നടിയെ ആക്രമിച്ചു എന്ന കുറ്റത്തിന് മലയാളത്തിലെ ഒരു ജനപ്രിയ സിനിമാതാരം അഴിക്കുള്ളിലായിട്ട് ഏഴ് ദിവസം കഴിഞ്ഞു. ആദ്യ ദിനത്തില്‍ പൊലീസ് നടപടി വലിയ തോതില്‍ പ്രശംസിക്കപ്പെട്ടുവെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ മലയാളിയുടെ വികാരപ്രകടനം രണ്ട് തരത്തിലായി. അറസ്റ്റ് നടന്ന് ദിവസങ്ങൾക്കുള്ളിൽ ആദ്യ ദിനത്തിലുണ്ടായിരുന്നതിൽ നിന്ന് വലിയ തോതിൽ, ഒരുവിഭാഗം നടന് അനുകൂലമായ ഒരു വികാരം സൃഷ്ടിക്കപ്പെടാനുണ്ടായ കാരണമെന്താകും?

ജനപ്രിയ നായകന് അനുകൂലമായി ജനങ്ങളെ ചിന്തിപ്പിക്കാൻ പ്രവർത്തിക്കുന്ന ഒരു പബ്ലിക് റിലേഷൻസ് ഏജൻസിക്ക് കരാർ നൽകി എന്നാണ് വാർത്ത. എന്നാൽ അങ്ങനെയൊരു ഏജൻസിക്കാണോ ഇതിന്റെയെല്ലാം ക്രെഡിറ്റ്? തിരഞ്ഞെടുപ്പ് വിജയത്തിനായി രാഷ്ട്രീയ പാർട്ടികളും ബോക്സോഫീസ് വിജയത്തിനായി ബ്രഹ്മാണ്ഡ സിനിമകളും ഇത്തരം പബ്ലിസിസ്റ്റുകളുടെ സഹായം തേടാറുണ്ടെന്ന് പലപ്പോഴായി മനസിലാക്കിയിട്ടുള്ള നമുക്ക് പക്ഷേ, തികച്ചും പുതുമയാർന്ന ആശയമായിരുന്നു, കുറ്റാരോപിതനെ രക്ഷിച്ചെടുക്കാൻ, അനുകൂലമായ സാമൂഹിക മനസ്ഥിതി സൃഷ്ടിക്കാനായി ഒരു പ്രഫഷണൽ സംഘം പണിയെടുക്കുകയെന്നത്. അതുകൊണ്ട് തന്നെയാണ് ദിലീപിന് അനുകൂല വികാരം ഉണ്ടാക്കിയെടുക്കാൻ, സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്താൻ വൻ സംഘം പ്രവർത്തിക്കുന്നു എന്ന വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടപ്പോൾ ബഹുഭൂരിപക്ഷവും വിശ്വസിക്കാൻ തയ്യാറാകാതിരുന്നത്. പിന്നീട് നടനെ അനുകൂലിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ പോസ്റ്റുകളുടെ ഏകതാ രൂപം, അതൊരു വലിയ ആസൂത്രിതമാണെന്ന ആരോപണത്തിന്റെ വിശ്വാസ്യത വർധിപ്പിച്ചത്.

