയോ? പഴയചിത്രം കുത്തിപ്പൊക്കി ആരാധകർ