scorecardresearch

മുംബൈയിലെ തെരുവുകളില്‍ ആരാധകര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ‘മിസ്റ്റര്‍ 360’; വീഡിയോ

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറേയും എബിഡി സന്ദര്‍ശിച്ചിരുന്നു

മുംബൈയിലെ തെരുവുകളില്‍ ആരാധകര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ‘മിസ്റ്റര്‍ 360’; വീഡിയോ

മുംബൈ: ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിദേശതാരം ആരാണെന്ന് ചോദിച്ചാല്‍ ഭൂരിഭാഗം പേരും പറയുക എബി ഡിവില്യേഴ്സ് എന്നായിരിക്കും. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂര്‍ താരമായിരുന്ന എബിഡി 2018-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. വിരമിച്ചിട്ട് നാല് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും താരത്തിന്റെ ആരാധകക്കൂട്ടത്തിന് കുറവില്ല.

ഏതെങ്കിലും ഒരു അന്താരാഷ്ട്ര താരത്തിനൊപ്പം ക്രിക്കറ്റ് കളിക്കുക എന്നത് ഏതൊരു കളിപ്രേമിയുടേയും ആഗ്രഹമാണ്. അത് എബിഡി കൂടിയായാല്‍പ്പിന്നെ എന്ത് വേണം. മുംബൈയിലെ തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന എബിഡിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ടി ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ച് ആസ്വദിച്ച് കളിക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറേയും എബിഡി സന്ദര്‍ശിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും എബിഡി ഇൻസ്റ്റഗ്രാമില്‍ പങ്കിട്ടു.

“സച്ചിനൊപ്പം കുറച്ച് മണിക്കൂറുകള്‍ ചിലവഴിക്കാന്‍ സാധിച്ചു. ഒരു അഭിമുഖം എടുക്കാമെന്നാണ് കരുതിയത്. എന്നാല്‍ ഒരു കേള്‍വിക്കാരാനായി മാത്രം മാറേണ്ടി വന്നു. നിങ്ങളുടെ വിലപ്പെട്ട സമയത്തിന് നന്നി മാസ്റ്റര്‍ ബ്ലാസ്റ്റര്‍,” എബിഡി കുറിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റുകളില്‍ നിന്ന് 22 സെഞ്ചുറിയടക്കം 8,765 റണ്‍സാണ് വലം കയ്യന്‍ ബാറ്റര്‍ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 9,577 റണ്‍സും സ്വന്തമാക്കി. 25 തവണയാണ് ഏകദിനത്തില്‍ മൂന്നക്കം കടന്നത്. 78 ട്വന്റി 20 കളിച്ച എബിഡിയുടെ ബാറ്റില്‍ നിന്ന് 1,672 റണ്‍സാണ് പിറന്നത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Ab de villiers plays street cricket in mumbai with fans video