നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അറസ്റ്റിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും. ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ‘വെൽക്കം ടു സെൻട്രൽ ജയിൽ’ എന്ന ദിലീപ് ചിത്രത്തിന്റെ പേര് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്താണ് പലരും വാർത്തയോട് പ്രതികരിച്ചത്. ചിത്രത്തിന്റെ പേര് ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രെൻഡായി കഴിഞ്ഞു.

2016 ൽ പുറത്തിറങ്ങിയ കോമഡി ചിത്രമാണ് വെൽക്കം ടു സെൻട്രൽ ജയിൽ. സുന്ദർ ദാസായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. വേദികയായിരുന്നു ചിത്രത്തിലെ നായിക. 13 വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ സുന്ദർ ദാസും ദിലീപും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. എന്നാൽ ചിത്രം ബോക്സ്ഓഫിസിൽ വിജയം കണ്ടില്ല. ചിത്രം വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വൈകിട്ടാണ് നടൻ ദിലീപ് അറസ്റ്റിലായത്. ദിലീപ് ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിലായിരുന്നു അറസ്റ്റ്. ഗൂഢാലോചനയിലെ ദിലീപിന്റെ പങ്കിനെക്കുറിച്ച് കേസിലെ മുഖ്യപ്രതി പൾസർ സുനി നിർണായക വിവരങ്ങൾ നൽകിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