നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇരുപക്ഷങ്ങൾ പരസ്പരം സമൂഹമാധ്യമങ്ങളിൽ കൊമ്പുകോർക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. ഒരു വിഭാഗം നടിക്കൊപ്പമാണെന്ന് തുറന്ന് പ്രഖ്യാപിക്കുമ്പോഴും പ്രതിസ്ഥാനത്തുള്ള നടനോടാണ് ഭൂരിഭാഗം വരുന്ന മലയാള സിനിമ പ്രവർത്തകരും അനുകമ്പ പ്രകടിപ്പിക്കുന്നത്. മലയാളത്തിലെ താരരാജാക്കന്മാർ മുതൽ താഴേക്കുള്ളവരെ അന്താരാഷ്ട്ര വേദികളിലും ദേശീയ മാധ്യമങ്ങളിലും ആനുകാലിക വിഷയങ്ങളിലെ നിലപാട് തുറന്ന് പറഞ്ഞവരെ കുറിച്ച്  ഓർമ്മിപ്പിക്കുന്നതാണ് അസി അസീബ് പുത്തലത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. കലാകാരന്മാരുടെ രാഷ്ട്രീയ നിലപാടുകളിലെ കൃത്യതയും തുറന്നുപറച്ചിലും സമൂഹം എത്രമാത്രം ആവശ്യപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട് കുറിപ്പിൽ. സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന കെട്ടകാലത്ത് താരങ്ങൾ നിശബ്ദരാകുന്നതിനെ നിശിതമായി വിമർശിക്കുന്ന കുറിപ്പ് താഴെ.

“ഗോൾഡൻ ഗ്ലോബ്‌ പുരസ്‌കാര വേദിയിൽ തനിക്ക്‌ കിട്ടിയ അവാർഡ്‌ വാങ്ങി, സമ്മാനിച്ചവളെ ചുംബിച്ച്‌ വികാരനിർഭരം ചിലരോട്‌ നന്ദി പറഞ്ഞ ശേഷം മെറിൽ സ്ട്രീപ്‌ അതിസുന്ദരമായി സംസാരിച്ചത്‌ വംശീയവെറിക്കും തീവ്രദേശീയതക്കും എതിരെയാണ്. നിറഞ്ഞ കണ്ണുകളോടെയെങ്കിലും ഉറച്ച വാക്കുകളിൽ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ നിശിതമായി വിമർശിച്ച്‌ അവർ വേദി വിട്ടിറങ്ങുമ്പോൾ നിലക്കാത്ത കരഘോഷം അവർക്ക്‌ അകമ്പടിയായി ഉണ്ടായിരുന്നു.

തൊട്ട്‌ മുൻപ്‌ അതേവേദിയിൽ ഹുഗ്‌ ലോറി ട്രംപിനെതിരായി പറഞ്ഞത്‌, ചിത്തഭ്രമം ബാധിച്ച ശതകോടീശ്വരന്മാർക്കായി താൻ ഈ അവാർഡ്‌ ഏറ്റുവാങ്ങുന്നുവെന്നും. ഏറെ കാത്തിരുന്ന, അഞ്ച്‌ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ഓസ്കാർ ഏറ്റുവാങ്ങി ഡി കാപ്രിയോ സംസാരിച്ച്‌ തുടങ്ങിയത്‌ ആഗോള താപനത്തെക്കുറിച്ചും, അവസാനിപ്പിച്ചത്‌ കോർപ്പറേറ്റുകൾക്കായി, പണച്ചാക്കുകൾക്കായി സംസാരിക്കുന്നവരെയല്ല, അണ്ടർ-പ്രിവിലേജഡായ, ദുരന്തങ്ങൾ ആദ്യം ബാധിക്കുന്നവർക്കായി സംസാരിക്കുന്ന നേതാക്കളെ തിരഞ്ഞെടുക്കുന്നതിനെ പറ്റിയുമായിരുന്നു.

