നടൻ പൃഥ്വിരാജ് സുകുമാരൻ പങ്കുവച്ച ഒരു ചിത്രത്തെച്ചൊല്ലി വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മാലിദ്വീപിൽ കുടുംബവുമൊത്ത് അവധി ആഘോഷിക്കാൻ പോയ താരം ബീച്ചിൽ നിൽക്കുന്ന ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഷർട്ട് ഇടാതെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം.
ഈ ചിത്രവും രഹന ഫാത്തിമ നേരത്തെ പങ്കുവച്ച ചിത്രവും ചൂണ്ടിക്കാട്ടി വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പൃഥ്വിരാജിനും രഹന ഫാത്തിമയ്ക്കും രണ്ടു നീതിയോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽനിന്ന് ഉയരുന്നത്. സുപ്രീം കോടതി അഭിഭാഷക അഡ്വ.രശ്മിത രാമചന്ദ്രൻ ഇക്കൂട്ടത്തിലൊരാളാണ്.
‘രഹന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെ കൊണ്ട് ഉടലിൽ പെയ്ന്റ് ചെയ്യിച്ചപ്പോൾ സദാചാരം തകർന്ന സകല മനുഷ്യരും ഏജൻസികളും പൊലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീർത്തു തരണം’ എന്ന വരികളോടെയാണ് രശ്മിതയുടെ കുറിപ്പ് ആരംഭിക്കുന്നത്. പരസ്യമായി മുലക്കണ്ണുകൾ കാട്ടി നിൽക്കുന്ന പൃഥ്വിരാജിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് രശ്മിത ചോദിക്കുന്നു. വളരെ സരസമായ കുറിപ്പാണ് രശ്മിത ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
Read Also: മതവികാരം വ്രണപ്പെടുത്തിയ കേസ്: രഹന ഫാത്തിമയുടെ ഹർജി സുപ്രീം കോടതിയിൽ
രശ്മിതയുടെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. രണ്ടും ചിത്രവും വ്യത്യസ്തമാണെന്നും രഹന ഫാത്തിമ നഗ്നശരീരത്തിൽ മക്കളെ കൊണ്ട് പെയിന്റ് ചെയ്യിക്കുകയായിരുന്നുവെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. സിപിഎം സഹയാത്രിയകയായ രശ്മിത ശബരിമല സ്ത്രീപ്രവേശന വിവാദകാലത്ത് ഇടതു സംഘടനകളുടെ വേദികളിലെ പ്രധാന പ്രസംഗകരിലൊരാളായിരുന്നു.
അഡ്വ.രശ്മിത രാമചന്ദ്രന്റെ കുറിപ്പ് പൂർണരൂപം
“രഹന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലിൽ പെയ്ന്റ് ചെയ്യിച്ചപ്പോൾ സദാചാരം തകർന്ന സകല മനുഷ്യരും ഏജൻസികളും പൊലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീർത്തു തരണം. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് മുലക്കണ്ണുകൾ കാട്ടി നിൽക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്?
പൃഥ്വിരാജ് സുകുമാരൻ എന്ന സുന്ദരനായ നടൻ സ്വന്തം മുലക്കണ്ണുകൾ കാണിച്ചു നിൽക്കുന്ന ചിത്രം പൊതുവിടത്തിൽ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി! അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിന്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തിൽ ഒരുപാടു സ്ത്രീകളിൽ/പുരുഷന്മാരിൽ/ഭിന്ന ലൈംഗിക താത്പര്യക്കാരിൽ ലൈംഗിക വികാരം ഉണർത്തുവാനുള്ള സാധ്യതയുണ്ട്.
പെയ്ന്റ് കൊണ്ടു മറച്ച മുലയിടം പൊതുവിടത്തിൽ പ്രദർശിപ്പിച്ച രഹന ഫാത്തിമയേക്കാൾ പെയ്ന്റിന്റെ മറ പോലുമില്ലാതെ നഗ്നത പ്രദർശിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ കുറ്റക്കാരനാണ്. ധനാഢ്യതയിലും ലോക പരിചയത്തിലും വൻ സ്വാധീനവും ആൾബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹന ഫാത്തിമയേക്കാൾ ഒരുപാടു മുകളിൽ നിൽക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താൽ നാടു വിടാനുള്ള സാധ്യതയും രഹന ഫാത്തിമയേക്കാൾ അധികമാണെന്ന കാര്യം ബഹുമാനപ്പെട്ട കോടതിയും പരിഗണിയ്ക്കണം.
കേരളത്തിലെ ഉത്സാഹമുള്ള പൊലീസ് ഈ നഗ്ന ചിത്രത്തിന് കാരണമായവർക്കെതിരെ, രഹനാ ഫാത്തിമയുടെ നഗ്നതയ്ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിക്കണമെന്ന അഭ്യർത്ഥനയോടെ…”