തൊട്ടു പിന്നാലെ വന്നു പ്രിയ നടന്റെ നന്മകളുടെ വിളിച്ചോതലുകൾ. കാൻസർ ബാധിച്ച മകന് പുഞ്ചിരി സമ്മാനിച്ചത് മുതൽ നുണ പറയുന്നത് വലിയ പാതകമാണെന്ന് പറഞ്ഞ് പഠിപ്പിച്ച ദിലീപേട്ടൻ എന്ന സാത്വികന്റെ കഥകൾ വരെ. കൂടെ അഭിനയിച്ചവർ, സംവിധായകർ, നിർമാതാക്കൾ, പിന്നെ നാലാളറിയുന്ന ആരൊക്കെയോ. എല്ലാവരുടെയും വാക്കുകൾക്ക് ഒരേ ഭാവം, ദിലീപേട്ടൻ പാവായിരുന്നു! ഇതിനെല്ലാം പുറമേ ഐ സപ്പോർട്ട് ദിലീപ്, വീ സപ്പോർട്ട് ദിലീപ്, ജനപ്രിയനായകൻ, ജസ്റ്റീസ് ഫോർ ദിലീപ്, ഐ സപ്പോർട്ട് മീനാക്ഷി ദിലീപ് തുടങ്ങി ഒരേ അച്ചിൽ വാർത്ത ധാരാളം പേജുകൾ. പ്രസക്തമായ എന്ത് കാര്യം ആര് പറഞ്ഞാലും അതിന് താഴെ ദിലീപ് അനുകൂല അഭിപ്രായങ്ങൾക്ക് ഭൂരിപക്ഷം നേടാനുള്ള കഠിനാധ്വാനം. ചി​ല ദി​ലീ​പ് പോ​സ്​​റ്റു​ക​ൾ​ക്ക് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം കൃ​ത്രി​മ ഷെ​യ​റു​ക​ൾ ആണ് സൃ​ഷ്​​ടി​ച്ച​തെന്നാണ് പറയപ്പെടുന്നത്. ഒരു ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടിതമായ ശ്രമമില്ലാതെ ഇത് നടക്കില്ലെന്ന് ​​ഈ പ്രചാരണത്തിനെതിരെ നിലപാടുളളവർ ചൂണ്ടിക്കാണിക്കുന്നു.

ന്യായീകരണങ്ങൾക്ക് ഒരേ രൂപം, ഒരേ വാക്കുകൾ

പിന്നീട് കൂടുതൽ വാർത്തകൾ എത്തി: ‘ദി​ലീ​പി​നാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബിജെപി​യു​ടെ പ്ര​ചാ​ര​ണ​ചു​മ​ത​ല വ​ഹി​ക്കു​ന്ന പി​ആ​ര്‍ ഏ​ജ​ന്‍സി​. കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ന്‍സി​യെ ഒ​രു കോ​ടി​യോ​ളം രൂ​പ കൊ​ടു​ത്താ​ണ് ഏ​ര്‍പ്പാ​ടാ​ക്കി​യ​തെ​ന്നാ​ണ് വിവരം. മാ​ധ്യ​മ​ങ്ങ​ളി​ൽ ദി​ലീ​പി​ന് അ​നു​കൂ​ല​മാ​യി അ​ഭി​പ്രാ​യം പ​റ​യാ​ൻ പ​ല​ർ​ക്കും പ​ണം വാ​ഗ്ദാ​നം ചെ​യ്തു എന്നുവരെ വാർത്തകൾ വന്നു.

അതോടെ നമ്മൾ ഉറപ്പിച്ചു. ഒരു സംഘമാളുകൾ നവ മാധ്യമങ്ങളെയും ചില പ്രശസ്തരെയും ഉപയോഗിച്ച് നമ്മളേയെല്ലാം ഒന്നാകെ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമാക്കിയിരിക്കുന്നു! കേരളത്തിന്റെ പൊതു മനസിൽ രൂപപ്പെട്ട വൻ വിഭജനത്തിന് കാരണം അങ്ങനെ നമ്മൾ സൗകര്യപൂർവം ഒരു ഏജൻസിയുടെ തലയിൽ കെട്ടി വെച്ചിരിക്കുന്നു.