ഇവരിലാരും ഭരണകൂടത്തിന്റെ, അതിന്റെ നയങ്ങളുടെ ഇരയായി നിൽക്കുമ്പോഴോ, കൂട്ടത്തിലൊരാളെ യുഎസ്‌ വിട്ട്‌ പോകാൻ ട്രംപോ അയാളുടെ അനുയായികളോ ആക്രോശിക്കുമ്പോഴോ, ഏതെങ്കിലും ചാനൽ റിപ്പോർട്ടർ അഭിപ്രായം ചോദിച്ചതിനു മറുപടിയായല്ല അതൊന്നും പറഞ്ഞത്‌. ജീവിതത്തിലൊരിക്കൽ മാത്രം സംഭവിക്കാവുന്ന ഏറ്റവും സുന്ദരമായ നിമിഷത്തിൽ, താൻ ഇനി പറയുന്നത്‌ എക്കാലവും ഓർമ്മയിൽ സൂക്ഷിക്കേണ്ടതാണെന്നറിവോടെ തന്നെയാണവർ കാലഘട്ടത്തിന്റെ രാഷ്ട്രീയം ഏറ്റവും ശക്തമായി പറഞ്ഞ്‌ വച്ചത്‌.

നാടിന്റെ സഹിഷ്ണുതയിൽ മാറ്റമുണ്ടെന്ന് പറഞ്ഞ ആമിർ ഖാനും മീഡിയ പ്രൊപ്പഗണ്ടിസ്റ്റിന്റെ മുഖത്ത്‌ നോക്കി ‘അയാം ഗ്വിൽറ്റി, ഹാംഗ്‌ മീ അർണബ്‌’ എന്നാക്രോശിച്ച ഓം പുരിയും രാജ്യം വിട്ട്‌ പാലായനം നടത്തുന്നതിനിടയിലല്ല അതൊന്നും ചെയ്തത്‌.

കോടികൾ പ്രതിഫലം ലഭിക്കേണ്ട ഫെയർനസ്‌ ക്രീം പരസ്യത്തിൽ നിന്ന് മനുഷ്യരെ അന്തർമുഖരാക്കുന്ന ഈ പണിക്ക്‌ താനില്ലെന്ന് പറഞ്ഞ പിന്മാറിയ, ഇരുവട്ടം ദേശീയ അവാർഡ്‌ വിന്നറായ, നെപ്പോട്ടിസത്തേയും പാട്രിയാർക്കിയേയും കാർക്കിച്ചു തുപ്പി, ബോളിവുഡിൽ വിപ്ലവം നടത്തുന്ന കങ്കണയുടെ മൂലധനം, അവർ തിരിച്ചറിയുന്ന രാഷ്ട്രീയം തുറന്ന് പറയാനുള്ള ധൈര്യം മാത്രമാണ്.

സംസ്ഥാന അവാർഡ്‌ പ്രഖ്യാപനം വന്ന് അഞ്ച് മിനിറ്റ് നീണ്ട ബൈറ്റിൽ വിനായകൻ പറഞ്ഞത്‌ അയാൾക്ക് അവാർഡ്‌ നേടിക്കൊടുത്ത സിനിമയോളം, അല്ലെങ്കിൽ അതിനുമപ്പുറം തീവ്രതയുള്ള കീഴാള രാഷ്ട്രീയമായിരുന്നു. വികസനത്തിന്റെ പാലത്തിനടിയിൽ പുറമ്പോക്കാവുന്ന ജീവിതങ്ങളെപറ്റിയായിരുന്നു.

തിന്ന് എല്ലിന്റെ ഇടയിൽ കുത്തിക്കയറിയിട്ടല്ല സംഘപരിവാറിനു ശക്തമായ സ്വാധീനമുള്ള ഒരിടത്ത്‌ അർദ്ധനഗ്നനായി തെരുവിൽ ഏകാംഗാഭിനയം നടത്തി, അലമുറയിട്ട്‌ അലൻസിയർ ശബ്ദമുണ്ടാക്കിയത്‌.

