സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടുപിടിച്ച് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനു പിന്തുണ പ്രഖ്യാപിച്ച നടി പാര്‍വ്വതിക്ക് ഫെയ്‌സ്ബുക്കില്‍ വീണ്ടും അധിക്ഷേപം.

‘ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്‌നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളില്‍ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍. സ്‌നേഹം. ബഹുമാനം. ഐക്യം.’ ഇതായിരുന്നു പാര്‍വ്വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ പാര്‍വ്വതി നഷ്ടപ്പെട്ട പേര് വീണ്ടെടുക്കാനുള്ള ശ്രമമാണ് എന്നെല്ലാം ആരോപിച്ചാണ് ഫെയ്‌സ്ബുക്കില്‍ അവരെ പലരും തെറിവിളിക്കുന്നത്.

പ്രമുഖരുടെ പിന്തുണ വേണ്ടെന്നും പ്രമുഖനല്ലാത്തതുകൊണ്ടാണ് ശ്രീജിത്തിന് നീതി ലഭിക്കാത്തതെന്നും തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് പാര്‍വ്വതിക്കുനേരെ ആക്രമണം നടത്തിയിരിക്കുന്നത്. പാര്‍വ്വതി പരാതി നല്‍കിയപ്പോള്‍ പൊലീസ് പെട്ടെന്ന് നടപടിയെടുത്തെന്നും എന്നാല്‍ ശ്രീജിത്തിന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്നും കമന്റുകളുണ്ട്.

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതിക്കെതിരായ ആക്രമണം ആരംഭിച്ചത്. പൃഥ്വിരാജും പാര്‍വ്വതിയും അഭിനയിച്ച പുതിയ ചിത്രം മൈ സ്റ്റോറിയിലെ പാട്ട് യൂട്യൂബില്‍ അണ്‍ലൈക്ക് ചെയ്തും പാര്‍വ്വതിയോട് അനിഷ്ടം കാണിച്ചവരുണ്ട്. തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ പാര്‍വ്വതി നിയമസഹായം തേടിയിരുന്നു. ഇതേതുടര്‍ന്ന് രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