പിആര്‍ ഏജന്‍സിയുടെ പിന്നാമ്പുറ കളികളുണ്ട് എന്ന് ഒരു വാദത്തിന് സമ്മതിച്ചാലും താരത്തിന് അനുകൂലമായ വ്യഖ്യാനങ്ങള്‍ നിരത്തുന്ന എല്ലാവരും അതിന് വഴിപ്പെട്ട് പോയവരാണെന്ന് പറയാൻ സാധിക്കുമോ? തെളിവെടുപ്പെന്ന പേരില്‍ നാടൊട്ടുക്ക് പൊലീസ് നടത്തിയ നാടക ദൃശ്യാവിഷ്കാരങ്ങളാണ് ലോലമനസ്കരായ മലയാളികളില്‍ നല്ലൊരു വിഭാഗത്തെ സഹതാപത്തിന്‍റെ വഴിതേടിപ്പോകുവാന്‍ പ്രേരിപ്പിച്ചത് എന്ന് പറയുന്നതിൽ തെറ്റുണ്ടോ? കുറ്റം കോടതിയില്‍ തെളിയിക്കപ്പെടും വരെ ഒരാളെങ്ങനെ കുറ്റവാളിയാകും എന്ന തികച്ചും ലോജിക്കലും വസ്തുതാപരവുമായ ചോദ്യം ഉയർത്തുന്നവരെ ഏജൻസിയുടെ വക്താക്കളായി മുദ്ര കുത്തുന്നത് നീതിയാകുമോ? ഇതിനെല്ലാം അപ്പുറം നടനെ മറ്റൊരു വിഭാഗം ഇതിലെല്ലാം കുടുക്കുകയായിരുന്നെന്ന സാധ്യത നമ്മൾ വകവെക്കാൻ പാടില്ലെന്നാണോ? എന്നാൽ ഇതുപോലെ തന്നെ ഇതേ കേസിലെ പ്രതിയായ പൾസർ സുനിയെയും തെളിവെടുപ്പിന് കൊണ്ടുപോയില്ലേ? അന്ന് മാധ്യമങ്ങൾ കൂടെ പോയില്ലേ? ലൈവായി വാർത്ത കാണിച്ചില്ലേ? അന്നൊന്നും ഇല്ലാത്ത വാദം ഇപ്പോൾ ഉണ്ടാകുന്നത് എന്തുകൊണ്ട്? എന്ന ചോദ്യമാണ് ഉയരുന്നത്. നിയമത്തിന് മുന്നിൽ നടന് മാത്രമല്ല, എല്ലാവർക്കും തുല്യ നീതിയല്ലേ എന്ന ചോദ്യവും പൊലീസ് നടപടിയിൽ എല്ലാ കേസിലും തെളിവെടുപ്പിന് ഇതു തന്നെയാണ് ചെയ്യുന്നതെന്നും നായക അനുകൂല വാദത്തിനെതിരായി ഉയരുന്നു.

തികച്ചും ന്യായമെന്ന് തോന്നുന്ന ഇത്തരം വാദങ്ങൾക്ക് മേൽ പറഞ്ഞതൊന്നുമല്ലാത്ത മറ്റൊരു കാരണവുമുണ്ട്. ദിലീപ് എന്ന മലയാള സിനിമയിലെ അതികായന്റെ അറസ്റ്റിനോടുള്ള നമ്മുടെ പൊതുബോധ നിർമിതിയുടെ കാതൽ അതാണ്. സകല പ്രതാപങ്ങളോടും കൂടി വാണരുളിയ പുരുഷബിംബം മൂക്കും കുത്തി വീണുപോയതിന്‍റെ സങ്കടമാണ് അത്. പെണ്ണിലൊരുവള്‍ മണിക്കൂറുകൾ അതി ഭീതിദമായി പീഡിപ്പിക്കപ്പെട്ട കഥ മറക്കാന്‍, അല്ലെങ്കില്‍ അതിനെ തുലോം ലഘുവായി കാണാന്‍ മലയാളി മനസിന് യാതൊരു മടിയുമില്ല. അതുകൊണ്ടാണ്, അവള്‍ പീഡിപ്പിക്കപ്പെട്ടത് രണ്ടര മണിക്കൂര്‍ മാത്രമല്ലേ, താരം രണ്ടര മാസത്തിൽ അധികമായി പീഡിപ്പിക്കപ്പെടുകയല്ലേ എന്നതടക്കമുള്ള വികല വാദങ്ങള്‍ ചിലരൊക്കെ നിരത്തുന്നത്. അതുകൊണ്ട് തന്നെയാണ് ‘ദിലീപേട്ടൻ പാവാടാ’ കഥകൾക്ക് നമ്മുടെ ചിന്തായിടങ്ങളിൽ ഇത്രക്ക് സ്ഥാനം ലഭിക്കുന്നതും.

പറഞ്ഞ് കേട്ടതല്ലാതെ അവള്‍ നേരിട്ട പീഡനത്തിന്‍റെ ആഘാതമെന്തെന്ന് നാമിതുവരെ ശരിയായി ഉള്ളാലെ അനുഭവിച്ചിട്ടില്ല. ദൃശ്യങ്ങളുടെ പിന്‍ബലമില്ലെങ്കിലും അതൊന്ന്, ആലോചിച്ച് മനസിലാക്കാന്‍ നാം മെനക്കെടുന്നുമില്ല. ഒരു പെണ്ണിനെ ബലാത്സംഗം ചെയ്യാന്‍ പറഞ്ഞേല്‍പ്പിച്ച് വിട്ടു എന്നതാണ് നമ്മുടെ നായകനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ആ ഗൂഢാലോചനയുടെ ഗൗരവവശം നമ്മുടെ പരിഗണനാ വിഷയവുമാകുന്നില്ല. വെള്ളിത്തിരയില്‍ സ്ത്രീസംരക്ഷണവും നിയമപാലനവുമടക്കം സകല നന്മകളുടെയും മൂര്‍ത്തീഭാവമായി വിളങ്ങി നിന്നിരുന്ന നായകന്മാർ ഇങ്ങനെയൊന്ന് ചെയ്യുമെന്ന് നാമെന്തിന് വിശ്വസിക്കണം? സിനിമയിലെ പെണ്ണുങ്ങളൊക്കെ പിഴയാണെന്ന് കേട്ട് വളര്‍ന്ന നാമെന്തിന് ഒരു നടിയെ ആണുങ്ങള്‍ ഭോഗിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് വ്യാകുലപ്പെടണം?

ഈവക ചിന്താധാരകളെല്ലാം പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന വഴിയിലൂടെ ജനപ്രിയനെയും വഹിച്ചുകൊണ്ടുള്ള സഹതാപത്തേര് വേഗത കുറച്ച് കൊണ്ടുവരുക മാത്രമാണ് ഈ കുറ്റാരോപിത പിആർ ഏജൻസിയും മറ്റു ‘ദിലീപേട്ടൻ ഫാൻസും’ ചെയ്യുന്നത്.

കടപ്പാട്: ഫെയ്സ്ബുക്ക്

കുറ്റം കോടതിയില്‍ ശിക്ഷിക്കപ്പെടും വരെ ഒരാളെങ്ങനെ കുറ്റവാളിയാകും എന്ന ചോദ്യം ന്യായമാണെന്നതിൽ സംശയമില്ല. അങ്ങനെ തന്നെയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ കുറ്റം കണ്ടെത്തല്‍ എന്ന പ്രക്രിയയെ വിഭാവനം ചെയ്തിരിക്കുന്നത്. പക്ഷെ ഇത്തരം ചോദ്യങ്ങള്‍ സീസണലായി മാത്രമാണ് നമ്മൾ ഉയർത്തുന്നത് എന്നതിലാണ് കുഴപ്പം. ഗോവിന്ദച്ചാമി പിടിക്കപ്പെട്ടപ്പോഴും അമീറുല്‍ ഇസ്ലാം അറസ്റ്റിലായപ്പോഴും സൂര്യനെല്ലി പീഡനക്കേസിലെ ധര്‍മ്മരാജനെ പൊലീസ് കുടുക്കിയപ്പോഴും ഒന്നും നാം ഈ ചോദ്യം ഉന്നയിച്ചതേയില്ല. ‘ഇവറ്റകളെയൊക്കെ വിചാരണയില്ലാതെ കൊന്നുകളയണം’ എന്ന് ആക്രോശിച്ചവരാണ് നാം. ‘കോടതിയില്‍ പോയാല്‍ അവരൊക്കെ ലളിതമായി ഊരിപ്പോരും’ എന്നും അല്ലെങ്കില്‍ ‘ജയിലിനുള്ളില്‍ നമ്മുടെ ചെലവില്‍ പിന്നെയും തിന്നുകൊഴുക്കും’ എന്നൊക്കെ വ്യാകുലപ്പെട്ടവരാണ് നാം. പക്ഷെ ഇപ്പോള്‍ മാത്രം നമ്മള്‍ പ്രതി, കുറ്റവാളി എന്നീ പ്രയോഗ വ്യത്യാസങ്ങളിലെ സാങ്കേതികത മുന്നോട്ട് വെച്ച് ദിലീപിനെ സരക്ഷിക്കാന്‍ ശ്രമിക്കുന്നു.

ആ വാദവും മാറ്റിവെച്ചാല്‍ കോടതിയെ എന്നും എപ്പോഴും വിശ്വസിച്ച് പോരുന്നവരാണോ നമ്മളെന്ന ചോദ്യവും മുന്‍പിലിങ്ങനെ നില്‍പ്പുണ്ട്. സൗമ്യയെ ബലാത്സംഗം ചെയ്തത് ഗോവിന്ദച്ചാമിയാണെന്ന് സമ്മതിച്ചുവെങ്കിലും അവളുടെ മരണത്തിന് കാരണക്കാരന്‍ ചാമിയല്ലെന്ന് വിധിച്ച സുപ്രിംകോടതി വിധി കണ്ട് പകച്ചവരാണ് മലയാളികള്‍. പ്രോസിക്യൂഷന്‍റെ പിഴവിനെ കുറിച്ച് കോടതി ഊന്നിയൂന്നി പറഞ്ഞുവെങ്കിലും കോടതിയെ മാത്രം കുറ്റം പറയുന്ന സ്റ്റാറ്റസുകള്‍ നിരത്തി നമ്മള്‍ സാങ്കേതികതക്ക് അപ്പുറത്തെ മാനുഷികതയുടെ വക്താക്കളായി. മദ്യപിച്ച് വാഹനമോടിച്ച് തെരുവിലുറങ്ങിക്കിടന്ന മനുഷ്യരെ കൊന്ന സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയും ഇനിയും ബോധ്യപ്പെടാത്തതാണ് നമ്മൾ. പിന്നെയും പിന്നെയും നമ്മുടെ നീതിബോധത്തിന് ബോധ്യം വരാത്ത ഡസന്‍ കണക്കിന് വിധിന്യായങ്ങള്‍ നിരത്തിവെക്കാനുണ്ടാവും ഇവിടെ.

അപ്പോള്‍ കോടതിയെ ആയാലും പൊലീസിനെ ആയാലും തരം പോലെ വിശ്വസിക്കാനാണ് നമുക്ക് ഇഷ്ടം. പിടിക്കപ്പെടുന്നവരും ഇരകളും ആരാണെന്ന് പരിശോധിച്ച ശേഷമാണ് നാമത് തീരുമാനിക്കുക. അതിന് പിആര്‍ വര്‍ക്കിന്‍റെ പ്രചോദനമൊന്നും നമുക്ക് ആവശ്യമാണെന്ന് തോന്നുന്നില്ല. പിടിക്കപ്പെടുന്നവനെ ഇരയായി തോന്നും വിധം കാര്യങ്ങളെ മാറ്റിയെടുക്കുന്നതില്‍ പൊലീസിനും മുന്‍നിര മാധ്യമങ്ങള്‍ക്കും ഉള്ള ചെറുതല്ലാത്ത ‘പങ്കാളിത്തം’ എടുത്തു പറയേണ്ടതുമാണ്. തെളിവെടുപ്പ് എന്ന പേരില്‍ നാടൊട്ടുക്ക് നടത്തിയ നഗരപ്രദക്ഷിണം അങ്ങേയറ്റം അപഹാസ്യമായിരുന്നു. നിയമത്തിന്‍റെ നൂലാമാലയാണ് അതെങ്കിലും പുറത്തിറക്കുക പോലും ചെയ്യാതെ പ്രതിയെ തെളിവെടുപ്പ് കേന്ദ്രത്തിന്‍റെ സമീപത്ത് വരെ കൊണ്ടുപോയി തിരിച്ചുപോരുന്ന ഈ ആചാരം കാഴ്ചക്കാരന് അത്ര രസിക്കണം എന്നില്ല. അന്വേഷണ ഘട്ടത്തില്‍ വ്യക്തതയുള്ള വിവരങ്ങള്‍ പുറത്ത് പറയാതെ മാധ്യമങ്ങള്‍ക്ക് ആവശ്യത്തിന് കഥകള്‍ പടയ്ക്കാന്‍ അവസരമൊരുക്കുകയും ചെയ്തു പൊലീസ്.

നിരത്തുകളിലും നിറയും ആണാരാധന

മാധ്യമങ്ങളാണ് പ്രത്യേകം ‘കയ്യടി’ അർഹിക്കുന്ന മറ്റൊരു വിഭാഗം. നടൻ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അത് ഞങ്ങൾ ജനങ്ങളെ ഉത്ഭുദ്ധരാക്കിയതിനാലാണെന്ന് ഒരു ഉളുപ്പുമില്ലാതെ വീന്പു പറഞ്ഞ ചില മാധ്യമങ്ങളുണ്ട്. ദിലീപിന്‍റെ പേര് ചേര്‍ത്ത് പറയുന്നത് എന്തും വില്‍ക്കപ്പെടുമെന്ന കച്ചവടതന്ത്രം മനസിലാക്കി ഉള്ളതും ഇല്ലാത്തതുമായ നൂറായിരം കഥകള്‍ പടച്ച് വിട്ടുകൊണ്ടേയിരുന്നു ഇത്തരക്കാർ. ധാര്‍മ്മികത അല്‍പമെങ്കിലും തീണ്ടാത്ത ഈ വികല വാര്‍ത്താനയം ദിലീപിന് അനുഗുണമായി ഭവിച്ചു എന്നും ആരോപണം ഉയരുന്നു. ദിലീപിനെ പോലെ ഒരു താരം പ്രതിയായത് കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് ഈ ആവേശമെന്ന വാദം നിലനില്‍ക്കുമെന്ന് തോന്നുന്നില്ലെങ്കിലും വലിയൊരു വിഭാഗം മാധ്യമപ്രവർത്തകരുടെ അനാവശ്യ ‘സെൻസേഷണലിസം’ ഈ ചിന്ത വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു എന്നത് സത്യവുമാണ്. ജിഷ കേസിലും സൗമ്യ കേസിലുമെല്ലാം ഉത്തരവാദിത്ത സമീപനത്തിലൂന്നിയ ആക്ടിവിസം കേരളത്തിലെ മാധ്യമങ്ങള്‍ കാണിച്ചിരുന്നു എന്നത് ഇപ്പോൾ ഓർമിക്കപ്പെടാവുന്നതാണ്.

കേസിന് ആസ്പദമായ സംഭവമുണ്ടായ ആദ്യ ദിനങ്ങളില്‍ പൊലീസ് അനാസ്ഥയെ കുറിച്ച് സംസാരിച്ച അതേ നാവുകള്‍ ഇപ്പൊ അവള്‍ക്കെതിരായ പൊതുബോധ നിര്‍മ്മിതിക്ക് വേണ്ടി പണിയെടുക്കുന്നു എന്നത് ചെറുതല്ലാത്ത അപകടമാണ്. അഭിനേതാക്കളുടെ സംഘടനാ യോഗത്തെ കുറിച്ച് പൃഥ്വിരാജ് പറയുന്നത് കേള്‍ക്കുക. ആദ്യ പത്ത് മിനുട്ടില്‍ തന്നെ നടപടി ഞങ്ങള്‍ തീരുമാനിച്ചു. പക്ഷെ വാര്‍ത്താക്കുറിപ്പ് തയ്യാറാക്കാന്‍ എന്തൊക്കെ വാചകങ്ങള്‍ ഉപയോഗിക്കണം എന്ന ചര്‍ച്ചയായിരുന്നു പിന്നെ ഏറെ നീണ്ടുപോയത് എന്ന്. ശരിയായിരിക്കണം. ആ വാര്‍ത്താകുറിപ്പ് ഒന്നുനോക്കൂ. ദിലീപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കരുത് എന്ന നിര്‍ബന്ധ ബുദ്ധി ആ വാര്‍ത്താകുറിപ്പില്‍ കാണാം. ഇനി അറസ്റ്റിന് ശേഷവും സ്വന്തം സഹോദരിയുടെ ദുഃഖത്തിനൊപ്പം ചേര്‍ന്ന് പൊലീസ് നടപടിയെ അഭിനന്ദിച്ച എത്ര താരങ്ങളുണ്ട്. അതില്‍ തന്നെ എത്ര യുവതാരങ്ങൾ ഉണ്ട്. പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്.

സ്ത്രീ സംരക്ഷണത്തിന്‍റെ കാര്യത്തിലും ജെന്‍ഡര്‍ ഇക്വാലിറ്റിയിലുമൊക്കെ ഒരുപാട് ദൂരം മുന്നോട്ട് പോകുന്നുണ്ടെന്നാണ് നമ്മുടെ ഒരു അബദ്ധധാരണ. ഓരോ ദിവസം കഴിയുമ്പോഴും അങ്ങേയറ്റം സ്ത്രീവിരുദ്ധമായി പിന്നോട്ട് ഓടുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ആണധികാര സിദ്ധാന്തങ്ങളുടെ ആ പ്രയോഗതലങ്ങള്‍ക്ക് അറുതിയാകും വരെ ദിലീപുമാര്‍ തന്നെയാണ് ഇവിടെ രാജാക്കന്‍മാര്‍. അത് വരെ നമുക്ക് കേൾക്കാം, ‘ദിലീപേട്ടൻ പാവാടാ!’.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