സിനിമ വ്യവസായത്തിലെ ഏറ്റവും പവർഫുൾ ആയ ഒരുത്തന്റെ വൈരാഗ്യബുദ്ധിയിൽ ആക്രമിക്കപ്പെട്ട നടി അതിജീവനം നടത്തുമ്പോൾ, ക്രൗ‌ഡ്‌പുളളേർസും ഫാൻ ബേസുമുള്ള മറ്റു ‘നടന്മാർ’ ജയിലിലായ കുറ്റാരോപിതനു നിരുപാധിക പിന്തുണ നൽകുമ്പോൾ, സംസ്ഥാന അവാർഡ്‌ വേദിയിൽ ‘അവൾക്കൊപ്പം’ എന്ന ബാനർ റിമ കല്ലിങ്കൽ ഉയർത്തിക്കാണിച്ചത്‌, ആഷിഖ്‌ അബു അവൾക്കായി സംസാരിക്കുന്നത്‌ ഇനി അവരുടെ വഴികൾ കൂടുതൽ ദുഷ്കരമാകുമെന്ന് അറിഞ്ഞുകൊണ്ട്‌ തന്നെയാവണം. ചുവന്ന ബാനറിൽ വെള്ളയക്ഷരം കൊണ്ടെഴുതിയ നിലപാടുയർത്തിപ്പിടിച്ച്‌ റിമ നടത്തിയ രാഷ്ട്രീയ പ്രഖ്യാപനത്തോളം ഉശിരുള്ള നിലപാട്‌ ഇനിയാരുകാണിക്കാനാണ്?

അത്‌ഭുതമൊന്നും ഇല്ല. മുകളിൽ പറഞ്ഞ പേരുകൾ എല്ലാം കലാകാരന്മാരുടേതാണ്. കലാകാരന്മാർ കല കൊണ്ട്‌ കാലത്തോട്‌ കലഹിക്കുന്നവരായിരിക്കണം. കുറഞ്ഞത്‌ അന്നാട്ടിൽ തനിക്ക്‌ ചുറ്റും നടക്കുന്ന, സഹജീവികളെ ബാധിക്കുന്ന പ്രശങ്ങളെക്കുറിച്ച്‌ ബോധവാന്മാരായിരിക്കണം. അഭിപ്രായം തുറന്ന് പറയാൻ, ശബ്ദിക്കാൻ ആർജവമുള്ളവരായിരിക്കണം. അവർ അത്‌ മാത്രമേ ചെയ്തിട്ടുള്ളൂ. വിട്ട്‌ പോയ പേരുകളുണ്ട്‌. എങ്ങനായാലും മുകളിൽ പറഞ്ഞവരെ ഒറ്റവാക്കിൽ കലാകാരന്മാർ എന്ന കളത്തിൽ നിർത്താം.

ദൈവം ഇന്നാട്ടിൽ കൊറേ സിനിമാക്കാരെ ഇറക്കിതന്നിട്ടുണ്ട്‌. ആൽഫാ മെയിൽ റോളുകളിൽ ആറാടി, നായികേടെ കുത്തിനു പിടിച്ച്‌ അവളുടെ പ്രേമവും ദേഹവും ജയിച്ച്‌, നാട്ടുകാരേം രക്ഷിച്ച്‌ കയ്യടി വാങ്ങുന്ന സൂപ്പർസ്റ്റാറുകളും ജനപ്രിയന്മാരും.

