തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ മരത്തില്‍ കുടുങ്ങിയ പ്രതിയെ വലവിരിച്ച് വീഴ്ത്തി പൊലീസ്. കോട്ടയം സ്വദേശിയും കൊലക്കേസ് പ്രതിയുമായ സുഭാഷ് എന്നയാളാണ് ജയില്‍ ചാടാനായി പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിയത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.
ജീവനക്കാര്‍ പുറകെ എത്തിയതോടെ സുഭാഷ് മരത്തിലേക്ക് കയറുകയായിരുന്നു. ഉയരമുള്ള മരത്തിലായതിനാല് സുഭാഷ് കുടുങ്ങുകയും ചെയ്തു.ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും ഇയാളെ താഴെ ഇറക്കാനുള്ള ശ്രമം നടത്തി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മരത്തില്‍ കയറിയും പ്രതിയെ അനുനയിപ്പിക്കാനുള്ള പൊടിക്കൈകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
പിന്നീട് സുഭാഷിന് ചാടാനായി പൊലീസുകാര്‍ വലവിരിച്ച് താഴെ കാത്തിരുന്നു. സുഭാഷിനോട് താഴേക്ക് ചാടാനായി പല അടവുകളും പ്രയോഗിച്ചു. ഒടുവില്‍ മരച്ചില്ലകള്‍ ഒടിച്ച് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സുഭാഷിനെ വലയിലേക്ക് തള്ളിയിടുകയായിരുന്നു. പരിക്കുകള്‍ ഒന്നും പറ്റാതെ തന്നെ സുഭാഷിനെ വലയില്‍ കുരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായി.
ജഡ്ജി ജയലില്‍ എത്തണമെന്നും, തനിക്ക് ജാമ്യം നൽകണമെന്നുമാണ് സുഭാഷ് ഉന്നയിച്ച ആവശ്യം. കൊലക്കേസില്‍ പ്രതിയായ സുഭാഷിനെ കഴിഞ്ഞ ദിവസമാണ് പൂജപ്പുരയിലെത്തിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നതായാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.