എബിവിപി കേരളത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ മഹാറാലിക്ക് എത്തിയ ഉത്തരേന്ത്യക്കാര്‍ കമ്മ്യൂണിസ്റ്റ് വിപ്ലവഗാനങ്ങള്‍ പാടുന്നതിന്റെ വിഡിയോ വൈറലാകുന്നു. കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്ക് ഇടയിലാണ് ഇവര്‍ വിപ്ലവഗാനങ്ങള്‍ ആലപിക്കുന്നത്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്രയില്‍ അന്യസംസ്ഥാനക്കാര്‍ സിപിഎമ്മിന് ജയ് വിളിച്ചതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മഹാറാലിയില്‍ പങ്കെടുക്കാനാണ് രാജസ്ഥാനില്‍നിന്നുള്ള എബിവിപി പ്രവര്‍ത്തകര്‍ നേത്രാവതി എക്സ്പ്രസില്‍ മുംബൈയില്‍ നിന്നും കഴിഞ്ഞദിവസം കയറിയത്. ഇതേ ട്രെയിനിയില്‍ പനവേല്‍ ജംങ്ഷനില്‍ നിന്നും മുംബൈയിലെ പരിപാടികള്‍ കഴിഞ്ഞ് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് പ്രവര്‍ത്തകരും കയറി.

എബിവിപി പ്രവര്‍ത്തകര്‍ ട്രെയിനില്‍ ജയ് വിളികള്‍ ആരംഭിച്ചതോടെ അടുത്ത കംപാര്‍ട്ട്മെന്റില്‍ നാടന്‍പാട്ട് സംഘം വിപ്ലവഗാനങ്ങള്‍ ആലപിക്കാനും തുടങ്ങി. ഇതില്‍ ആകൃഷ്ടരായ എബിവിപി സംഘം ജയ് വിളി അവസാനിപ്പിച്ച് കൂട്ടത്തോടെ ഇപ്റ്റയുടെ പ്രവര്‍ത്തകരോടൊപ്പം വിപ്ലവഗാനം ആലപിക്കുകയായിരുന്നു. പുന്നപ്ര, വയലാര്‍, കയ്യൂര്‍ രക്തസാക്ഷികളെ ഉള്‍പ്പെടെ സ്മരിക്കുന്ന വിപ്ലവഗാനങ്ങളാണ് 200 പേരോളം വരുന്ന എബിവിപിക്കാര്‍ നാടന്‍പാട്ട് സംഘത്തോടൊപ്പം ചേര്‍ന്ന് പാടിയത്.

പാട്ടിന്റെ വരികള്‍ കൃത്യമായി ആലപിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഈണത്തിനും താളത്തിനുമൊപ്പം രാജസ്ഥാനികള്‍ ആവുംവിധം പാടി. ആലപ്പുഴ നാട്ടരങ്ങ് പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഇതിന്റെ വിഡിയോ നിമിഷങ്ങള്‍ക്കകം വൈറലാകുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