കൂടെ വർക്ക്‌ ചെയ്യുന്ന ഒരു സിനിമാസംവിധായകനെ സംഘപരിവാർ ആക്രമിച്ചപ്പോ, പാകിസ്ഥാനിലേക്ക്‌ അയക്കാൻ ഒരുക്കം നടത്തുമ്പോ മനോരമയുടെ ന്യൂസ്മേക്കർ ഹോട്ട്‌ സീറ്റിലിരുന്ന് ‘ചിലരുടെ ജീവിതത്തിൽ ചിലത്‌ സംഭവിക്കണമെന്നുണ്ട്‌. അതങ്ങ്‌ സംഭവിച്ചെന്ന് കരുതിയാൽ മതി’ എന്ന് ഉളുപ്പില്ലാതെ മീശപിരിച്ചുകൊണ്ട്‌ പറയുന്ന, കൂടെ വർക്ക്‌ ചെയ്ത നടിയെ പീഡിപ്പിച്ച സഹപ്രവർത്തകനെ അറസ്റ്റ്‌ ചെയ്ത ദിവസം പത്രക്കാരുടെ മുന്നിലിരുന്ന് പടം വരച്ചിരുന്ന ഒരു മുരുകനുണ്ട്‌.

അതേ വേദിയിൽ ഉറക്കം നടിച്ചിരുന്ന, കൊള്ളാവുന്ന ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റിന്നുവരെ ഉരിയാടാത്ത, മൂന്ന് വട്ടം നാഷണൽ അവാർഡ്‌ വാങ്ങിയ, സൽഗുണസമ്പന്നനായ, ധീരനായ ഒരു മമ്മൂക്കയുണ്ട്‌.

amma, innocent

ദിലീപിനെപ്പോലൊരാളെ  ജയിലിൽ പോയി കാണുന്ന ഒരു ജയറാം, സ്വന്തം മകൾ മരിച്ചിട്ട്‌ കരയാതെ ദിലീപിനെ ജയിലിൽ കണ്ട്‌ കരഞ്ഞെന്ന് അഭിമാനത്തോടെ വെളിപ്പെടുത്തുന്ന സംവിധായകൻ ജോഷി, ചക്ക തിന്നാൽ എയ്ഡ്സ്‌ മാറുമെന്നും ദിലീപ്‌ അതിനാൽ നിരപരാധിയാണെന്നും പറയുന്ന  ശ്രീനിവാസൻ, നടിയെ നുണപരിശോധനക്ക്‌ വിധേയയാക്കണം എന്ന് വരെ പറയുന്ന അനേകം വരുന്ന മറ്റു വാലുകൾ, എന്റെ മൗനത്തിനർത്ഥമുണ്ടെന്ന് പറഞ്ഞ്‌ കൈ കഴുകിയ ജോയ്‌ മാത്യു, നിന്നെ എനിക്കറിയാടാ എന്ന് മൊഴിഞ്ഞ ലാൽ ജോസ്‌, ഇടതുപക്ഷത്തിന്റെ ലേബലിൽ എംപിയും എംഎൽഎയുമായി ഇടതേതാ വലതേതാണെന്നറിയാതെ വായിട്ടലക്കുന്നവരെ തുടങ്ങി നടന്മാരെന്ന് മാത്രം വിളിക്കാൻ കഴിയാവുന്ന കുറേ പേർ.

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പ്രകാശ്‌ രാജും പിന്നീട്‌ എന്റെ നാടിങ്ങനെയായിരുന്നില്ല എന്ന് ലോകം കണ്ട ഏറ്റവും മികച്ച സംഗീതജ്ഞരിലൊരാളായ എ.ആർ.റഹ്മാനും പ്രതികരിച്ചത്‌ കഴിഞ്ഞ ആഴ്ചയാണ്. എ.ആർ.റഹ്മാന്റെ പേരു ബാധ്യതയാകുന്നതുകൊണ്ട്‌ തന്നെ, അയാളോട്‌ രാജ്യം വിട്ട്‌ പോകാൻ ആഹ്വാനങ്ങൾ അന്തരീക്ഷത്തിലുണ്ട്‌. ഇന്നാട്ടിലെ എത്ര നിഷ്പക്ഷർ അതൊന്നും ശ്രദ്ധിച്ചെന്നറിയില്ല. ലോകം മുഴുവൻ അറിയുന്ന ഒരു കലാകാരൻ സ്വന്തം അഭിപ്രായം പറഞ്ഞതിനു രാജ്യം വിട്ട്‌ പോകാനുള്ള അലർച്ചക്കെതിരെ ഇന്നാട്ടിലെ, മേൽപ്പറഞ്ഞ ഒരു സൂപ്പർസ്റ്റാറുകളും ഒരു വാക്ക്‌ പ്രതികരിച്ച്‌ കണ്ടില്ല. പ്രതികരിക്കില്ല. ഒരു കരിയറിൽ നേടാവുന്നതിന്റെ പരമാവധി നേടിയാലും അതിന്റെ ഉന്നതിയിലെത്തിയാലും അനീതിക്കെതിരെ, ശരികേടിനെതിരെ വാ തുറക്കാൻ തക്ക തന്റേടമൊന്നും ഇന്നാട്ടിലെ താരങ്ങൾക്കില്ല.

സ്വന്തം കൂട്ടത്തിലൊരാളെ ഭരണകൂടമോ അതിന്റെ പിണിയാളുകളൊ വേട്ടയാടിയാൽ വിധിയെന്നോർത്ത്‌ സമാധാനിക്കാനല്ലാതെ, ഒരു തോളൽപ്പം ചരിച്ച്‌ അതിങ്ങനെയാകുമ്പോൾ ഇതങ്ങനെയാവണമല്ലോ എന്ന് വാലും തലയുമില്ലാതെ പറഞ്ഞ്‌ വേട്ടയാടുന്നവരെ പിണക്കാതെ നിൽക്കാനല്ലാതെ, തിരിഞ്ഞ്‌ നിന്ന് ഒരു വാക്കുരിയാടാനുള്ള ‘ആണത്തം’ ഒന്നും ഈ വങ്കന്മാർക്കില്ല.

സെൻസർ ബോർഡുകളുടെ ആർഷഭാരതസംസ്കാരം സിനിമയിൽ കത്രിക വക്കാൻ തുടങ്ങീട്ട്‌ നാളുകളായി. എതിർത്ത്‌ പറയാനുള്ള പാങ്ങില്ലവർക്ക്‌. മരിച്ച്‌ സൂപ്പർ സ്റ്റാർ കട്ടിലൊഴിയും വരെ, അല്ലെങ്കിൽ സ്മൃതികോശങ്ങൾ നശിച്ച്‌ സ്ഥിരബുദ്ധിയില്ലാതാകും വരെ അവരോട്‌ ‘ആ മീശയൊന്ന് പിരിക്കാമോയെന്നോ’ അല്ലെങ്കിൽ ‘ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്നോ’ ആവർത്തിച്ചാവർത്തിച്ച്‌ ചോദിക്കാം. പിന്നാലെ വരുന്നവരോട്‌, ഏട്ടനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചോ, ഇക്കായോട്‌ തോന്നിയ ഭയഭക്തി ബഹുമാനത്തെക്കുറിച്ചോ ചോദിക്കാം. അതിനപ്പുറം ഒന്നും അവരോട്‌ ചോദിക്കരുത്‌.

രാഷ്ട്രീയമില്ലാതെ കലയോ രാഷ്ട്രീയബോധമില്ലാതെ കലാകാരനോ ഉണ്ടാവില്ല. നിർഭാഗ്യവശാൽ സർവകലകളുടേയും സംഗമമായ ഇന്നാട്ടിലെ സിനിമകളോളം അധഃപതിച്ച രാഷ്ട്രീയം മറ്റൊരു കലയും ജനങ്ങളിലേക്ക്‌ കുത്തിവച്ചിട്ടില്ല, പ്രതിലോമ രാഷ്ട്രീയമല്ലാതെ മറ്റൊന്നും അതിലെ നായകർ പറഞ്ഞിട്ടില്ല, സ്ത്രീവിരുദ്ധതയല്ലാതെ ആഘോഷിച്ചിട്ടില്ല, കീഴാളരെ ചേർത്തുനിർത്തിയിട്ടില്ല, സമത്വമെന്ന ഒന്ന് കേട്ടിട്ടുപോലുമില്ല.

ഈ കെട്ടകാലത്തും ബോക്സോഫീസ്‌ കളക്ഷനും സ്വകാര്യചാനൽ അവാർഡ്‌ നിശകളിലെ പുറം ചൊറിയലുകളിലും അഭിരമിക്കുന്ന അവർക്ക്‌ ഒരു നടനെന്നതിലുപരി, ഒരു സിനിമാക്കാരൻ എന്നതിലുപരി ഒരു കലാകാരൻ എന്ന ലേബൽ പരിഹാസ്യമാകുന്നത്‌ അതുകൊണ്ടാണ്.

രാജ്യത്ത്‌ ഭരണഘടനയെ വരെ തിരുത്തിയെഴുതുന്ന ശക്തികളെ പ്രതിരോധിക്കുന്ന, ആ ഭരണകൂടത്തിനെതിരെ പ്രതിപക്ഷമായി വർത്തിക്കുന്ന ഈ സംസ്ഥാനത്തിന്,  എത്രയൊക്കെ സ്വയം വിമർശനം നടത്തിയാലും പ്രതീക്ഷയുടെ കൊച്ചു തുരുത്തായ കേരളത്തിന്, രാഷ്ട്രീയബോധ്യങ്ങൾ ആദ്യം തിരിച്ചറിയുന്ന മലയാളികൾക്ക്‌,  മേൽപ്പറഞ്ഞയാ സൂപ്പർ സ്റ്റാറുകൾ അലങ്കാരമല്ല എന്നുള്ളത്‌ ഉറപ്പാണ്.

സ്വന്തം കഥാപാത്രങ്ങൾ പരീക്ഷിച്ച്‌ വിജയിച്ച ശരീരത്തെ കീഴ്പ്പെടുത്തി പെണ്ണിനെ ജയിക്കുന്ന തന്ത്രങ്ങൾ ഉറച്ച്‌ പോയ മനസുകൾക്ക്‌ ഒരിക്കലും അവൾക്കൊപ്പം എന്ന് പറയാനുള്ള കരുത്തുണ്ടാവില്ല. ‘വെറും’ പെണ്ണായവളെ ആ പാഠം പഠിപ്പിക്കാൻ ശ്രമിച്ച്‌ തോറ്റമ്പിയ കൂട്ടുകാരനൊപ്പമല്ലാതെ സൂപ്പർ സ്റ്റാറുകൾക്കും ജനപ്രിയന്മാർക്കും നിൽക്കാനുമാവില്ല. അതുമറിയാം.

പക്ഷേ, നഷ്ടങ്ങളൊരുപാട്‌ മുന്നിൽ കണ്ടിട്ടും അവൾക്കൊപ്പം എന്നുറക്കെ പറയാൻ ആർജവം കാണിച്ചവരെ ഞങ്ങൾ അഭിനന്ദിക്കുന്നുണ്ട്‌, ആഘോഷിക്കുന്നുണ്ട്‌. ഒറ്റപ്പെട്ടതെങ്കിലും തെളിമയുള്ള ആ ശബ്ദങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നുണ്ട്‌. എങ്ങനെ ആയാലും താരരാജാക്കന്മാരേ, തീർച്ചയായും ഈ കാലഘട്ടം, ഈ നാട്‌, ഈ ജനത നിലപാടുള്ളവരെ ആഗ്രഹിക്കുന്നുണ്ട്‌. നിങ്ങളിൽ നിന്ന് കുറച്ചെങ്കിലും ഉളുപ്പ്‌ ആവശ്യപ്പെടുന്നുണ്ട്‌, ഉറപ്പായും നിങ്ങളേക്കാൾ കൊള്ളാവുന്നവരെ അവർ അർഹിക്കുന്നുണ്ട്‌.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook